പഠിക്ക്, പഠിക്ക് എന്നു പറഞ്ഞ് ഇനി പിറകേ നടക്കല്ലേ; അവർ നന്നായി എഴുതിക്കോളും -മാർച്ച് മാസം മാതാപിതാക്കൾക്കും പരീക്ഷണ കാലം
text_fieldsഎസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ ഇങ്ങെത്തിക്കഴിഞ്ഞു. ഹൈസ്കൂൾ ക്ലാസുകളിൽ ചില പരീക്ഷകൾ തുടങ്ങിയിട്ടുമുണ്ട്. പൊതു പരീക്ഷകൾ എഴുതാൻ തയാറെടുത്തവർ ഇനിയുള്ള ദിവസങ്ങളിൽ ഉറക്കമിളച്ചു പഠിക്കാൻ പാടില്ല. പഠിച്ച കാര്യങ്ങൾ റിവൈസ് ചെയ്ത് നന്നായി ഉറങ്ങുക. നല്ല ഭക്ഷണം കഴിക്കുക. കടുത്ത ചൂടാണ് ഇടക്കിടെ വെള്ളം കുടിക്കാനും മറക്കരുത്.
ഏതു പരീക്ഷയായാലും ചെറിയൊരു പേടി എല്ലാവർക്കുമുണ്ടാകും. അത് സ്വാഭാവികമാണ്. അതിനെ കുറിച്ച് ബേജാറാകേണ്ട കാര്യമില്ല. ചെറിയൊരു നല്ലതാണ് താനും.
പഠിക്ക്, പഠിക്ക് എന്നുപറഞ്ഞ് മാതാപിതാക്കൾ കുട്ടികളെ നിരന്തരം അലോസരപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം. പകരം നല്ല ആത്മവിശ്വാസം പകരുക. ഒരിക്കലും സമ്മർദമുണ്ടാക്കരുത്.
പരീക്ഷ പടിവാതിൽക്കൽ എത്തുമ്പോൾ പഠിച്ചത് പലതും മറന്നുപോയി എന്ന തോന്നലുണ്ടാകും പലർക്കും. അതും കാര്യമാക്കേണ്ട. പഠിച്ച കാര്യങ്ങൾ പരീക്ഷാഹാളിലെത്തുമ്പോൾ ഓർമ വരുമെന്ന് ഉറപ്പിക്കുക. ഒരു പാട് പരീക്ഷകളെഴുതിയാണല്ലോ അവസാന പരീക്ഷക്ക് തയാറെടുക്കുന്നത്. മുമ്പത്തെ പരീക്ഷകളിലെ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
കണക്കിലെ സൂത്ര വാക്യങ്ങൾ മറന്നുപോകരുത്. സയൻസ് വിഷയങ്ങളിലെ ഫോർമുലകളും ഓർമിച്ചു വെക്കണം. പരീക്ഷാഹാളിൽ കയറുന്നതിന് മുമ്പ് നേരത്തേ തയാറാക്കിയ ചെറുകുറിപ്പുകൾ നോക്കുന്നത് വളരെ പ്രയോജനപ്രദമാണ്. നന്നായി പരീക്ഷ എഴുതാൻ കഴിയുമെന്നുറപ്പിച്ച് പരീക്ഷയുടെ തലേദിവസം നന്നായി ഉറങ്ങുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.