ഗൾഫിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ മാറ്റി; പരീക്ഷക്ക് എത്താൻ കഴിയാത്തവർ ഉടൻ അപേക്ഷ നൽകണം
text_fieldsതിരുവനന്തപുരം: ഇറാന് നേരെയുള്ള ഇസ്രായേൽ-യു.എസ് സംയുക്ത ആക്രമണവും ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത പ്രതിസന്ധിയും കണക്കിലെടുത്ത് ഗൾഫിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഗൾഫ് മേഖലയിൽ മാർച്ച് അഞ്ചിലെ എസ്.എസ്.എൽ.സി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിലെ ഹയർ സെക്കൻഡറി പരീക്ഷയുമാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
യുദ്ധസമാന സാഹചര്യത്തെ തുടർന്ന് ഗൾഫിലും കേരളത്തിലും ചില വിദ്യാർത്ഥികൾക്ക് പരീക്ഷ സെന്ററുകളിൽ എത്തിച്ചേരാൻ കഴിയാതെ ആശങ്കയിലാണെന്ന് മനസ്സിലാക്കുന്നുണ്ട്. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കുഞ്ഞുങ്ങൾക്കൊപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.
പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾ എത്രയും പെട്ടെന്ന് പ്രഥമ അധ്യാപകർ/പ്രിൻസിപ്പൽ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകണം. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികൾക്ക് അനുകൂലമായ തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും
കേരളത്തിൽ 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 കുട്ടികളും, ഗൾഫ്‌മേഖലയിൽ 7 പരീക്ഷാകേന്ദ്രങ്ങളിലായി 633 കുട്ടികളും, ലക്ഷദ്വീപിൽ 9 പരീക്ഷാകേന്ദ്രങ്ങളിലായി 386 കുട്ടികളുമാണ് ഈ മാസം നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഹയർസെക്കന്ററി പരീക്ഷകൾക്ക് ആവശ്യമായ ഉത്തരക്കടലാസ്സുകളുടെ വിതരണം 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ സ്‌കൂളുകളിലും പൂർത്തീകരിച്ചു.
എസ്.എസ്.എൽ.സി പരീക്ഷ ചോദ്യപേപ്പർ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചു. സോർട്ടിങ് പൂർത്തിയാക്കി ബാങ്ക്/ട്രഷറി എന്നിവയുടെ സേഫ് ലോക്കറിലേയ്ക്ക് മാറ്റി. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആവശ്യമായ ചീഫ്‌സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ്‌സൂപ്രണ്ട് എന്നിവരുടെ നിയമനം പൂർത്തീകരിച്ചിട്ടുണ്ട്.
26,000ത്തോളം അധ്യാപകരാണ് സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയുടെ ഇൻവിജിലേഷൻ ജോലി നിർവഹിക്കുന്നത്. ഉത്തരക്കടലാസ് മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് ഏകദേശം 950 അഡീഷണൽ ചീഫ് എക്‌സാമിനർമാരെയും 9000 എക്‌സാമിനർമാരെയും 72 ക്യാമ്പുകളിലായി നിയമിക്കുന്നതിനായി ഇതിനോടകം തന്നെ അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്. പ്രസ്തുത അധ്യാപകർക്ക് മാർച്ച് രണ്ടാം വാരത്തിൽ തന്നെ നിയമന ഉത്തരവ് നൽകും. മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 7 ന് ആരംഭിച്ച് ഏപ്രിൽ 28 ന് പൂർത്തീകരിക്കും. 2026 മെയ് മൂന്നാംവാരത്തിനുള്ളിൽ എസ്.എസ്.എൽ.സി പരീക്ഷ ഫലപ്രഖ്യാപനം നടത്തും.
പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം
എസ് എസ് എൽ സി പരീക്ഷാ റിസൾട്ട് പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ അടുത്ത അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. എസ്എസ്എൽസി പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠന സാധ്യത ഉറപ്പാക്കും.
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 18 ന് ആയിരുന്നു.
മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി സമയബന്ധിതമായി പ്രവേശന നടപടികൾ അവസാനിപ്പിക്കും.
പ്ലസ് വൺ, പ്ലസ് ടു പരീക്ഷ
ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 5 നും രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 6 നും ആരംഭിക്കും. 4,11,025 വിദ്യാർഥികളാണ് ഒന്നാം വർഷ പരീക്ഷ എഴുതുന്നത്. 341222 കുട്ടികൾ
ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയും 4,52,437 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്കായി 1984 പരീക്ഷ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട് . കേരളത്തിൽ 1966ഉം ഗൾഫിൽ ഏഴും പരീക്ഷ കേന്ദ്രങ്ങളുണ്ട്. ലക്ഷദ്വീപിൽ ഒമ്പതും മാഹിയിൽ രണ്ടും പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. 29000 അധ്യാപകരാണ് ഇൻവിജിലേറ്റർമാരായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

