വൻ ഇടിവ്!; യു.എസിലേക്ക് ഉന്നത പഠനത്തിന് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 44 ശതമാനം കുറവ്
text_fieldsന്യൂഡൽഹി: യു.എസിലേക്ക് ഉന്നത പഠനത്തിന് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 44 ശതമാനം ഇടിവ് രേഖപ്പെടുത്തി. കോവിഡ് മഹാമാരിക്കാലത്തിന് ശേഷമുണ്ടായ ഇടിവിലും താഴെയാണിത്.
അന്താരാഷ്ട്ര സന്ദർശകരുടെ വരവ് രേഖപ്പെടുത്തുന്ന വാണിജ്യ വകുപ്പിന് കീഴിലുള്ള യു.എസ് സർക്കാർ ഏജൻസിയായ ഇന്റർനാഷനൽ ട്രേഡ് അഡ്മിനിസ്ട്രേഷൻ പരിപാലിക്കുന്ന ഡാറ്റ പ്രകാരം, ഈ വർഷം ആഗസ്റ്റിൽ 41,540 ഇന്ത്യക്കാർ സ്റ്റുഡന്റ് വിസകളിൽ (എഫ്, എം വിഭാഗങ്ങൾ) യു.എസിൽ എത്തി. കോവിഡ് വ്യാപനഭീതി കാരണം യാത്രാ നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്ന 2020 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
2021ൽ 56,000 ഇന്ത്യക്കാരാണ് സ്റ്റുഡന്റ് വിസയിൽ യു.എസിലെത്തിയത്. 2022ൽ ആ കണക്ക് 80,486 വർധിച്ചു. 2023ൽ ഇന്ത്യൻ 93,833 വിദ്യാർഥികളാണ് യു.എസിലെത്തിയത്. എന്നാൽ 2024 ആഗസ്റ്റിൽ വിദ്യാർഥികളുടെ എണ്ണം 74,825 ആയി കുറയുകയാണ് ചെയ്തത്.
ഈ ആഗസ്റ്റിനെ അപേക്ഷിച്ച് രണ്ടാം ഒബാമ ഭരണകൂടത്തിന്റെ അവസാന രണ്ട് വർഷങ്ങളിൽ പകർച്ചവ്യാധിക്ക് മുമ്പ് യു.എസിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ വരവ് കൂടുതലായിരുന്നു. 2015 ആഗസ്റ്റിൽ 49,797 വിദ്യാർഥികളും 2016 ആഗസ്റ്റിൽ 44,722ഉം വിദ്യാർഥികളാണ് യു.എസിലെത്തിയത്. എന്നാൽ ഡോണൾഡ് ട്രംപ് അധികാരത്തിയപ്പോഴേക്കും വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായി. ട്രംപ് ആദ്യമായി അമേരിക്കൻ പ്രസിഡന്റായ 2017ൽ 41,192 ഇന്ത്യൻ വിദ്യാർഥികളാണ് ഉന്നത പഠനത്തിന് പോയത്. 2018 ആയപ്പോഴേക്കും വിദ്യാർഥികളുടെ എണ്ണം അതിലും കുറഞ്ഞു(41,000).
യു.എസിൽ സാധാരണ കോഴ്സുകളുടെ ആദ്യ സെമസ്റ്ററുകൾ തുടങ്ങുക ആഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിലാണ്. അതിനാൽ ആഗസ്റ്റ് മാസങ്ങളിൽ യു.എസിലേക്ക് വിദ്യാർഥികളുടെ കുത്തൊഴുക്കായിരിക്കും.
ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിലും യു.എസിലെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 40 ശതമാനമായിരുന്നു ആ ഇടിവ്. 2022 ശേഷം ആദ്യമായാണ് ഇത്തരമൊരു ഇടിവുണ്ടാകുന്നത്. ജൂലൈയിൽ 13,027 ഇന്ത്യൻ വിദ്യാർഥികളാണ് യു.എസിലെത്തിയത്. തൊട്ടുമുമ്പത്തെ വർഷം 24,298 ആയിരുന്നു കണക്ക്. ജൂണിൽ എത്തിയത് 8545 വിദ്യാർഥികളാണ്. കഴിഞ്ഞ ജൂണിൽ 14,418 ആയിരുന്നു ആ കണക്ക്.
ഈ വർഷം ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി യു.എസിലെത്തിയത് 63,112 ഇന്ത്യൻ വിദ്യാർഥികളാണ്. കോവിഡിന് ശേഷം ആദ്യമായാണ് ഇത്രയും കുറച്ച് വിദ്യാർഥികൾ യു.എസിലെത്തിയത്. അതേസമയം,
ആഗസ്റ്റിൽ 86,647 ചൈനീസ് വിദ്യാർഥികളാണ് യു.എസിലെത്തിയത്. ഇന്ത്യൻ വിദ്യാർഥികളുടെ ഇരട്ടിയോളമുണ്ടിത്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യു.എസിലെത്തിയ ചൈനീസ് വിദ്യാർഥികളുടെ എണ്ണം പരിശോധിക്കുമ്പോൾ അൽപം ഇടിവുമുണ്ടു താനും. 98,867 ചൈനീസ് വിദ്യാർഥികളാണ് കഴിഞ്ഞ വർഷം സ്റ്റുഡന്റ് വിസയിൽ യു.എസിലെത്തിയത്. ഈ വർഷം ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ യു.എസിലെത്തിയത് 1.11 ലക്ഷം ചൈനീസ് വിദ്യാർഥികളാണ്.കഴിഞ്ഞ വർഷം 1.32 ആയിരുന്നു ആ കണക്ക്. 2023ൽ 1.27 ലക്ഷം ചൈനീസ് വിദ്യാർഥികളാണ് യു.എസിലെത്തിയത്. 2019ൽ 2.30 ലക്ഷം ചൈനീസ് വിദ്യാർഥികൾ യു.എസിൽ ഉന്നതപഠനത്തിനെത്തി. എന്നാൽ 2023-24 അധ്യയന വർഷത്തിൽ ഇന്ത്യൻ വിദ്യാർഥികൾ ചൈനീസ് വിദ്യാർഥികളെ മറികടന്നു. ഈ വർഷം ആഗസ്റ്റിൽ യു.എസിലെത്തിയത് 3.13 ലക്ഷം അന്താരാഷ്ട്ര വിദ്യാർഥികളാണ്. കഴിഞ്ഞ ആഗസ്റ്റിൽ 3.87 ലക്ഷം പേരാണ് എത്തിയത്. അങ്ങനെ നോക്കുമ്പോഴും യു.എസിലെത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഇടിവുണ്ടെന്ന് കാണാം.
ട്രംപ് ഭരണകൂടം അന്താരാഷ്ട്ര വിദ്യാർഥികൾക്കെതിരെ സ്വീകരിച്ച നടപടികളും എണ്ണം ഇടിയാൻ ഒരു കാരണമാണെന്ന് കാണാം. ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയ നിരവധി വിദ്യാർഥികളുടെ വിസ യു.എസ് റദ്ദാക്കിയിട്ടുണ്ട്. വിദ്യാർഥി വിസകൾക്ക് അപേക്ഷിക്കുന്നവരോട് അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കണമെന്ന നിയമവും അടുത്തിടെ യു.എസ് നടപ്പാക്കുകയുമുണ്ടായി. അതോടൊപ്പം പല കാരണങ്ങളുടെയും പേരിൽ യു.എസിലെ തന്നെ പ്രമുഖ സർവകലാശാലകളുടെതടക്കം ഫണ്ടിങ് ട്രംപ് ഭരണകൂടം വെട്ടിക്കുറക്കുകയും ചെയ്തു. അതുപോലെ ട്രംപ് രണ്ടാമതും ഭരണത്തിലേറിയതോടെ നിരസിക്കപ്പെട്ട വിദ്യാർഥി വിസകളുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

