ക്ലാസ് കട്ട് ചെയ്യുന്നവരാണോ? എങ്കിൽ സൂക്ഷിക്കുക; പരിശോധനക്ക് ഇൻസ്പെക്ടർമാർ വരുന്നു
text_fieldsമുംബൈ: സ്കൂൾ, കോളജ് ക്ലാസുകളിൽ വിദ്യാർഥികളുടെ ഹാജർ നിലയെ കുറിച്ച് ആശങ്ക ഇല്ലാത്തവർ കുറവാണ്. വിദ്യാർഥികൾ ക്ലാസിൽ കയറുന്നില്ലെന്ന പരാതി വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിലെ ജൂനിയർ കോളജുകളിലെ ക്ലാസ്മുറികളിൽ പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
പുനെയിൽ ഇങ്ങനെയൊരു നിയമം നേരത്തേ കൊണ്ടുവന്നിരുന്നു. പ്ലസ്‍വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ കൂടുതലും റെഗുലർ ക്ലാസുകളെക്കാൾ, എൻട്രൻസ് കോച്ചിങ് സെന്ററുകളിലെ ക്ലാസുകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. പലരും ക്ലാസുകൾ ഒഴിവാക്കിയാണ് കോച്ചിങ് സെന്ററുകളിലെത്തുന്നത്.
ഹയർസെക്കൻഡറി വിദ്യാഭ്യാസം കഴിയുന്നവർക്ക് ജെ.ഇ.ഇ, നീറ്റു, സി.ഇ.ടി പ്രവേശന പരീക്ഷകൾ വഴിയാണ് പ്രഫഷനൽ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കുക. ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ലഭിക്കുന്ന മാർക്ക് പ്രഫഷനൽ കോഴ്സ് പ്രവേശനത്തിന് പരിഗണിക്കാറേ ഇല്ല. അതിനാൽ പ്രവേശന പരീക്ഷകളിൽ മികച്ച സ്കോർ നേടാനായി വിദ്യാർഥികൾ കോച്ചിങ് സെന്ററുകളിലെത്തുന്നു.
പതിവായി ക്ലാസിലെത്താതിരുന്നിട്ടു പോലും പല കുട്ടികളും പ്ലസ്ടു പരീക്ഷക്ക് ഉയർന്ന മാർക്ക് വാങ്ങുന്നുമുണ്ട്. കോച്ചിങ് ക്ലാസുകളിലെ പഠനംമൂലമാണിത്. ക്ലാസ് മുറികളിലെ ഹാജർ നിരക്ക് കുറയുന്നത് തടയാൻ മുൻകൂട്ടി അറിയിക്കാതെയുള്ള പരിശോധനക്കാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. പിടിക്കപ്പെടുന്നവർക്ക് തക്ക ശിക്ഷയും ലഭിക്കും. എന്നാണ് പരിശോധന എന്നറിയാത്തതിനാൽ എല്ലാ ദിവസവും കൃത്യമായി ക്ലാസിൽ വരാൻ വിദ്യാർഥികൾ നിർബന്ധിതരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

