തിരുവനന്തപുരം: 10ാം ക്ലാസ് വരെ അടിസ്ഥാന യോഗ്യതയുള്ളവർക്കായി ഇൗമാസം 20, 25, മാർച്ച് ആറ് തീയതികളിൽ നടത്തുന്ന പൊതു പ്രാഥമിക പരീക്ഷ എഴുതേണ്ട ഉദ്യോഗാർഥികളിൽ ഗൗരവതരമായ അസൗകര്യമുള്ളവർക്ക് ഉപാധികളോടെ മാർച്ച് 13ന് പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് പി.എസ്.സി.
പരീക്ഷാ ദിവസങ്ങളിലോ, തൊട്ടടുത്ത ദിവസങ്ങളിലോ പ്രസവ തീയതി വരുന്ന/പ്രസവം കഴിഞ്ഞ സ്ത്രീകൾ, കോവിഡ് പോസിറ്റിവായവർ, ഗുരുതരമായ അപകടം സംഭവിച്ചവർ, അംഗീകൃത യൂനിവേഴ്സിറ്റികളുടെ പരീക്ഷകളോ സർക്കാർ സർവിസിലേക്കുള്ള മറ്റ് പരീക്ഷകളോ ഉള്ളവർ എന്നിവർ ഇത് സംബന്ധിച്ച സ്വീകാര്യമായ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിച്ചാൽ ഇക്കാര്യം പരിഗണിക്കും.
ഉദ്യോഗാർഥികൾ jointce.psc@kerala.gov.in എന്ന ഇ മെയിൽ ഐ.ഡിയിലാണ് അപേക്ഷ നൽകേണ്ടത്. പരീക്ഷാ തീയതിക്കുമുമ്പ് ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.