യുസീഡ്, സീഡ് 2027, ജനുവരി 17ന്; ഐ.ഐ.ടികളിൽ ഡിസൈൻ പഠനം, രജിസ്ട്രേഷൻ ഒക്ടോബർ 31നകം
text_fieldsഐ.ഐ.ടികളിലും മറ്റും ഡിസൈൻ ബിരുദ /ബിരുദാനന്തര /ഗവേഷണ പഠനങ്ങൾക്കായുള്ള 2027ലെ പൊതുപ്രവേശന പരീക്ഷകളായ യുസീഡ് (അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ) , സീഡ് (കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ) ദേശീയതലത്തിൽ ജനുവരി 17ന് നടത്തും. ഐ.ഐ.ടി ബോംബെയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
രജിസ്ട്രേഷൻ: ഇരു പരീക്ഷകൾക്കും ഓൺലൈനിൽ ഒക്ടോബർ 31നകം രജിസ്റ്റർ ചെയ്യാം. ഫീസ് 4000 രൂപ. വനിതകൾ /പട്ടികജാതി /വർഗ /ഭിന്നശേഷി വിഭാഗങ്ങൾക്കും 2000 രൂപ മതി.
യു.പി.ഐ, െക്രഡിറ്റ് / ഡെബിറ്റ് കാർഡ്, നെറ്റ്ബാങ്കിങ് ഉപയോഗിച്ച് ഫീസ് അടക്കാം. 500 രൂപ ലേറ്റ് ഫീസോടുകൂടി നവംബർ ആറ് വൈകുന്നേരം അഞ്ചു മണിവരെ രജിസ്ട്രേഷൻ സ്വീകരിക്കും.
പരീക്ഷാകേന്ദ്രം: കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് അടക്കം രാജ്യത്തെ 30 നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
മുൻഗണനാക്രമത്തിൽ മൂന്ന് നഗരങ്ങൾ തിരഞ്ഞെടുക്കാം.
യുസീഡ് 2027 (യു.സി.ഇ.ഇ.ഡി):
ബോംബെ, ഡൽഹി, ഗുവാഹതി, ഹൈദരാബാദ്, ഇന്ദോർ, റൂർക്കി ഐ.ഐ.ടികളിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡിസൈൻ ആൻഡ് മാനുഫാക്ടറിങ് (ഐ.ഐ.ഐ.ടി.ഡി.എം-ജബൽപൂർ) 2027-28 വർഷ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.
യുസീഡ് സ്കോർ ഉപയോഗിച്ച് ബിറ്റ്സ് ഡിസൈൻ സ്കൂൾ എഫ്.ഡി.ഡി.ഐ നോയിഡ, വി.ഐ.ടി സ്കൂൾ ഓഫ് ഡിസൈൻ അടക്കം മറ്റ് നിരവധി സ്ഥാപനങ്ങളും ഡിസൈൻ ബിരുദ പ്രവേശനം നൽകാറുണ്ട്. യുസീഡ് സ്കോറിന് 2027-28 വർഷ പ്രവേശനത്തിന് മാത്രമാണ് പ്രാബല്യം.
യോഗ്യത: സയൻസ്, കോമേഴ്സ്, ആർട്സ്, ഹ്യുമാനിറ്റീസ് അടക്കം ഏത് സ്കീമിലും ഹയർ സെക്കൻഡറി /പ്ലസ്ടു /തത്തുല്യബോർഡ് പരീക്ഷ 2026ൽ ആദ്യതവണ പാസായവർക്കും 2027ൽ യോഗ്യതാപരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
അംഗീകൃത ത്രിവത്സര ഡിപ്ലോമക്കാരെയും പരിഗണിക്കും. അപേക്ഷകർ 2002 ഒക്ടോബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. എസ്.സി /എസ്.ടി /ഭിന്നശേഷി വിഭാഗങ്ങൾ 1997 ഒക്ടോബർ ഒന്നിനുശേഷം ജനിച്ചവരായിരുന്നാൽ മതി.
സീഡ് 2027 (സി.ഇ.ഇ.ഡി):
ഐ.ഐ.എസ്.സി ബംഗളൂരു, ഐ.ഐ.ടികൾ (ബോംബെ, ഡൽഹി, ഗാന്ധിനഗർ, ഗുവാഹതി, ഹൈദരാബാദ്, ജോഗ്പൂർ, കാൻപൂർ, റൂർക്കി), ഐ.ഐ.ഐ.ടി ഡിസൈൻ ജബൽപൂർ, കാഞ്ചീപുരം എന്നിവിടങ്ങളിൽ മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്) ഐ.ഐ.ടികളിലെ ഡിസൈൻ സ്കൂളുകളിൽ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ.
യോഗ്യത: ബിരുദം /ഡിപ്ലോമ /പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം /അഞ്ചുവർഷം ജിബി ആർട്ട് 2027 ജൂലൈയിൽ അവസാനവർഷം യോഗ്യതാ പരീക്ഷ പൂർത്തിയാക്കാൻ കഴിയുന്നവരെയും പരിഗണിക്കും.
മാർച്ച് 3ന് സീഡ് പരീക്ഷാഫലം പ്രഖ്യാപിക്കും. മാർച്ച് 10 മുതൽ സ്കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യാം. അന്വേഷണങ്ങൾക്ക് ceed@iitb.ac.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.
വിശദവിവരങ്ങൾ: www.uceed.iitb.ac.in, www.ceed.iitb.ac.in സന്ദർശിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

