നിയമ ബിരുദ പഠനം കേരളത്തിൽ; ഓൺലൈനിൽ അപേക്ഷ 15 വരെ
text_fieldsസംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷക്ക് ഓൺലൈനിൽ ജൂൺ 15 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. പ്ലസ് ടുകാർക്ക് ഇൻറഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സിലും ബിരുദക്കാർക്ക് ത്രിവത്സര എൽഎൽ.ബി കോഴ്സിലും ആണ് പഠന അവസരം. ജൂൺ 28 ഞായറാഴ്ചയാണ് പ്രവേശന പരീക്ഷ. വിശദ വിവരങ്ങൾ www.cee.kerala.gov.in ൽ.
പ്രവേശന യോഗ്യത: പഞ്ചവത്സര എൽഎൽ.ബിക്ക് ഹയർസെക്കൻഡറി/പ്ലസ് ടു തത്തുല്യ പരീക്ഷ അല്ലെങ്കിൽ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ 45 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ്.ഇ.ബി.സി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് 42 ശതമാനം എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക് മതി. യോഗ്യത പരീക്ഷ എഴുതുന്നവർക്കും എഴുതിയവർക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് സർട്ടിഫിക്കറ്റും മാർക്ക് ഷീറ്റും ഹാജരാക്കിയാൽ മതി. പ്രായം 31-12- 2016ൽ 17 വയസ്സ് തികഞ്ഞിരിക്കണം.
ത്രിവത്സര എൽഎൽ.ബിക്ക് ഏതെങ്കിലും വിഷയത്തിൽ മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. എസ്.ഇ.ബി.സി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് 42 ശതമാനം. എസ്.സി/എസ്.ടി വിഭാഗത്തിന് 40 ശതമാനം മാർക്ക് മതി.അപേക്ഷാ ഫീസ്: ജനറൽ-എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് 950 രൂപ. എസ്.സി/എസ്.ടി/ഭിന്ന ശേഷി വിഭാഗങ്ങൾക്ക് 450 രൂപ. നെറ്റ് ബാങ്കിങ്/ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫീസ് അടക്കാം.നിർദേശാനുസരണം ഓൺലൈനിൽ ഇപ്പോൾ അപേക്ഷ സമർപ്പിക്കണം. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും കേന്ദ്രങ്ങളുണ്ടാവും.
ത്രിവത്സര, പഞ്ചവത്സര എൽഎൽ.ബി പരീക്ഷക്ക് ജനറൽ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ഗണിതവും മാനസിക ശേഷിയും നിയമപഠനത്തിനുള്ള അഭിരുചി വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഒബ്ജക്ടിവ് മാതൃകയിലുള്ള 120 ചോദ്യങ്ങളുണ്ടാവും. ശരിയുത്തരത്തിന് മൂന്ന് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് കുറയും. ആകെ 360 മാർക്ക് പരീക്ഷ.
പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നതിന് ജനറൽ/എസ്.ഇ.ബി.സി വിഭാഗക്കാർ ആകെ 360 മാർക്കിൽ കുറഞ്ഞത് 10 ശതമാനവും എസ്.സി/എസ്.ടി വിഭാഗക്കാർ അഞ്ച് ശതമാനവും മാർക്ക് കരസ്ഥമാക്കണം. റാങ്ക് ലിസ്റ്റിൽ ഇടം നേടുന്നവർക്ക് മുൻഗണനാ ക്രമത്തിൽ കോളജ്, ഓപ്ഷനുകൾ സമർപ്പിക്കുന്നതിന് പ്രത്യേക അവസരമുണ്ടാകും. സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ നടത്തുന്ന കേന്ദ്രീകൃത ഓൺലൈൻ അലോട്ട്മെന്റ് വഴിയാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

