നെറ്റ് പരീക്ഷക്ക് ഇനി രണ്ടു വിഷയങ്ങൾകൂടി; സ്റ്റാറ്റിസ്റ്റിക്സ്, ഫോറസ്ട്രി എന്നിവ ഉൾപ്പെടുത്തി യു.ജി.സി
text_fieldsന്യൂഡൽഹി: നാഷനൽ എലിജിബിലിറ്റി ടെസ്റ്റിൽ (നെറ്റ്) ഇനി രണ്ടു വിഷയങ്ങൾകൂടി. സ്റ്റാറ്റിസ്റ്റിക്സ്, ഫോറസ്ട്രി എന്നീ രണ്ട് പുതിയ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയതായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) അറിയിച്ചു. 2026 ജൂണിലെ പരീക്ഷ മുതൽ ഈ പുതിയ വിഷയങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാകും. ഉദ്യോഗാർഥികൾക്ക് ഇഷ്ടപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകൾ നൽകുന്നതാണ് യു.ജി.സിയുടെ പുതിയ തീരുമാനം.
ഇന്ത്യയിലുടനീളമുള്ള സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്കും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെ.ആർ.എഫ്) യോഗ്യത നിർണയിക്കുന്നതിനായി യു.ജി.സി എല്ലാ വർഷവും രണ്ടുതവണ നെറ്റ് പരീക്ഷ സംഘടിപ്പിക്കുന്നുണ്ട്. ജൂൺ, ഡിസംബർ മാസങ്ങളിലാണ് പരീക്ഷകൾ നടത്താറ്. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ആണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റ അനലിറ്റിക്സ്, ഗണിതം, അനുബന്ധ മേഖലകൾ എന്നിവയിൽ പശ്ചാത്തലമുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും ഏറെ സാധ്യത നൽകുന്നതായിരിക്കും സ്റ്റാറ്റിസ്റ്റിക്സ്. സ്റ്റാറ്റിസ്റ്റിക്സ് സിലബസ് യു.ജി.സി നെറ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതിനകം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 2026 ജൂണിൽ നടക്കുന്ന നെറ്റ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് സിലബസ് ഡൗൺലോഡ് ചെയ്ത് നിർദ്ദിഷ്ട കോഴ്‌സ് ഘടന അനുസരിച്ച് പരീക്ഷക്ക് തയാറെടുക്കാം.
ഫോറസ്ട്രി സിലബസും ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. പരിസ്ഥിതി പഠനം, എൻവയോൺമെന്റൽ സയൻസ്, ഫോറസ്റ്റ് മാനേജ്‌മെന്റ്, മറ്റ് അനുബന്ധ വിഷയങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗാർഥികളെ ലക്ഷ്യംവെച്ചാണ് ഫോറസ്ട്രി നെറ്റ് പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് യു.ജി.സി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാറിക്കൊണ്ടിരിക്കുന്ന അക്കാദമിക-ഗവേഷണ ആവശ്യങ്ങൾക്കനുസരിച്ച് പരീക്ഷയെ സംയോജിപ്പിക്കാൻ പുതിയ വിഷയങ്ങളുടെ കടന്നുവരവ് സഹായിക്കുമെന്ന് യു.ജി.സി വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

