Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീകരാക്രമണത്തിൽ ഇരയായവരുടെ മക്കൾക്ക് നാല് എം.ബി.ബി.എസ് സീറ്റുകൾ; അപേക്ഷ സെപ്റ്റംബർ 12 വരെ

text_fields
bookmark_border
ഭീകരാക്രമണത്തിൽ ഇരയായവരുടെ മക്കൾക്ക് നാല് എം.ബി.ബി.എസ് സീറ്റുകൾ; അപേക്ഷ സെപ്റ്റംബർ 12 വരെ
cancel

ന്യൂഡൽഹി: ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുകയോ സ്ഥിരവൈകല്യമോ ഗുരുതര പരിക്കുകളോ നേരിടുകയോ ചെയ്ത സാധാരണ പൗരന്മാരുടെ മക്കൾക്കും പങ്കാളികൾക്കുമായി 2026-27 അധ്യയന വർഷത്തിൽ നാല് എം.ബി.ബി.എസ് സീറ്റുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര പൂളിൽനിന്നാണ് പ്രത്യേക വിഭാഗത്തിൽ സീറ്റുകൾ അനുവദിച്ചത്.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ റാഡിക്കലൈസേഷൻ ഡിവിഷൻ (സി.ടി.സി.ആർ) എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. ‘സാധാരണ പൗരന്മാരായ ഭീകരാക്രമണ ഇരകളുടെ’ വിഭാഗത്തിൽ അർഹരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് സെപ്റ്റംബർ 12നകം നാമനിർദേശം നൽകാനാണ് നിർദേശം. നിശ്ചിത തീയതിക്കകം മന്ത്രാലയത്തിൽ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. സമയപരിധി നീട്ടില്ലെന്നും പ്രത്യേകം അറിയിപ്പ് നൽകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ബിഹാറിലെ ഗയയിലുള്ള എ.എൻ. മഗധ് മെഡിക്കൽ കോളജ്, മഹാരാഷ്ട്രയിലെ മുംബൈയിലുള്ള ഗ്രാൻഡ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ഓരോ സീറ്റും ഛത്തീസ്ഗഢിലെ റായ്പൂരിലുള്ള പി.ജെ.എൻ.എം മെഡിക്കൽ കോളജിൽ രണ്ട് സീറ്റുകളുമാണ് അനുവദിച്ചത്.

മരിച്ചതോ ഭീകരാക്രമണത്തിൽ സ്ഥിരവൈകല്യമോ ഗുരുതര പരിക്കുകളോ സംഭവിച്ചതോ ആയ സാധാരണ പൗരന്റെ പങ്കാളിയോ മകനോ മകളോ ആയിരിക്കണം അപേക്ഷകൻ. പ്രവേശന സമയത്ത് 17 വയസ്സ് പൂർത്തിയായിരിക്കണം. പ്രവേശനം നടക്കുന്ന വർഷം ഡിസംബർ 31നകം 17 വയസ്സ് പൂർത്തിയാക്കുന്നവർക്കും അർഹതയുണ്ട്. ഇന്ത്യൻ പൗരനായിരിക്കണമെന്നും നാഷനൽ മെഡിക്കൽ കമീഷന്റെ (എൻ.എം.സി) മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങളിൽ ജനറൽ, ജനറൽ-ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് കുറഞ്ഞത് 50 ശതമാനം മാർക്കും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് 40 ശതമാനം മാർക്കും വേണം. ഭിന്നശേഷിക്കാരായ ജനറൽ, ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്ക് 45 ശതമാനവും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് 40 ശതമാനവുമാണ് ആവശ്യമായത്.

നീറ്റ് യോഗ്യത നിർബന്ധം

നീറ്റ് യു.ജി 2026ൽ എൻ.എം.സി നിശ്ചയിച്ച യോഗ്യത പെർസന്റൈൽ നേടിയവരെയാണ് പരിഗണിക്കുക. ജനറൽ, ജനറൽ-ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 50-ാം പെർസന്റൈലും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് 40-ാം പെർസന്റൈലുമാണ് ആവശ്യമായത്. ഭിന്നശേഷിക്കാർക്ക് യഥാക്രമം 45, 40 പെർസന്റൈൽ വേണം.

സീറ്റ് അനുവദിക്കുന്നതിന് മൂന്ന് മുൻഗണനാ വിഭാഗങ്ങളാണുള്ളത്. ഭീകരാക്രമണത്തിൽ ഇരുവരും മാതാപിതാക്കളും കൊല്ലപ്പെട്ട കുട്ടികൾക്കാണ് ഒന്നാം മുൻഗണന. കുടുംബത്തിന്റെ ഏക വരുമാന ആശ്രയമായിരുന്ന വ്യക്തി കൊല്ലപ്പെട്ട കുടുംബത്തിലെ കുട്ടികൾക്കാണ് രണ്ടാം മുൻഗണന. ഭീകരാക്രമണത്തിൽ സ്ഥിരവൈകല്യമോ ഗുരുതര പരിക്കോ സംഭവിച്ച ഇരകളുടെ മക്കൾക്ക് മൂന്നാം മുൻഗണന.

ഓരോ ഇരയുടെ കുടുംബത്തിൽനിന്ന് ഒരു കുട്ടിക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഒരാൾക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ടെങ്കിൽ രണ്ടാമത്തെ കുട്ടിയെ ഈ വിഭാഗത്തിലെ സീറ്റിലേക്ക് പരിഗണിക്കില്ല. ഓരോ മുൻഗണനാ വിഭാഗത്തിലും നീറ്റ് യു.ജി 2026 റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും സീറ്റ് അനുവദിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four MBBS Seats for Terror Victims' Children
Next Story