ടെക് ഭീമൻമാരിലെ മിടുക്കൻമാർ രാജ്യത്തെ മൂന്നാംനിര കോളജുകളിൽ നിന്ന്, ഐ.ഐ.ടി, ഐ.ഐ.എം പ്രൗഡി മങ്ങുന്നോ.?
text_fieldsന്യൂഡൽഹി: ആപ്പിളും എൻവിഡിയയുമടക്കം ടെക് ഭീമൻമാർ ഇന്ത്യയിൽ തെരഞ്ഞെടുക്കുന്ന മിടുക്കൻമാരിൽ വലിയ പങ്ക് മൂന്നാം നിര കോളജുകളിൽ നിന്നെന്ന് സർവേ. സോഹോയിലും ആപ്പിളിലും എൻവിഡിയയിലുമായി ജോലി ലഭിക്കുന്നവരിൽ 34 ശതമാനവും രാജ്യത്ത് ‘പ്രമുഖരല്ലാത്ത’ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം പൂർത്തിയാക്കിയവരാണെന്ന് സർവേ വ്യക്തമാക്കുന്നു.
ഐ.ഐ.ടികളും ഐ.ഐ.എമ്മുകളുമടക്കം രാജ്യത്തിൻറെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ഗൗരവതരമായ ചോദ്യങ്ങളുയർത്തുന്നതാണ് സർവേ. വെരിഫൈയ്ഡായ തൊഴിലാളികൾക്ക് തങ്ങളുടെ പേര് വെളിപ്പെടുത്താതെ പരസ്പരം ആശയവിനിമയം നടത്താൻ സഹായിക്കുന്ന ബ്ളൈൻഡ് എന്ന ആപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിലാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.
സെപ്റ്റംബർ 17മുതൽ 24 വരെ 1,602 ജീവനക്കാർക്കിടയിലാണ് സർവേ സംഘടിപ്പിച്ചത്. ഐ.ടി വിദഗ്ദരുടെ കോളജ് പശ്ചാത്തലം ജോലിയെ എങ്ങിനെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കുകയായിരുന്നു സർവേയുടെ ലക്ഷ്യം. സോഹോ, ആപ്പിൾ, എൻവിഡിയ, പേപാൽ എന്നിങ്ങനെ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും.
നാഷ്ണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ്) 2025 പ്രകാരം രാജ്യത്തെ കോളജുകൾ നാല് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഐ.ഐ.ടി, ഐ.ഐ.എസ്.സി, ഐ.ഐ.എം, ബിറ്റ്സ് പിലാനി എന്നിവയാണ് ഒന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നത്. എൻ.ഐ.ടി, ഡി.റ്റി.യു, ജാദവ്പൂർ സർവകലാശാല എന്നിവ രണ്ടാം വിഭാഗത്തിലും സംസ്ഥാന, സ്വകാര്യ സർവകലാശാലകൾ മൂന്നാം വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നാലാം വിഭാഗത്തിൽ പെടുന്നത്.
പരമ്പരാഗത രീതിയിൽ പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളായ വിസയും ഗോൾഡ്മാൻ സാച്ച്സുമടക്കമുള്ളവർ കോളജുകളുടെ പെരുമക്ക് ഇപ്പോഴും പരിഗണ നൽകുന്നുണ്ടെന്ന് സർവേ പറയുന്നു. അതേസമയം, വൻകിട ബഹുരാഷ്ട്ര ടെക് കമ്പനികളടക്കമുള്ളവർ തൊഴിൽ പ്രാവീണ്യത്തിന് കൂടുതൽ ഊന്നൽ നൽകിയുള്ള നിയമന രീതിയിലേക്ക് ചുവടുമാറ്റുന്നതായും സർവേ ചൂണ്ടിക്കാണിക്കുന്നു.
സർവേയിലെ മറ്റ് കണ്ടെത്തലുകൾ
ടയർ-1, ടയർ-2 കോളേജുകളിൽ നിന്നുള്ള ഭൂരിഭാഗം ആളുകളും ക്യാമ്പസ് റിക്രൂട്ട്മെന്റാണ് തങ്ങളുടെ കരിയർ രൂപപ്പെടുത്തിയതെന്ന് സമ്മതിക്കുന്നു. എന്നാൽ, ടയർ-3 പൂർവ്വ വിദ്യാർത്ഥികളിൽ 59 ശതമാനവും ടയർ-4 പൂർവ്വ വിദ്യാർത്ഥികളിൽ 45 ശതമാനവും വിശ്വസിക്കുന്നത് കോളജ് എന്നത് ഒരു റെസ്യൂമെയിലെ മറ്റൊരു വരി മാത്രമാണെന്നാണ്.
ഗോൾഡ്മാൻ സാച്ച്സ്, വിസ, അറ്റ്ലാസിയൻ, ഒറാക്കിൾ, ഗൂഗിൾ തുടങ്ങിയ പരമ്പരാഗത ബഹുരാഷ്ട്ര കമ്പനികൾ സാധാരണയായി ക്യാമ്പസ് പ്ലേസ്‌മെന്റുകളിലൂടെയാണ് രാജ്യത്തെ വലിയ പങ്ക് നിയമനങ്ങളും നടത്തുന്നത്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ ശരാശരി 18 ശതമാനം പേർ ടയർ -3 കോളേജുകളിൽ നിന്നാണ് വരുന്നതെന്ന് വെളിപ്പെടുത്തുന്നതാണ് സർവേ.
എ.ഐ അടക്കം സാങ്കേതിക വിദ്യയിലെ കുതിച്ചുചാട്ടം തൊഴിൽമേഖലയിൽ വലിയ ഭീഷണി ഉയർത്തുന്നുവെന്ന വാർത്തകൾക്കിടെയാണ് സർവേ വരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തിനപ്പുറം വിദ്യാർഥികളുടെ കഴിവുകൾക്ക് ഊന്നൽ നൽകുന്ന തെരഞ്ഞെടുപ്പിലേക്കുള്ള തൊഴിൽ സ്ഥാപനങ്ങളുടെ ചുവടുമാറ്റവും വ്യക്തമാക്കുന്നതാണ് സർവേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

