യു.ജി.സി നെറ്റ്; ജൂണിലെ പരീക്ഷാ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു, തീയതികൾ അറിയാം
text_fieldsന്യൂഡൽഹി: യു.ജി.സി നെറ്റ് ജൂൺ 2026 സെഷന്റെ വിഷയാടിസ്ഥാനത്തിലുള്ള പരീക്ഷാ ഷെഡ്യൂൾ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) പുറത്തിറക്കി. ജൂൺ 22 മുതൽ 30 വരെയുള്ള ദിവസങ്ങളിലായാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ നടക്കുക.
കൊമേഴ്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളുടെ പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുകയും ചെയ്തു. പൊളിറ്റിക്കൽ സയൻസ് ജൂൺ 24, കൊമേഴ്സ് ജൂൺ 24, ഇംഗ്ലീഷ് ജൂൺ 25, ഹിസ്റ്ററി ജൂൺ 25 എന്നിങ്ങനെയാണ് പരീക്ഷാ തീയതി. 85 വിഷയങ്ങളിലാണ് യു.ജി.സി നെറ്റ് പരീക്ഷ നടത്തുക. ഈ വിഷയങ്ങളുടെ തീയതികൾ എൻ.ടി.എ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് എൻ.ടി.എ അറിയിച്ചു.
ഇന്ത്യയിലെ സർവകലാശാലകളിലും കോളജുകളിലും മാനവിക-ഭാഷാ വിഷയങ്ങളിലും മറ്റും ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിനും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനും വേണ്ടിയുള്ള യു.ജി.സി ദേശീയ യോഗ്യതാ നിർണയ പരീക്ഷയാണ് യു.ജി.സി നെറ്റ്. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതുക.
രണ്ട് പേപ്പറുകളായാണ് പരീക്ഷ നടക്കുക. എല്ലാ ചോദ്യങ്ങളും ഒബ്ജക്ടിവ് മൾട്ടിപ്ൾ ചോയ്സ് മാതൃകയിലായിരിക്കും. പരീക്ഷാ ഘടനയും സിലബസും വെബ്സൈറ്റിൽ ലഭിക്കും. ഓരോ ശരിയുത്തരത്തിനും രണ്ട് മാർക്ക് വീതം നൽകും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കില്ല. ഉത്തരം നൽകാത്ത ചോദ്യങ്ങൾക്കും മാർക്ക് കുറക്കില്ല.
പരീക്ഷ നടക്കുന്ന നഗരം സംബന്ധിച്ച സ്ലിപ്പും അഡ്മിറ്റ് കാർഡും പരീക്ഷക്ക് 10 ദിവസം മുമ്പ് പ്രസിദ്ധീകരിക്കുമെന്ന് എൻ.ടി.എ അറിയിച്ചു. ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പരീക്ഷാ തീയതികളും മറ്റ് വിവരങ്ങളും പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കൂടുതൽ വിവരങ്ങൾ https://ugcnet.nta.nic.in ൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

