Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സയൻസ് ബിരുദ വിദ്യാർഥികൾക്ക് 80,000 രൂപ ഇൻസ്പയർ സ്കോളർഷിപ്പ്; അപേക്ഷ ഡിസംബർ 7 വരെ

text_fields
bookmark_border
scholorship
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പഠനം നടത്തുന്ന മിടുക്കരായ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ സ്കോളർഷിപ്പ്. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ സ്കോളർഷിപ്പ് ഫോർ ഹയർ എഡ്യുക്കേഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 12,000 പേർക്ക് അവസരമുണ്ട്. online-inspire.gov.in വഴി ഡിസംബർ 7, 2026 വരെ അപേക്ഷിക്കാം. പദ്ധതിയുടെ ചട്ടങ്ങൾ ഇത്തവണ പുതുക്കിയിട്ടുണ്ടെങ്കിലും അക്കാദമിക മികവ് തന്നെയായിരിക്കും തെരഞ്ഞെടുപ്പിനുള്ള പ്രധാന മാനദണ്ഡം.

2025ൽ പ്ലസ് ടു പാസായ, 17നും 22നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബിഎസ്‌സി, ബിഎസ്, നാലുവർഷ ബിഎസ്‌സി റിസർച്ച്, ഇന്റഗ്രേറ്റഡ് എംഎസ്‌സി, എംഎസ് കോഴ്‌സുകളിൽ പഠിക്കുന്നവരെയാണ് പരിഗണിക്കുക. പ്ലസ് ടുവിൽ അതത് ബോർഡുകളിൽ ആദ്യ ഒരു ശതമാനത്തിൽ ഇടംനേടിയവർക്ക് അപേക്ഷിക്കാം. ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ്, നീറ്റ് പരീക്ഷകളിൽ ആദ്യ 10,000 റാങ്കിനുള്ളിൽ വന്ന് ശാസ്ത്ര ബിരുദ കോഴ്‌സിൽ ചേർന്നവർക്കും അവസരമുണ്ട്. എൻടിഎസ്ഇ, ജെബിഎൻഎസ്ടിഎസ് സ്കോളർമാർക്കും അന്താരാഷ്ട്ര ഒളിമ്പ്യാഡ് മെഡൽ ജേതാക്കൾക്കും യോഗ്യമായ കോഴ്‌സിൽ പഠിക്കുന്നുണ്ടെങ്കിൽ അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ബയോളജി, ബയോടെക്‌നോളജി, മൈക്രോബയോളജി, പരിസ്ഥിതി ശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, ഭൗമശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ളവർക്ക് സ്കോളർഷിപ്പ് ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5,000 രൂപ വീതം വർഷത്തിൽ 60,000 രൂപ ലഭിക്കും. ഇതിന് പുറമെ വേനലവധിക്കാല ഗവേഷണത്തിന് 20,000 രൂപ കൂടി അനുവദിക്കും. ആകെ 80,000 രൂപ. ഈ തുക ലഭിക്കാൻ രാജ്യത്തെ അംഗീകൃത ഗവേഷണ കേന്ദ്രത്തിൽ ഒരു ഗവേഷകന്റെ മേൽനോട്ടത്തിൽ വേനൽക്കാല പ്രോജക്ട് പൂർത്തിയാക്കണം. പിന്നീട് റിപ്പോർട്ടും ഗൈഡിന്റെ സർട്ടിഫിക്കറ്റും സമർപ്പിക്കണം. കോഴ്‌സ് കാലാവധിക്കുള്ളിൽ പരമാവധി അഞ്ചുവർഷം വരെ സ്കോളർഷിപ്പ് തുടരും. പരീക്ഷകളിൽ തൃപ്തികരമായ പ്രകടനം കാഴ്ചവെക്കുകയും സ്ഥാപന മേധാവിയുടെ ശുപാർശ ലഭിക്കുകയും വേണം.

അപേക്ഷകൾ കൂടുതലായതിനാൽ ഫലം പ്രഖ്യാപിക്കാൻ നാലു മാസത്തോളം സമയമെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പോർട്ടൽ വഴി കത്ത് ലഭിക്കും. അത് ഡൗൺലോഡ് ചെയ്തെടുക്കണം. വിശദവിവരങ്ങൾ ഔദ്യോഗിക പോർട്ടലിൽ ലഭ്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Inspire Scholarship Applications Open
Next Story