Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightഐ.ഐ.ടി സ്വപ്നങ്ങൾക്ക്...

ഐ.ഐ.ടി സ്വപ്നങ്ങൾക്ക് ഇനി ജെ.ഇ.ഇ വേണ്ട, അഡ്വാൻസും വേണ്ട

text_fields
bookmark_border
ഐ.ഐ.ടി സ്വപ്നങ്ങൾക്ക് ഇനി ജെ.ഇ.ഇ വേണ്ട, അഡ്വാൻസും വേണ്ട
cancel

ലക്ഷക്കണക്കിന് വിദ്യാർഥികൾ എഴുതുന്ന, ഇന്ത്യയിലെത്തന്നെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ്. ഈ ഒരൊറ്റ പരീക്ഷയിൽ കാലിടറുന്നതുകൊണ്ട് മാത്രം ഐ.ഐ.ടി എന്ന സ്വപ്നം ഉപേക്ഷിക്കുന്നവരാണ് ഭൂരിഭാഗവും.

എന്നാൽ, കാലം മാറി! വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളും പുതിയ ദേശീയ വിദ്യാഭ്യാസ നയവും വന്നതോടെ, അതികഠിനമായ പ്രവേശന പരീക്ഷകളില്ലാതെത്തന്നെ ലോകോത്തര നിലവാരമുള്ള ഐ.ഐ.ടികളിൽ പഠിക്കാൻ ഇന്ന് സാധിക്കും. ഈ മാറ്റത്തിന് തിരികൊളുത്തിയത് ഐ.ഐ.ടി മദ്രാസ് ആണ്.

തുടക്കത്തിൽ ഡേറ്റ സയൻസിൽ മാത്രം ബി.എസ് പ്രോഗ്രാം ആരംഭിച്ച ഐ.ഐ.ടി മദ്രാസ്, ഇന്ന് നാലു വ്യത്യസ്ത ബിരുദ പ്രോഗ്രാമുകളാണ് നൽകുന്നത്. ലക്ഷക്കണക്കിന് രൂപ മുടക്കി എൻട്രൻസ് കോച്ചിങ്ങിന് പോകാതെത്തന്നെ നിങ്ങൾക്ക് ഇതിൽ പ്രവേശനം നേടാം, പഠിക്കാം.

കോഴ്സുകൾ താഴെ:

ബി.എസ് ഇൻ ഡേറ്റ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്

നമ്മൾ ഇന്റർനെറ്റിൽ ചെയ്യുന്ന ഓരോ കാര്യങ്ങളിൽനിന്ന് വലിയ ഡേറ്റകൾ ഉണ്ടാകുന്നുണ്ട്. ഇവയെ വിശകലനം ചെയ്ത് ബിസിനസുകൾക്കും മറ്റും ഉപകാരപ്രദമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നവരാണ് ഡേറ്റ സയന്റിസ്റ്റുകൾ. പ്രോഗ്രാമിങ് ഭാഷയായ പൈത്തൺ, സ്റ്റാറ്റിസ്റ്റിക്സ്, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് അനലിറ്റിക്സ് എന്നിവയാണ് പ്രധാന വിഷയങ്ങൾ.

പ്ലസ് ടുവിന് സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ഏത് ഗ്രൂപ് എടുത്തവർക്കും ഇതിൽ ചേരാം. പത്താം ക്ലാസ് വരെയെങ്കിലും കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം.

ബി.എസ് ഇൻ ഇലക്ട്രോണിക്സ് സിസ്റ്റംസ്

സോഫ്റ്റ്‌വെയർ എൻജിനീയർമാരെപ്പോലെത്തന്നെ ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് എൻജിനീയർമാർക്കും വലിയ ഡിമാൻഡ് വരുന്ന കാലമാണിത്.

ഇലക്ട്രോണിക്സ് സർക്യൂട്ടുകൾ, എംബഡഡ് സിസ്റ്റംസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഡിജിറ്റൽ സിസ്റ്റം ഡിസൈൻ എന്നിവയാണ് പ്രധാന വിഷയങ്ങൾ. തിയറി ക്ലാസുകൾ ഓൺലൈനായി നടക്കും. ലാബ് സെഷനുകൾ വിദ്യാർഥികൾ ഐ.ഐ.ടി കാമ്പസിൽ നേരിട്ട് പോയി ചെയ്യേണ്ടതുണ്ട്. പ്ലസ് ടുവിന് ഫിസിക്സും കണക്കും ഒരു വിഷയമായി പഠിച്ചിരിക്കണം എന്നത് ഇതിന് നിർബന്ധമാണ്.

ബി.എസ് ഇൻ മാനേജ്മെന്റ് ആൻഡ് ഡേറ്റ സയൻസ്

പഴയകാല മാനേജ്മെന്റ് രീതികളിൽനിന്നു മാറി, കൃത്യമായ ഡേറ്റകളുടെ അടിസ്ഥാനത്തിൽ ബിസിനസ് തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ആധുനിക ലീഡർമാരെ വാർത്തെടുക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ഫിനാൻസ്, മാർക്കറ്റിങ്, ഓപറേഷൻസ് മാനേജ്മെന്റ് തുടങ്ങിയ പരമ്പരാഗത ബിസിനസ് വിഷയങ്ങൾക്കൊപ്പം, ഇവയെ ഡേറ്റ അനലിറ്റിക്സ് ഉപയോഗിച്ച് എങ്ങനെ മെച്ചപ്പെടുത്താം എന്നതും പഠിപ്പിക്കുന്നു.പ്ലസ് ടു പാസായ, പത്താം ക്ലാസ് വരെ കണക്കും ഇംഗ്ലീഷും പഠിച്ചവർക്ക് അപേക്ഷിക്കാം. കോമേഴ്സുകാർക്ക് മികച്ചൊരു ഓപ്ഷനാണ്.

ബി.എസ് ഇൻ എയറോനോട്ടിക്സ് ആൻഡ് സ്പേസ് ടെക്നോളജി

എയർക്രാഫ്റ്റ് ഡിസൈൻ, സ്പേസ് ക്രാഫ്റ്റ് സിസ്റ്റംസ്, ഗ്യാസ് ടർബൈനുകൾ, എയറോഡൈനാമിക്സ്, സ്പേസ് ടെക്നോളജിയിലെ പുതിയ മാറ്റങ്ങൾ എന്നിവയാണ് ഈ ഹൈബ്രിഡ് കോഴ്സിലുള്ളത്. ലാബ് പ്രാക്ടിക്കലുകൾ ഐ.ഐ.ടി കാമ്പസിൽ പോയി ചെയ്യണം.പ്ലസ് ടുവിന് ഫിസിക്സും കണക്കും പഠിച്ചിരിക്കണം.

എങ്ങനെ പ്രവേശനം നേടാം?

സുതാര്യവും എല്ലാവർക്കും അവസരം ലഭിക്കുന്നതുമായ ‘ക്വാളിഫയർ പ്രോസസ്’ വഴിയാണ് പ്രവേശനം. ഇത് താഴെ വിശദീകരിക്കുന്നു:

ഐ.ഐ.ടി മദ്രാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി 3000 രൂപയോളം ഫീസടച്ച് അപേക്ഷിക്കുക (വിവിധ കാറ്റഗറികൾക്ക് ഫീസിൽ ഇളവുണ്ട്).

അപേക്ഷിക്കുന്ന എല്ലാവർക്കും ഐ.ഐ.ടി മദ്രാസ് നാലാഴ്ചത്തെ ഓൺലൈൻ ക്ലാസുകളും അസൈൻമെന്റുകളും നൽകും (കണക്ക്, ഇംഗ്ലീഷ്, കമ്പ്യൂട്ടേഷനൽ തിങ്കിങ് തുടങ്ങിയ വിഷയങ്ങളിൽ). വിഡിയോ ക്ലാസുകൾ നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് കാണാം.

ഈ പഠനത്തെ അടിസ്ഥാനമാക്കി, നിങ്ങളുടെ അടുത്തുള്ള പരീക്ഷാ കേന്ദ്രത്തിൽ വെച്ച് നേരിട്ടൊരു പ്രവേശന പരീക്ഷ നടത്തും.

ഈ പരീക്ഷയിൽ നിശ്ചിത കട്ട്-ഓഫ് മാർക്ക് (കാറ്റഗറി അനുസരിച്ച് വ്യത്യാസപ്പെടും) നേടുന്ന എല്ലാവർക്കും കോഴ്സിലേക്ക് പ്രവേശനം ലഭിക്കും! മത്സരം ഇല്ല, മിനിമം മാർക്ക് നേടിയാൽ നിങ്ങൾക്ക് സീറ്റ് ഉറപ്പ്.

എൻട്രൻസ് എളുപ്പമാണെന്ന് ഇതിനർഥമില്ല. ഐ.ഐ.ടി നിലവാരത്തിലുള്ള ചോദ്യങ്ങളായിരിക്കും. നാലാഴ്ചത്തെ പഠനം വളരെ ഗൗരവമായി എടുത്താൽ മാത്രമേ ഇത് പാസാകാൻ കഴിയൂ. (ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ യോഗ്യത നേടിയവർക്ക് ഈ യോഗ്യത പരീക്ഷ ഇല്ലാതെത്തന്നെ നേരിട്ട് പ്രവേശനം നേടാനും അവസരമുണ്ട്).

ഫീസ് വിവരങ്ങളും സ്കോളർഷിപ്പും

ഈ ഓൺലൈൻ/ഹൈബ്രിഡ് കോഴ്സുകൾ സാധാരണക്കാർക്കു താങ്ങാൻ കഴിയുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. നാല് വർഷത്തെ കോഴ്സ് പൂർത്തിയാക്കാൻ മൊത്തത്തിൽ ഏകദേശം 3.15 ലക്ഷം മുതൽ നാലു ലക്ഷം വരെയാണ് ഫീസ്. (കോഴ്സുകൾക്കനുസരിച്ച് ചെറിയ മാറ്റങ്ങളുണ്ടാകും. കാമ്പസ് ലാബുകൾ ഉള്ള കോഴ്സുകൾക്ക് ചെലവ് അൽപം കൂടും).ഈ തുക ഒരുമിച്ച് അടക്കേണ്ടതുമില്ല.

സ്കോളർഷിപ്പുകൾ: കുടുംബ വാർഷിക വരുമാനം അഞ്ചു ലക്ഷത്തിൽ താഴെയുള്ളവർക്ക് 50 ശതമാനവും, ഒരു ലക്ഷത്തിൽ താഴെയുള്ളവർക്ക് 75 ശതമാനവും ഫീസ് ഇളവുണ്ട്.

മൾട്ടിപ്ൾ എക്സിറ്റ്

മറ്റു എൻജിനീയറിങ് കോളജിൽ നിന്ന് വ്യത്യസ്തമായി ഈ കോഴ്സുകളിൽ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എപ്പോൾ വേണമെങ്കിലും കോഴ്സ് അവസാനിപ്പിച്ച് സർട്ടിഫിക്കറ്റുമായി ഇറങ്ങാം!

ഫൗണ്ടേഷൻ സർട്ടിഫിക്കറ്റ്: ഒന്നാം വർഷം പൂർത്തിയാക്കി ഇറങ്ങിയാൽ ഐ.ഐ.ടി മദ്രാസിൽനിന്നുള്ള ‘ഫൗണ്ടേഷൻ സർട്ടിഫിക്കറ്റ്’ ലഭിക്കും.

ഡിപ്ലോമ: രണ്ടാം വർഷം വിജയകരമായി പൂർത്തിയാക്കിയാൽ ‘ഡിപ്ലോമ ഇൻ ഡേറ്റ സയൻസ്/ഇലക്ട്രോണിക്സ്’ ലഭിക്കും.

ബി.എസ്‍സി ഡിഗ്രി: മൂന്നാം വർഷം പൂർത്തിയാക്കിയാൽ യു.ജി.സി അംഗീകൃത ബി.എസ്‌സി ബിരുദം ലഭിക്കും.

ബി.എസ് ഡിഗ്രി: നാല് വർഷവും പൂർത്തിയാക്കുന്നവർക്ക് ബി.എസ് ബിരുദം സ്വന്തമാക്കാം. പഠനം ഓൺലൈൻ ആണെങ്കിലും ഇത് ഐ.ഐ.ടി മദ്രാസ് നേരിട്ട് നൽകുന്ന യഥാർഥ ബിരുദമാണ്.

ജോലി ചെയ്യുന്നവർക്കും, മറ്റൊരു റെഗുലർ ഡിഗ്രി ചെയ്യുന്നവർക്കും ഇതിനൊപ്പം സമാന്തരമായി ഈ ഐ.ഐ.ടി കോഴ്സ് ചെയ്യാം എന്നതും വലിയൊരു സാധ്യതയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IITJEECareer NewsEducation News
News Summary - No more JEE or Advanced needed for IIT dreams
Next Story