സ്‌കൂള്‍ യൂനിഫോം വിതരണത്തില്‍ ചരിത്രം കുറിക്കാന്‍ സര്‍ക്കാര്‍
text_fieldsകൊച്ചി: സ്‌കൂള്‍ വിദ്യാർഥികള്‍ക്കുള്ള യൂനിഫോം വിതരണത്തില്‍ ചരിത്രനേട്ടത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 2022-23 അധ്യായന വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് അടുത്ത വര്‍ഷത്തേക്കുള്ള യൂനിഫോമുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ മാസം 25ന് നടക്കുന്ന യൂനിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.
മാര്‍ച്ച് 25ന് രാവിലെ 11ന് ഏലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥികള്‍ക്ക് കൈത്തറി യൂനിഫോം നല്‍കിയാണ് ഉദ്ഘാടനം. സ്‌കൂളിന് സമീപത്തുള്ള ഏലൂര്‍ മുനിസിപ്പല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുക്കും. സമീപത്തെ മുഴുവന്‍ സ്‌കൂളുകളിലെയും അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി പരിപാടിയെ ജനകീയ ഉത്സവമാക്കി മാറ്റുമെന്ന് കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ മന്ത്രി പറഞ്ഞു.
പരിപാടിയുടെ സംഘാടക സമിതി രൂപീകരിക്കുന്നതിനായി തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ഏലൂര്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ പ്രത്യേക യോഗം ചേരും. കളമശേരി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുത്ത 60 അങ്കണവാടികള്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദേശിച്ചു. ബി.പി.സി.എല്ലിന്റെ സഹായത്തോടെ 95,61,502 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.