Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിഎം കെയേഴ്‌സ് സ്‌കോളർഷിപ്പിന് ആധാർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ; ആധാർ ഇല്ലെങ്കിലും ആനുകൂല്യം മുടങ്ങില്ല

text_fields
bookmark_border
പിഎം കെയേഴ്‌സ് സ്‌കോളർഷിപ്പിന് ആധാർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ; ആധാർ ഇല്ലെങ്കിലും ആനുകൂല്യം മുടങ്ങില്ല
cancel

ന്യൂഡൽഹി: ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കുള്ള പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ സ്‌കീമിന് കീഴിലെ സ്‌പെഷ്യൽ സ്‌കോളർഷിപ്പിന് ആധാർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം ഒക്ടോബർ 14ന് പുറത്തിറക്കി.

പുതിയ ഉത്തരവ് പ്രകാരം സ്‌കോളർഷിപ്പ് ആനുകൂല്യം ലഭിക്കുന്നതിന് ഗുണഭോക്താക്കൾ ആധാർ ഓതന്റിക്കേഷൻ നടത്തുകയോ ആധാർ നമ്പർ കൈവശമുണ്ടെന്നതിന്റെ തെളിവ് ഹാജരാക്കുകയോ ചെയ്യണം.

എന്നാൽ ആധാർ ഇല്ലാത്തതിന്റെയോ ഓതന്റിക്കേഷൻ പരാജയപ്പെടുന്നതിന്റെയോ പേരിൽ ഒരു കുട്ടിക്കും ആനുകൂല്യം നിഷേധിക്കില്ലെന്ന് വിജ്ഞാപനത്തിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ കുട്ടിയുടെ വ്യക്തിത്വവും മാതാപിതാക്കളുമായോ നിയമപരമായ രക്ഷിതാവുമായോ ഉള്ള ബന്ധവും സ്ഥിരീകരിക്കുന്ന മറ്റ് രേഖകൾ പരിഗണിച്ച് ആനുകൂല്യം നൽകും.

ആധാർ ഇല്ലാത്തവർക്ക് എന്ത് ചെയ്യണം?

ആധാർ നമ്പർ ഇല്ലാത്ത ഗുണഭോക്താക്കൾ ഉടൻ തന്നെ എൻറോൾമെന്റിന് അപേക്ഷിക്കണം. 18 വയസിന് താഴെയുള്ള കുട്ടികളുടെ അപേക്ഷ മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാവിന്റെയോ സമ്മതത്തോടെ മാത്രമേ നൽകാൻ കഴിയൂ. ഇതിനായി വകുപ്പ് തന്നെ സഹായം നൽകും.

ആധാർ നമ്പർ ലഭിക്കുന്നത് വരെ കുട്ടികൾക്ക് എൻറോൾമെന്റ് ഐഡി അടങ്ങിയ സാക്ഷ്യപത്രവും പ്രായം തെളിയിക്കുന്ന രേഖയും ഹാജരാക്കിയാൽ മതി. ജനന സർട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്‌പോർട്ട്, പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവ ഇതിനായി നൽകാം.

കൂടാതെ മാതാപിതാക്കളുമായുള്ള ബന്ധം തെളിയിക്കാൻ ഫോട്ടോ പതിച്ച രേഖയും വേണം. റേഷൻ കാർഡ്, പാസ്‌പോർട്ട്, ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ ഇതിനായി പരിഗണിക്കും. ദത്തെടുത്ത കുട്ടികളാണെങ്കിൽ ദത്തെടുക്കൽ ഉത്തരവോ നിയമപരമായ രക്ഷാകർതൃത്വം തെളിയിക്കുന്ന രേഖയോ നൽകണം.

വിദേശ വിദ്യാർത്ഥികൾക്ക് ഇളവ്

വിദേശ പൗരന്മാരായ കുട്ടികൾക്ക് ആധാർ നിർബന്ധമല്ല. ഒസിഐ കാർഡ് ഉടമകൾക്ക് ആ കാർഡ് ഹാജരാക്കിയാൽ മതി. ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനുമായി കേന്ദ്ര സർക്കാർ നൽകുന്ന കാർഡാണ് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ്. തിബറ്റൻ അഭയാർത്ഥികൾക്ക് എഫ്ആർആർഒ നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും നേപ്പാൾ, ഭൂട്ടാൻ സ്വദേശികൾക്ക് പാസ്പോർട്ടും ഹാജരാക്കിയാൽ മതി.

ബയോമെട്രിക് തകരാർ മൂലം ആധാർ വെരിഫിക്കേഷൻ പരാജയപ്പെട്ടാൽ ഒടിപി അധിഷ്ഠിത ഓതന്റിക്കേഷൻ ഉൾപ്പെടെയുള്ള മറ്റ് മാർഗങ്ങളും വകുപ്പ് ലഭ്യമാക്കും. വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM Cares Scholarship Aadhaar
Next Story