കലോത്സവത്തിനിടെ ഹയർ സെക്കൻഡറി പരീക്ഷ
text_fieldsകാസർകോട്: ജില്ല സ്കൂൾ കലോത്സവത്തിനിടയിൽ ഹയർ സെക്കൻഡറി പരീക്ഷ. സ്റ്റേജ് മത്സരങ്ങൾ നടക്കുന്നത് ജനുവരി അഞ്ച്, ആറ്, ഏഴ് തീയതികളിലാണ്. ഇതിനിടയിൽ ആറിനാണ് ഒരു ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളുടെ കമ്പ്യൂട്ടർ സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സ്റ്റാറ്റിസ്റ്റിക്സ്, ജേണലിസം എന്നിവയുടെ അർധ വാർഷിക പരീക്ഷയാണ് ജനുവരി ആറിന് നടക്കുന്നത്.
കലോത്സവ ദിനത്തിലെ പരീക്ഷ നിരവധി കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തും. ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് വേദിയിതര മത്സരങ്ങൾ നടക്കുക. കൂടാതെ, പ്ലസ് വൺ കുട്ടികളുടെ എൻ.എസ്.എസ് ക്യാമ്പ് ഡിസംബർ 26 മുതൽ തുടർച്ചയായി ഏഴു ദിവസം നടക്കുകയാണ്.
കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പരിശീലനത്തിനുള്ള അവസരവും ഇതുമൂലം നഷ്ടപ്പെടും. ഇതൊന്നും തിരിച്ചറിയാതെ ജില്ല കലാമേളയുടെ തീയതി നിശ്ചയിച്ചതിൽ എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേർസ് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജില്ല പ്രസിഡന്റ് അൻവർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ജിജി തോമസ് ഉദ്ഘാടനം ചെയ്തു. സുബിൻ ജോസ്, സിനോജ് സെബാസ്റ്റ്യൻ, ജയകൃഷ്ണൻ, മെജോ ജോസഫ്, ബാലചന്ദ്രൻ, ശ്രീജ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പ്രവീൺ സ്വാഗതവും ട്രഷറർ റംസാദ് അബ്ദുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

