കണ്ണൂർ: കോവിഡ് -19 ഭീഷണി സാഹചര്യത്തിൽ ഉേദ്യാഗാർഥികൾക്ക് അഡ്വൈസ് മെമ്മോ നൽകുന്നത് പി.എസ്.സി ഇൗമാസം 31 വരെ നിർത്തി. എത്രകാലം നിരോധനം തുടരുമെന്ന് വ്യക്തമല്ല. ഇത് നിയമനം വൈകാനിടയാക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ.
നേരത്തേ തപാൽ മാർഗമായിരുന്നു അഡ്വൈസ് മെമ്മോയും നിയമന ഉത്തരവും നൽകിയിരുന്നത്. അഞ്ചുമാസത്തോളമായി ഒാഫിസിൽ ഹാജരായി മെമ്മോ കൈപ്പറ്റണമെന്ന കത്താണ് അയക്കുന്നത്. ഇപ്പോൾ ഉദ്യോഗാർഥികളെ നേരിട്ട് ഒാഫിസിലേക്ക് വരുത്തേണ്ടതില്ലെന്നാണ് കമീഷൻ തീരുമാനം.
അതേസമയം, നേരത്തേയുണ്ടായിരുന്നതുപോലെ മെമ്മോ തപാലിൽ അയക്കുന്ന രീതി സ്വീകരിച്ചാൽ നിയമനം വൈകുന്നത് ഒഴിവാക്കാനാകും. അല്ലെങ്കിൽ വെബ്സൈറ്റിൽ ഉദ്യോഗാർഥികളുടെ പ്രൊഫൈൽ വഴി അഡ്വൈസ് മെമ്മോ ലഭ്യമാക്കിയാലും പ്രതിസന്ധി പരിഹരിക്കാം. പക്ഷേ, അഡ്വൈസ് മെമ്മോയും നിയമന ഉത്തരവും പ്രൊഫൈലിൽ ലഭ്യമാക്കാൻ പി.എസ്.സി തയാറായിട്ടില്ല.
തപാൽ വഴി അയച്ചാൽ യഥാർഥ ഉദ്യോഗാർഥികൾക്ക് കിട്ടുന്നില്ലെന്നും കൈപ്പറ്റുന്നത് യഥാർഥ ഉദ്യോഗാർഥികൾ തന്നെയാണെന്ന് ഉറപ്പിക്കാനാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആ രീതി നിർത്തിയത്. നേരിട്ട് ഹാജരാകണമെന്ന കമീഷൻ നിബന്ധന റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട, വിദേശത്ത് ഉൾപ്പെടെ കേരളത്തിനു പുറത്തുള്ളവരുടെ സർക്കാർ ജോലി അവസരം നഷ്ടപ്പെടുത്തുന്നതായും പരാതിയുണ്ട്.