കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജിക്ക് പുതിയ നയപരിപാടി
text_fieldsകിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി സർവകലാശാല
ജിദ്ദ: ജിദ്ദ തൂവലിലെ കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലക്ക് പുതിയ നയപരിപാടി പ്രഖ്യാപിച്ചു. സൗദി കിരീടാവകാശിയും ട്രസ്റ്റി ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് സർവകലാശാലയുടെ ശാസ്ത്രീയവും അക്കാദമികവുമായ വികസനത്തിന് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
ഗവേഷണത്തിനും വികസനത്തിനും നവീകരണത്തിനുമുള്ള ദേശീയ മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശാസ്ത്രത്തെയും ഗവേഷണത്തെയും സാമ്പത്തികമായി ലാഭകരമായ നവീകരണങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്നതാണിത്.
മനുഷ്യന്റെ ആരോഗ്യം, പരിസ്ഥിതിയുടെ സുസ്ഥിരത, പുനരുപയോഗിക്കാവുന്ന ഊർജം, ഭാവിയിലെ സമ്പദ് വ്യവസ്ഥകൾ, ഫലവത്തായ അന്തർദേശീയ-പ്രാദേശിക പങ്കാളിത്തം, വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതാണ് ഈ നയപരിപാടി.
കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി സർവകലാശാല സ്ഥാപിതമായത് മുതൽ ഗവേഷണം, നവീകരണം, കഴിവുകൾ എന്നിവയിൽ സ്വയം വേറിട്ടുനിൽക്കുന്നുവെന്ന് കിരീടാവകാശി പറഞ്ഞു.
ലോകത്തിലെ പ്രമുഖ ഗവേഷണ സർവകലാശാലകളിലൊന്നായി മാറിയിരിക്കുന്നു. പുതിയ പദ്ധതി സർവകലാശാലയെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തെ പ്രതിനിധാനം ചെയ്തു. അതിന്റെ ശാസ്ത്രീയവും അക്കാദമികവുമായ നിലയെ ഏകീകരിക്കുന്നതാണ് പുതിയ നയം.
അറിവിന്റെ പ്രകാശഗോപുരമായി സർവകലാശാലയെ മാറ്റാനും ഇതു ലക്ഷ്യം വെക്കുന്നു. രാജ്യത്തിനും ലോകത്തിനും ഒരു മികച്ച ഭാവിക്കായുള്ള ‘വിഷൻ 2030’ ന്റെ അഭിലാഷങ്ങൾക്ക് അനുസൃതമായി പ്രചോദനത്തിന്റെയും നവീകരണത്തിന്റെയും ഉറവിടമാകാനുമാണെന്നും കിരീടാവകാശി പറഞ്ഞു.
ഗവേഷണത്തെ സാമ്പത്തികമായി ലാഭകരമായ കണ്ടുപിടിത്തങ്ങളാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നതിൽ പുതിയ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിൽ മൂന്നു പ്രധാന സംരംഭങ്ങൾ ഉൾപ്പെടുന്നു.
നാഷനൽ ട്രാൻസ്ഫോർമേഷൻ അപ്ലൈഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എൻ.ടി.ഐ) സമാരംഭം, ഗവേഷണത്തിനും വികസനത്തിനും നവീകരണത്തിനുമുള്ള ദേശീയ മുൻഗണനകൾക്ക് അനുസൃതമായി സർവകലാശാലയിലെ ഗവേഷണ സ്ഥാപനങ്ങൾ പുനഃസംഘടിപ്പിക്കുക, 750 ദശലക്ഷം റിയാൽ ബജറ്റിൽ ഡീപ് ടെക്നിക്കൽ ഇന്നൊവേഷൻ ഫണ്ട് സ്ഥാപിക്കുക എന്നിവയാണത്.
ഹൈടെക്കിൽ വൈദഗ്ധ്യമുള്ള പ്രാദേശിക, അന്തർദേശീയ കമ്പനികളിൽ നേരത്തേ നിക്ഷേപം നടത്താനാണ് ഡീപ് ടെക്നിക്കൽ ഇന്നൊവേഷൻ ഫണ്ട് ലക്ഷ്യമിടുന്നത്. പുതിയ പദ്ധതി സാമ്പത്തിക വൈവിധ്യവത്കരണം വർധിപ്പിക്കുകയും ഗുണപരമായ സാങ്കേതിക ജോലികൾ സൃഷ്ടിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്ന വിധത്തിലായിരിക്കും. ഗവേഷകർ, ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർക്ക് ഗുണനിലവാരമുള്ള അവസരങ്ങൾ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.
അതോടൊപ്പം അന്തർദേശീയവും പ്രാദേശികവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെ സുസ്ഥിരമായ ആഗോള സ്വാധീനം സൃഷ്ടിക്കുന്നതിന് ശാസ്ത്രവും ഗവേഷണവും പ്രയോഗിക്കുന്നതിന് അവരെ പ്രാപ്തരാക്കും. ഈ പങ്കാളിത്തത്തിന്റെ ഫലമായുണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിൽ ഒന്നാണ് 100 ഹെക്ടർ സ്ഥലത്ത് ലക്ഷക്കണക്കിന് പവിഴപ്പുറ്റുകളെ നട്ടുവളർത്തുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ‘നിയോമു’മായി സഹകരിച്ചുള്ള ചെങ്കടലിലെ ഷൂഷ ദ്വീപിലെ സംരംഭം.
ആരാംകോ, സാബിക്, അക്വ പവർ, ഐ.ബി.എം, ഡേവു, ബോയിങ് തുടങ്ങിയ സൗദിയിലേയും ലോകത്തെയും പ്രമുഖ കമ്പനികളുമായുള്ള സഹകരണവും ഇതിന്റെ ഫലങ്ങളിലുൾപ്പെടുമെന്നും കിരീടാവകാശി പറഞ്ഞു. ലോകത്തിലെ പ്രമുഖ അക്കാദമിക്, സാങ്കേതിക സ്ഥാപനങ്ങളുമായും അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുകയും സഹകരണ ചട്ടക്കൂടുകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്ന്.
എയ്റോസ്പേസ്, റോബോട്ടിക്സ്, മൈക്രോ ഇലക്ട്രോണിക്സ് തുടങ്ങിയ നൂതന മേഖലകളിൽ പ്രായോഗിക ഗവേഷണത്തിൽ പ്രവർത്തിക്കാൻ ചൈനയിലെ പ്രമുഖ കമ്പനികളുമായി തന്ത്രപരമായ സഹകരണ കരാറുകൾ ഇതിലുൾപ്പെടും.
ഈ സംരംഭങ്ങളിലൂടെയും പങ്കാളിത്തങ്ങളിലൂടെയും രാജ്യത്തിലെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെയും ശാസ്ത്ര ഗവേഷണ നേതാക്കളെയും വികസിപ്പിക്കുന്നതിനും വിപണന ഗവേഷണത്തിനും ആഗോള നവീകരണങ്ങൾ കൈമാറ്റം ചെയ്യുന്നതിനും നൂതന സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി വളർന്നുവരുന്ന കമ്പനികളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സർവകലാശാലക്ക് വലിയ സംഭാവന ചെയ്യാനാകുമെന്നും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

