Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്ല്യാണം പഠിക്കാൻ ഗോവയിലെ കോളേജിൽ പ്രത്യേക കോഴ്സ്

text_fields
bookmark_border
കല്ല്യാണം പഠിക്കാൻ ഗോവയിലെ കോളേജിൽ പ്രത്യേക കോഴ്സ്
cancel

പനാജി: ജോലിക്കും കരിയറിനും ഭാവിക്കും വേണ്ടി വർഷങ്ങളോളം തയ്യാറെടുക്കുന്ന നമ്മൾ, ജീവിതകാലം മുഴുവൻ കൂടെ നിൽക്കേണ്ട പങ്കാളിയുമായുള്ള ജീവിതത്തിന് വേണ്ടി എത്ര സമയം മാറ്റിവെക്കാറുണ്ട്? ഈ ചോദ്യമാണ് ഗോവ കോളേജ് ഓഫ് ഹോം സയൻസിന്റെ പുതിയ കോഴ്സിന് പിന്നിൽ. കല്യാണ ആഘോഷങ്ങൾക്ക് അപ്പുറം, വിവാഹ ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ കുറിച്ച് യുവാക്കളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം.

`മാരേജ് റെഡിനെസ്' എന്ന പേരിലുള്ള 15 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഡിസംബർ 2 മുതൽ 17 വരെ നടക്കും. കോളേജിലെ ഹ്യൂമൻ ഡെവലപ്മെന്റ് ആൻഡ് ഫാമിലി സ്റ്റഡീസ് വിഭാഗമാണ് കോഴ്സ് നടത്തുന്നത്. ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും വിവാഹിതരാകാൻ പോകുന്നവർക്കും ആരോഗ്യകരമായ ബന്ധങ്ങളെ കുറിച്ച് അറിയാൻ താൽപര്യമുള്ള ആർക്കും കോഴ്സിൽ ചേരാം. വിവാഹമോചനങ്ങൾ കുറക്കുന്നതിനായി സംസ്ഥാനത്ത് വിവാഹത്തിന് മുൻപുള്ള കൗൺസിലിങ് ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോഴ്സ് ആരംഭിക്കുന്നത്.

ഒരു ബന്ധത്തിലേക്ക് കടക്കുന്നതിന് മുൻപ് സ്വയം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യമാണ് കോഴ്സ് ആദ്യം ചർച്ച ചെയ്യുന്നത്. സ്വന്തം മൂല്യങ്ങൾ, പ്രതീക്ഷകൾ, വികാരങ്ങൾ, പരിമിതികൾ എന്നിവയെ കുറിച്ച് വ്യക്തതയുണ്ടെങ്കിൽ പങ്കാളിയെ തെരഞ്ഞെടുക്കുന്നതും അവരുമായി തുറന്ന് സംസാരിക്കുന്നതും എളുപ്പമാകും. ദേഷ്യവും സ്നേഹവും പോലുള്ള വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് തിരിച്ചറിയുന്നത് ബന്ധത്തിൽ തെറ്റിദ്ധാരണകൾ കുറക്കാൻ സഹായിക്കുമെന്നും കോഴ്സ് ചൂണ്ടിക്കാട്ടുന്നു.

ഡേറ്റിങിനെ കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളും കോഴ്സിൽ ഉൾപ്പെടും. രണ്ടുപേർ തമ്മിലുള്ള ചേർച്ചയും പ്രതീക്ഷകളും മനസ്സിലാക്കാനുള്ള മാർഗമാണ് ഡേറ്റിങ്. എന്നാൽ ഒരാൾ അതിനെ ഗൗരവമായി കാണുമ്പോൾ മറ്റെയാൾ അതിനെ ലാഘവത്തോടെ കാണുന്നത് പിന്നീട് പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് തുടക്കത്തിൽ തന്നെ ഇരുവരുടെയും ഉദ്ദേശ്യങ്ങൾ വ്യക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഇതിൽ ഉൾപ്പെടും.

ബന്ധത്തിൽ അംഗീകരിക്കപ്പെടുകയും സുരക്ഷിതത്വം അനുഭവപ്പെടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും കോഴ്സ് വിശദീകരിക്കുന്നുണ്ട്. ഓരോരുത്തരും ഈ ആവശ്യങ്ങൾ പ്രകടിപ്പിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. അത് തിരിച്ചറിഞ്ഞ് തുറന്ന് പറയാൻ കഴിഞ്ഞാൽ പരസ്പര വിശ്വാസം ശക്തമാകും. ഇതോടൊപ്പം സ്ത്രീത്വം, പുരുഷത്വം എന്നിവയെ കുറിച്ചുള്ള സാമൂഹിക സങ്കൽപ്പങ്ങൾ വീട്ടിലെ ഉത്തരവാദിത്തങ്ങൾ, തീരുമാനങ്ങൾ എടുക്കുന്ന രീതി, വികാരങ്ങൾ പ്രകടിപ്പിക്കുന്ന രീതി എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ചർച്ച ചെയ്യും.

കല്യാണവും വിവാഹവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക എന്നതാണ് കോഴ്സിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. കല്യാണം ഒരു ദിവസത്തെ ചടങ്ങാണ്. വിവാഹം എന്നാൽ അതിന് ശേഷമുള്ള ദൈനംദിന ജീവിതമാണ്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യൽ, വീട്ടുജോലികൾ പങ്കിടൽ, കുടുംബ തീരുമാനങ്ങൾ, അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കൽ എന്നിവയെല്ലാം അതിൽ ഉൾപ്പെടും. ഇതിനെ കുറിച്ച് മുൻകൂട്ടി സംസാരിക്കുന്നത് വിവാഹ ജീവിതത്തെ കൂടുതൽ സുഗമമാക്കുമെന്നാണ് കോഴ്സിൽ പറയുന്നത്. കമ്മിറ്റ്മെന്റ് എന്നത് കല്യാണ ദിവസത്തെ വാഗ്ദാനത്തിൽ ഒതുങ്ങുന്നതല്ലെന്നും എല്ലാ ദിവസവും എടുക്കുന്ന ചെറിയ തീരുമാനങ്ങളിലൂടെയും തുടർച്ചയായ സംസാരത്തിലൂടെയും പ്രശ്നങ്ങൾ ഒരുമിച്ച് പരിഹരിക്കാനുള്ള സന്നദ്ധതയിലൂടെയുമാണ് അത് വളരുന്നതെന്നും കോഴ്സിൽ വ്യക്തമാക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Goa College Marriage Course
Next Story