എഐ മുതൽ മാനേജ്‌മെന്റ് വരെ; സൗജന്യ ഓൺലൈൻ പഠനത്തിന് 8 സർക്കാർ വെബ്‌സൈറ്റുകൾ
text_fieldsന്യൂഡൽഹി: വിലകൂടിയ കോച്ചിങ്ങിനോ പെയ്ഡ് കോഴ്‌സുകൾക്കോ പണം ചെലവാക്കാതെ തന്നെ വിദ്യാർഥികൾക്ക് ഇപ്പോൾ പുതിയ വിഷയങ്ങൾ പഠിക്കാം. സ്‌കൂൾ വിദ്യാഭ്യാസം മുതൽ എഐ, മാനേജ്‌മെന്റ് വരെയുള്ള വിഷയങ്ങളിൽ സൗജന്യ കോഴ്‌സുകൾ നൽകുന്ന 8 സർക്കാർ പ്ലാറ്റ്‌ഫോമുകളുണ്ട്. ഇവയിൽ മിക്കതിലും പഠനം പൂർണമായും സൗജന്യമാണ്, മാത്രമല്ല സർട്ടിഫിക്കറ്റിന് മാത്രമാണ് ഫീസ് വരുന്നത്.
സ്വയം
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോമാണ് `സ്വയം'. ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര തലം വരെ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, എഐ, ഡേറ്റാ സയൻസ്, ഗണിതം, സാമ്പത്തിക ശാസ്ത്രം, മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങൾ ഇവിടെ പഠിക്കാം. swayam.gov.in-ൽ വീഡിയോ, നോട്ട്‌സ്, അസൈൻമെന്റ് എന്നിവ സൗജന്യമാണ്. സർട്ടിഫിക്കറ്റിന് പരീക്ഷ എഴുതുമ്പോൾ മാത്രമാണ് ഫീസ്.
എൻപിടിഇഎൽ
ഐഐടികളും ഐഐഎസ്‌സിയും ചേർന്ന് തയ്യാറാക്കുന്ന കോഴ്‌സുകളാണ് nptel.ac.in-ൽ ഉള്ളത്. പൈത്തൺ, ജാവ, എഐ, മെഷീൻ ലേണിങ്, റോബോട്ടിക്‌സ്, എൻജിനീയറിങ് വിഷയങ്ങൾ ഇവിടെ പഠിക്കാം. പഠനം സൗജന്യവും സർട്ടിഫിക്കറ്റിന് പരീക്ഷാ ഫീസും നൽകണം.
ദീക്ഷ
സ്‌കൂൾ വിദ്യാർഥികൾക്കുള്ള ദേശീയ പ്ലാറ്റ്‌ഫോമാണ് diksha.gov.in. ഗണിതം, സയൻസ്, ഭാഷകൾ, സോഷ്യൽ സയൻസ്, കമ്പ്യൂട്ടർ സയൻസ് എന്നിവക്ക് ഡിജിറ്റൽ പാഠപുസ്തകങ്ങളും വീഡിയോകളും ക്വിസുകളും ഇവിടെയുണ്ട്. പാഠപുസ്തകത്തിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്തും പഠിക്കാം. ചില പഠന സാമഗ്രികൾ ഓഫ്‌ലൈനിലും ഉപയോഗിക്കാം.
ഇ-പാഠശാല
എൻസിഇആർടിയുടെ epathshala.nic.in-ൽ എല്ലാ സ്‌കൂൾ വിഷയങ്ങളുടെയും ഡിജിറ്റൽ പുസ്തകങ്ങൾ, ഓഡിയോ, വീഡിയോ പാഠങ്ങൾ സൗജന്യമായി ലഭിക്കും.
എൻഡിഎൽഐ
ഐഐടി ഖരഗ്പൂർ തയ്യാറാക്കിയ ndl.iitkgp.ac.in ഒരു ഡിജിറ്റൽ ലൈബ്രറിയാണ്. പുസ്തകങ്ങൾ, റിസർച്ച് പേപ്പറുകൾ, ലെക്ചർ വീഡിയോകൾ, തീസിസുകൾ എന്നിവ ഇവിടെ തിരയാം.
സ്വയം പ്ലസ്
ഐഐടി മദ്രാസ് നടപ്പാക്കുന്ന swayamplus.education.gov.in വ്യവസായാധിഷ്ഠിത കോഴ്‌സുകൾക്കാണ് പ്രാധാന്യം നൽകുന്നത്. എഐ, ഡേറ്റാ സയൻസ്, ബാങ്കിങ്, മാനേജ്‌മെന്റ് എന്നിവ പഠിക്കാം. ചില കോഴ്‌സുകൾ പെയ്ഡ് ആണ്.
സ്‌കിൽ ഇന്ത്യ ഡിജിറ്റൽ ഹബ്
skillindiadigital.gov.in-ൽ എഐ, സൈബർ സുരക്ഷ, കോഡിങ്, ഡിജിറ്റൽ മാർക്കറ്റിങ്, റീട്ടെയിൽ, ഹെൽത്ത്‌കെയർ തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകളുണ്ട്. ഓരോ കോഴ്‌സിന്റെയും ഫീസും സർട്ടിഫിക്കറ്റ് വിവരങ്ങളും ചേരുന്നതിന് മുമ്പ് പരിശോധിക്കണം.
സ്വയം പ്രഭ
swayamprabha.gov.in വഴി സൗജന്യ ഡിടിഎച്ച് ചാനലുകളിലൂടെ പാഠങ്ങൾ കാണാം. ഇന്റർനെറ്റ് കുറവുള്ളവർക്ക് ടിവി വഴി പഠിക്കാൻ ഇത് സഹായിക്കും.
സ്‌കൂൾ വിദ്യാർഥികൾക്കും കോളേജ് വിദ്യാർഥികൾക്കും ബിരുദധാരികൾക്കും ഈ പ്ലാറ്റ്‌ഫോമുകൾ ഒരുപോലെ പ്രയോജനകരമാണ്. പുതിയ സ്‌കിൽ പഠിക്കാനും കരിയർ മെച്ചപ്പെടുത്താനും ഇവ സഹായിക്കും. കോഴ്‌സിന് ചേരുന്നതിന് മുമ്പ് യോഗ്യതയും കാലാവധിയും ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കാൻ മറക്കരുത്.

