Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightയു.ജി.സി നെറ്റ്...

യു.ജി.സി നെറ്റ് ചോദ്യങ്ങൾ തയാറാക്കിയത് എ.ഐ, ആരോപണങ്ങളുമായി വിദഗ്ധർ; നിഷേധിച്ച് എൻ.ടി.എ

text_fields
bookmark_border
UGC NET
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷയിലെ ചോദ്യപേപ്പറുകളുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമാകുന്നു. ചോദ്യങ്ങൾ തയാറാക്കാനും വിവർത്തനം ചെയ്യാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യാപകമായി ഉപയോഗിച്ചെന്നും ആവശ്യമായ പരിശോധന നടന്നില്ലെന്നും വിഷയവിദഗ്ധരും ദേശീയ പരീക്ഷ ഏജൻസിയുമായി അടുത്ത ബന്ധമുള്ള മുൻ ഉദ്യോഗസ്ഥരും ആരോപിച്ചു.

ചോദ്യങ്ങൾ പരിശോധിക്കാൻ മതിയായ അകാദമിക് പാനലുകൾ ഉണ്ടായിരുന്നില്ലെന്നും ചോദ്യങ്ങൾ ഭൂരിഭാഗവും തയാറാക്കിയത് എ.ഐ ഉപയോഗിച്ചായിരുന്നുവെന്നുമാണ് ആരോപണം. തർജ്ജമ തയാറാക്കിയതും എ.ഐ സഹായത്തോടെയെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ചോദ്യപേപ്പർ തയാറാക്കാൻ ജനറേറ്റീവ് എ.ഐ ഉപയോഗിച്ചെന്ന ആരോപണം എൻ.ടി.എ നിഷേധിച്ചു. ചോദ്യപേപ്പർ തയാറാക്കാൻ എ.ഐ ഉപയോഗിച്ചിട്ടില്ലെന്നാണ് എൻ.ടി.എ വൃത്തങ്ങളുടെ വിശദീകരണം.

ഉത്തര സൂചികകൾക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾക്കെതിരെയും എൻ.ടി.എ പ്രതികരണവുമായി രം​ഗത്തെത്തി. ഉത്തരസൂചിക സംവിധാനം നീതിപൂർവമായിരുന്നുവെന്നും എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരമുണ്ടായിരുന്നെന്നും എൻ.ടി.എ വിശദീകരിച്ചു. ഉത്തരസൂചികക്കെതിരായ പരാതികൾ വിദഗ്ധ സമിതി പരിശോധിക്കും. പരാതികൾ പരിഗണിച്ച ശേഷമേ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കൂവെന്നും സംവിധാനത്തിൽ പിഴവില്ലെന്നും എൻ.ടി.എ അറിയിച്ചു.

യു.ജി.സി നെറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ പിഴവുകളെ തുടർന്ന് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ പരീക്ഷകൾ റദ്ദാക്കി പുനഃപരിശോധന നടത്താൻ എൻ.ടി.എ തീരുമാനിച്ചിരുന്നു. ചോദ്യപേപ്പറുകളിലെ പിഴവുകൾ പുറത്തുവന്നതിന് ശേഷം പരീക്ഷ റദ്ദാക്കാനുള്ള തീരുമാ​നമെടുക്കാൻ ഏകദേശം ആറ് ആഴ്ച വൈകിയെന്ന ആരോപണവും ഉയർന്നിരുന്നു. യു.ജി.സി നെറ്റ് ചോദ്യങ്ങൾ തയാറാക്കുന്നതിന് പുറമെ നീറ്റ് യു.ജി ചോദ്യപേപ്പറുകളുടെ വിവർത്തനത്തിലും എ.ഐ ഉപയോഗിച്ചിരുന്നുവെന്ന് മുൻ എൻ.ടി.എ വിഷയവിദഗ്ധർ ആരോപിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ആരോപണങ്ങൾ എൻ.ടി.എ ഡയറക്ടർ ജനറൽ അഭിഷേക് സിങ് നിഷേധിച്ചു. വിവാദമായ യു.ജി.സി നെറ്റ് ചോദ്യപേപ്പറുകൾ തയാറാക്കാൻ ജനറേറ്റീവ് എ​.ഐ ഉപയോഗിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപേപ്പറുകൾ തയാറാക്കിയതിന് ശേഷം വിദഗ്ധർ പരിശോധന നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പരിശോധന നടന്നിട്ടും ഇത്രയധികം പിഴവുകൾ എങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിന് വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.

യു.ജി.സി നെറ്റിന്റെ സോഷ്യോളജി പരീക്ഷ കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്നവരുടെ തെറ്റായ പേരുകൾ, തെറ്റായ പദാവലി, വിചിത്രമായ വിവർത്തനങ്ങൾ, ചോദ്യങ്ങൾ എന്നിവക്കെതിരെ ഉദ്യോഗാർഥികൾ രംഗത്തെത്തിയിരുന്നു.ചില സാങ്കേതിക പദങ്ങളുടെ വിവർത്തനവും അസ്വാഭാവികമായിരുന്നുവെന്നും ചില ചോദ്യങ്ങൾ നിർദേശിച്ച സിലബസുമായി പൊരുത്തപ്പെടുന്നില്ലെന്നും ഉദ്യോഗാർഥികൾ പരാതിപ്പെട്ടു.

ഇംഗ്ലീഷ് പേപ്പറിനെതിരെയും ഉദ്യോഗാർഥികൾ പരാതി ഉന്നയിച്ചു. 150 ചോദ്യങ്ങളിൽ ഏകദേശം 67 എണ്ണം മുൻ യു.ജി.സി നെറ്റ് പരീക്ഷയിലെ ചോദ്യങ്ങളുമായി ആവർത്തിക്കുന്നുവെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. ചില ചോദ്യങ്ങളിൽ ഉത്തര ഓപ്ഷനുകളുടെ ക്രമം പോലും മുൻ പരീക്ഷയിലേതിന് സമാനമായിരുന്നുവെന്നും അവർ ആരോപിച്ചിരുന്നു. കൊമേഴ്സ് പരീക്ഷക്കെതിരെയും സമാന പരാതികൾ ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial Intelligencenational testing agencyNTAControversyUGC NET Exam
News Summary - UGC NET AI Used to Draft Questions NTA Denies
Next Story