Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightമധുരം പകർന്ന് മലയാളം

മധുരം പകർന്ന് മലയാളം

text_fields
bookmark_border
SSLC-Plus Two
cancel

ആദ്യാവസാനം ആത്മവിശ്വാസവും ആനന്ദവും പകരുന്നതായിരുന്നു മലയാളം ഒന്നാം പേപ്പർ. ശരാശരി പഠന നിലവാരക്കാർക്ക് ഉൾപ്പെടെ A+ സ്കോർ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടാത്തതായിരുന്നു ബഹു ഭൂരിപക്ഷം ചോദ്യങ്ങളും. ഒരു സ്കോർ വീതമുള്ള 1 മുതൽ 5 വരെ ചോദ്യങ്ങൾ ഏതു നിലവാരത്തിലുള്ളവർക്കും ശരിയുത്തരം കണ്ടെത്താൻ പ്രയാസം നേരിടില്ല. ഉത്തരത്തിലേക്ക് എളുപ്പം എത്തിച്ചേരാൻ സഹായകമാകുന്ന രീതിയിലാണ് ചോയ്സുകൾ നൽകിയിട്ടുള്ളത്. 6 മുതൽ 8 വരെയുള്ള 2 സ്കോർ ചോദ്യങ്ങൾ ആദ്യത്തെ ചോദ്യ‌മായ എഴുത്ത് ആത്മാവിന്റെ വെളിപാട് ആകുന്നത് എപ്രകാരമാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അനായാസം സാധ്യമാണ്. തുടർന്നുള്ള ചോദ്യത്തിൽ സ്ഥലകാലത്തോടു പൊരുത്തപ്പെടാത്ത അതിഥിയെ തിരിച്ചറിയാൻ കഥാനായികയെ സഹായിച്ച ഘടകങ്ങൾ പാഠഭാഗത്തുനിന്ന് നേരിട്ടു കണ്ടെത്താൻ കഴിയുന്നതാണ്. ചെറുപാമ്പ്, ചന്ദനമരം എന്നീ പ്രയോഗങ്ങൾ അർത്ഥമാക്കുന്നതെന്ത് എന്ന ചോദ്യവും കുട്ടികളെ ബുദ്ധിമുട്ടിക്കാൻ ഇടയില്ല. എന്നാൽ, ഇവയിൽ ഏതു രണ്ടെണ്ണമാണ് എഴുതാൻ തിരഞ്ഞെടുക്കേണ്ടതെന്ന ആശയക്കുഴപ്പം ചിലർക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

നാല് സ്കോർ ലഭിക്കുന്ന അഞ്ച് ചോദ്യങ്ങളും, പരീക്ഷാർത്ഥിയെ നേരിട്ട് ഉത്തരത്തിലേക്ക് ക്ഷണിക്കുന്നതാണ്. മെത്രാന്റെ വാക്കുകളിലെ പൊരുളും കുട്ടികൃഷ്ണ‌മാരാരുടെ നിരീക്ഷണവും ക്ലാസ് മുറികളിൽ അനേകം തവണ ചർച്ച ചെയ്യപ്പെട്ടതും കുട്ടികൾക്ക് ധാരണ ലഭിച്ചിട്ടുള്ളതുമാണ്. ലിംബാളയുടെ കുട്ടിക്കാല ജീവിതത്തിൽ ഉണ്ടായ സത്യസന്ധതയുടെ അനുഭവം ഏതുനിലവാരക്കാർക്കും അനായാസം എഴുതാൻ സാധിക്കും. എന്നാൽ 'കടൽത്തീരത്ത്' എന്ന കഥയിൽ പാറാവുകാരന്റെ മനം മാറ്റത്തിന്റെ കാരണം എന്താണെന്ന ചോദ്യത്തിന് കഥയിൽ നേരിട്ടു ഉത്തരം പ്രതിപാദിക്കുന്നില്ലെങ്കിലും കഥാമുഹൂർത്തങ്ങൾ അനായാസം ഓർത്തെടുത്തു ഉത്തരത്തിലെത്തിച്ചേരാൻ കഴിയും വിധമുള്ളതാണ്. വൃദ്ധമാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ പ്രവൃത്തി അനുദിനം വർധിച്ചുവരുന്ന ഈ സമകാലിക സാഹചര്യത്തിൽ എസ്.കെ. പൊറ്റെക്കാട് സൂചിപ്പിക്കുന്ന സംഭവത്തിനു സമാനമായ അനുഭവങ്ങൾ കണ്ടെത്താൻ സമകാല സാമൂഹിക സാഹചര്യങ്ങൾ നിരീക്ഷിക്കുന്ന കുട്ടികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടില്ല. ഭർത്താവിന്റെ ഇരിപ്പിടത്തിൽ എന്നന്നേയ്ക്കുമായി ഉറഞ്ഞുപോകുന്ന ജൂലിയാനയുടെ അനുഭവം ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ’ എന്ന കഥയുടെ ആത്മാവ് വെളിപ്പെടുന്ന സന്ദർഭമാണ്. ജൂലിയാന അനുഭവിക്കുന്ന മാനസിക സംഘർഷം കഥയിലുടനീളം പ്രത്യക്ഷമായി വായനക്കാരൻ ഏറ്റുവാങ്ങുന്നുണ്ട്. അതുകൊണ്ട് ആ ചോദ്യം കുട്ടികളെ വലക്കില്ല.

മാതൃത്വത്തിന്റെ മഹനീയത വിളിച്ചോതുന്ന ‘വിശ്വരൂപം’ എന്ന കഥയെ പശ്ചാത്തലമാക്കി ‘സ്ത്രീയും സമൂഹവും’ എന്ന വിഷയത്തിൽ എഡിറ്റോറിയൽ തയാറാക്കാനുള്ള 6 സ്കോർ ചോദ്യവും ബുദ്ധിമുട്ട് ഉളവാക്കുന്നതല്ല. മാതൃത്വത്തിന്റെ മഹത്വവും സമൂഹത്തിൽ സ്ത്രീക്ക് ലഭിക്കുന്ന സ്ഥാനവും സാന്ദർഭികമായി ക്ലാസ്‌മുറികളിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയംതന്നെ. ലക്ഷ്മണ സാന്ത്വനം എന്ന പാഠഭാഗത്തുനിന്ന് കുട്ടികൾക്ക് നേരിട്ട് ഉത്തരത്തിലേക്കു കടക്കാൻ കഴിയുന്ന ചോദ്യമാണ് തുടർന്ന് നൽകിയിട്ടുള്ളത്. തീർച്ചയായും ഈ ചോദ്യവും കുട്ടികളെ ഒരു രീതിയിലും വിഷമിപ്പിക്കുന്നതായിരിക്കില്ല. ഈ ചോദ്യത്തിന്റെ ഉത്തരവും കുട്ടികൾക്ക് പാഠഭാഗത്തുനിന്ന് നേരിട്ട് എഴുതാവുന്നതാണ്. പ്രകൃതി എത്ര സുന്ദരമായിട്ടാണ് മനുഷ്യനെ തന്നിലേയ്ക്ക് ക്ഷണിക്കുന്നതെന്ന ചിത്രം വ്യക്തമാകുന്ന ആലങ്കോട്ട് ലീലാകൃഷ്‌ണന്റെ കവിത കുട്ടികളോട് നേരിട്ട് സംവദിക്കുന്നതാണ്. കവിതയിലെ ചില പദങ്ങളുടെ അർത്ഥം നൽകാത്തതുകാരണം ശരാശരി നിലവാരമുള്ള കുട്ടികളെ ഉൾപ്പെടെ ഈ ഉത്തരം എഴുതുന്നതിൽനിന്ന് പിന്തിരിപ്പിക്കുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരീക്ഷ എഴുതിയ ഭൂരിപക്ഷം കുട്ടികൾക്കും ഉയർന്ന സ്കോർ ലഭിക്കുമെന്ന പ്രതീക്ഷ നൽകാൻ പര്യാപ്‌തമാകുന്നതായിരുന്നു ചോദ്യങ്ങൾ. അതുകൊണ്ടുതന്നെ മലയാളം ഒന്നാം പേപ്പർ നൽകുന്ന ആത്മവിശ്വാസം തുടർന്നുള്ള വിഷയങ്ങളിലും നന്നായി പ്രകടനം കാഴ്ചവെക്കാൻ പ്രചോദനമാകുമെന്ന് കരുതാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCmalayalam examEducation NewsKerala News
News Summary - SSLC malayalam exam
Next Story