യു.ജി.സി നെറ്റ് പൊളിറ്റിക്കൽ സയൻസ് ഉത്തരസൂചികയിലും വിവാദം; 14 ചോദ്യങ്ങൾക്കെതിരെ പരാതി
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: യു.ജി.സി നെറ്റ് 2026 പരീക്ഷയിലെ പൊളിറ്റിക്കൽ സയൻസ് പേപ്പറിന്റെ ഉത്തരസൂചികയിലും പരാതി പ്രളയം. 14 ചോദ്യങ്ങളിലെ ഉത്തരസൂചികയെക്കുറിച്ചാണ് ഉദ്യോഗാർഥികളുടെയും അധ്യാപകരുടെയും പരാതി.
14 ചോദ്യങ്ങളിൽ ഒന്നിലധികം ഉത്തരങ്ങൾ സാധ്യമാകുന്ന തരത്തിലാണ് ചോദ്യങ്ങളോ ഓപ്ഷനുകളോ നൽകിയതെന്ന് അവർ ആരോപിച്ചു. ചോദ്യപേപ്പറും ഉത്തരസൂചികയും വിശദമായി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
വളരെ ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾ ആയിരുന്നില്ലെന്നും എന്നാൽ, അടിസ്ഥാന ആശയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ തന്നെ വാചക രചനയിലും നൽകിയിരിക്കുന്ന ഉത്തര ഓപ്ഷനുകളിലും പ്രശ്നങ്ങളുണ്ടെന്നും പരാതികളിൽ പറയുന്നു. ഒരു ചോദ്യത്തിന് ഒന്നിലധികം ഓപ്ഷനുകൾ ശരിയാകുന്ന സാഹചര്യമുണ്ടായാൽ മാർക്കിനെ അത് നേരിട്ട് ബാധിക്കും. പ്രത്യേകിച്ച് യു.ജി.സി നെറ്റ് പോലുള്ള മത്സരപരീക്ഷയിൽ ചെറിയൊരു മാർക്ക് വ്യത്യാസം പോലും ജെ.ആർ.എഫ് യോഗ്യതയെയും അസിസ്റ്റന്റ് പ്രഫസർ യോഗ്യതയെയും ബാധിച്ചേക്കുമെന്നും ഉദ്യോഗാർഥികൾ ആശങ്കകൾ ഉന്നയിച്ചു.
ഉത്തരസൂചികക്കെതിരെ പരാതി നൽകാൻ ഓരോ ചോദ്യത്തിനും 200 രൂപയാണ് ഉദ്യോഗാർഥികൾ നൽകേണ്ടത്. 14 ചോദ്യങ്ങളും ചോദ്യം ചെയ്യുന്ന ഒരാൾക്ക് 2800 രൂപ ചെലവാകും. തെളിവുകളും അനുബന്ധ രേഖകളും സഹിതം ഉത്തരസൂചികക്കെതിരെ ദേശീയ പരീക്ഷാ ഏജൻസിക്ക് (എൻ.ടി.എ) എതിർപ്പ് സമർപ്പിക്കുകയും വേണം.
കൂടാതെ, തങ്ങൾ രേഖപ്പെടുത്തിയ ഉത്തരങ്ങളിലും റെസ്പോൺസ് ഷീറ്റിൽ കാണിച്ച ഉത്തരങ്ങളിലും പൊരുത്തക്കേടുണ്ടെന്ന ആരോപണവുമായും ഉദ്യോഗാർഥികൾ രംഗത്തെത്തി. എൻ.ടി.എ പുറത്തുവിട്ട റെസ്പോൺസ് ഷീറ്റിൽ താൻ പരീക്ഷയിൽ രേഖപ്പെടുത്തിയതായി ഓർക്കുന്ന ഉത്തരങ്ങളിൽനിന്ന് വ്യത്യസ്തമായി 24 ഉത്തരങ്ങൾ കാണിച്ചെന്നാാണ് ഉദ്യോഗാർഥിയായ സുചിത്ര ശ്രീവാസ്തവയുടെ ആരോപണം.
ഉദ്യോഗാർഥികളുടെ പരാതിക്കൊപ്പം പൊളിറ്റിക്കൽ സയൻസ് അധ്യാപകരും ഉത്തരസൂചികയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തി. പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ പ്രദ്യുമ്ന്‍ ത്രിപാഠി ഡൽഹിയിലെ എൻ.ടി.എ ഓഫീസിലെത്തി ഉത്തരസൂചികയെയും ചോദ്യങ്ങൾ തയ്യാറാക്കുന്ന രീതിയെയും സംബന്ധിച്ച് ആശങ്കകൾ ഉന്നയിച്ചു. പരീക്ഷാ സംവിധാനത്തിലെ പ്രശ്നങ്ങൾ കൂടുന്നതിനെക്കുറിച്ചും പരീക്ഷാ കലണ്ടറിലും പരാതികൾ പരിഹരിക്കുന്ന രീതിയിലും വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
യു.ജി.സി നെറ്റ് 2026ലെ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ മൂന്ന് വിഷയങ്ങളിലെ പരീക്ഷ ചോദ്യപേപ്പറുകളിലെ പിഴവുകളെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇവയുടെ പുനഃപരീക്ഷ നടത്താനാണ് എൻ.ടി.എ തീരുമാനം. നിലവിൽ പൊളിറ്റിക്കൽ സയൻസിന് പുനഃപരീക്ഷ പ്രഖ്യാപിച്ചിട്ടില്ല.
84 വിഷയങ്ങളുടെ പ്രൊവിഷണൽ ഉത്തരസൂചിക കഴിഞ്ഞദിവസം എൻ.ടി.എ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊളിറ്റിക്കൽ സയൻസ് പരീക്ഷയുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും പരാതികൾ പരിശോധിച്ച ശേഷം അന്തിമ ഉത്തരസൂചികയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമോയെന്ന കാര്യം വ്യക്തമല്ല.
ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രഫസർ യോഗ്യത, ബാധകമായ വിഭാഗങ്ങളിൽ പി.എച്ച്.ഡി പ്രവേശനത്തിനുള്ള യോഗ്യത എന്നിവ നിർണയിക്കുന്നത് യു.ജി.സി നെറ്റ് ഫലത്തിലൂടെയാണ്. അതുകൊണ്ടുതന്നെ 14 ചോദ്യങ്ങളിലെ പരാതികൾ ഗൗരവമായി പരിശോധിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

