‘നീറ്റ്’ ഒരുക്കം ശ്രദ്ധയോടെ...
text_fieldsരാജ്യത്തെ പ്രധാന മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് -യു.ജി) മേയ് മൂന്നിന് രണ്ടുമണി മുതൽ അഞ്ചുവരെ രാജ്യത്തും വിദേശത്തും 69 കേന്ദ്രങ്ങളിലായി നടക്കുകയാണ്. 23 ലക്ഷത്തോളം വിദ്യാർഥികൾ എഴുതുന്ന പരീക്ഷ എന്ന നിലക്ക് വളരെ ഗൗരവത്തോടെ, ആത്മവിശ്വാസത്തോടെ അതിലുപരി ആത്മ സംയമനത്തോടെ, ടെൻഷൻ ഫ്രീ ആയി സമീപിക്കാൻ ഓരാ വിദ്യാർഥിക്കും കഴിയേണ്ടതുണ്ട്. പരീക്ഷക്കുമുമ്പ്, പരീക്ഷാ സമയത്ത്, ശേഷം വിദ്യാർഥികൾ വളരെ സൂക്ഷ്മതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കണം.
- അഡ്മിഷൻ കാർഡ്: മൂന്നു പേജുള്ള ഹാൾടിക്കറ്റ് neet .nta.nic.in സൈറ്റിൽ നിന്ന് ഡൗൺ ലോഡ് ചെയ്യുക. ഹാൾടിക്കറ്റിൽ ബാർ കോഡും ക്യൂ.ആർ കോഡും ഉണ്ടോ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അഡ്മിഷൻ കാർഡിലേക്കായി പാസ്പോർട്ട് സൈസ് രണ്ടു ഫോട്ടോ വേണം. വിരലടയാളവും പതിക്കണം. ഒപ്പ് കോളത്തിൽ പരീക്ഷ ഹാളിൽ ഇൻവിജിലേറ്ററുടെ മുന്നിൽ വെച്ചാണ് ഒപ്പിടേണ്ടത്. ഹാൾ ടിക്കറ്റിന്റെ രണ്ടാം പേജിൽ പോസ്റ്റ് കാർഡ് ഫോട്ടോ ഒട്ടിക്കണം. ഹാളിലേക്കുള്ള എൻട്രി ബയോ മെട്രിക്ക് സ്കാനിങ് ഉപയോഗിച്ച് ആയത് കൊണ്ട് പ്രൂഫായി ആധാർ കാർഡ് ഉണ്ടാകുന്നതാണ് നല്ലത്. ആധാർ കാർഡ് രണ്ടുവർഷം മുമ്പ് ഉള്ളതാണെങ്കിൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതുകൂടാതെ ഹാളിലേക്ക് അകം കാണാവുന്ന വെള്ളക്കുപ്പി മാത്രമാണ് കൊണ്ടുപോവാൻ അനുവദിക്കുക. ഭിന്നശേഷിക്കാരും സ്ക്രൈബ് വിദ്യാർഥികളും അതിന്റെ സർട്ടിഫിക്കറ്റുകൾ കൊണ്ടുപോകണം.
- ഡ്രസ് കോഡ്: ഡ്രസ് കോഡിനെ സംബന്ധിച്ച് നല്ല ധാരണയുണ്ടായിരിക്കണം. സംസ്കാരത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമായി വസ്ത്രം ധരിക്കുന്നവർ പ്രത്യേക പരിശോധനക്കായി 12.30നുള്ളിൽ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തേണ്ടതാണ്. 11 മണിക്ക് ഗേറ്റ് തുറക്കുന്നതിനാൽ ഈ സമയത്ത് റിപ്പോർട്ട് ചെയ്യാം. ഒന്നര മണിക്ക് ഗേറ്റ് അടക്കും.
- പരീക്ഷ: പരീക്ഷ ഹാളിലാണ് യഥാർഥ യുദ്ധം.180 മിനിറ്റുകൊണ്ട് 180 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. ബയോളജി,കെമിസ്ട്രി,ഫിസിക്സ് യഥാക്രമം 90,45,45 ആകെ 180 ചോദ്യങ്ങൾ. ടൈം മാനേജ് ചെയ്ത് ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാൻ കഴിയുന്നവർക്ക് മാത്രമേ ഉയർന്ന സ്കോർ വാങ്ങി ഫീസ് കുറഞ്ഞ ഇഷ്ടപ്പെട്ട ദേശീയ സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരം ലഭിക്കൂ. ശരിയുത്തരത്തിന് നാലുമാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം കുറയും.ആകെ മാർക്ക് 720. അതിനാൽ ഇനിയുള്ള സമയം പരമാവധി പരീക്ഷകൾ പ്രാക്ടീസ് ചെയ്യാൻ സമയം വിനിയോഗിക്കുക. 50 മിനിറ്റ് ബയോളജിക്കും 60 മിനിറ്റ് കെമിസ്ട്രിക്കും 70 മിനിറ്റ് ഫിസിക്സിനും ഉത്തരമെഴുതാൻ ഉപയോഗപ്പെടുത്തിക്കൊണ്ട് ശരിയായ ടൈം മാനേജ്മെന്റ് പാലിക്കാൻ ശ്രദ്ധിക്കുക. ആദ്യം എളുപ്പമുള്ള ചോദ്യങ്ങൾ ചെയ്യുക. ബുദ്ധിമുട്ടുള്ള ചോദ്യങ്ങളിൽ അധികസമയം ചെലവഴിക്കരുത്. പരീക്ഷക്കുശേഷം താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കും. ഒ.എം.ആർ ഷീറ്റുകളുടെ സ്കാൻ ചെയ്ത ഇമേജ്, റെസ്പോൺസുകൾ, ഉത്തരസൂചിക എന്നിവ എൻ.ടി.എ വെബ്സൈറ്റിൽ വിവിധ സമയങ്ങളിലായി പബ്ലിഷ് ചെയ്യും. ഇവയിൽ വല്ല അപാകതയും കാണുകയാണെങ്കിൽ ചലഞ്ച് ചെയ്യാനുള്ള സമയവും ഉണ്ടാവും.
പരീക്ഷക്കുശേഷം അലോട്ട്മെന്റ് വരെ എൻ.ടി.എ വെബ്സൈറ്റും നിങ്ങളുടെ മൊബൈൽ, ഇ-മെയിൽ മെസേജുകളും നിരന്തരം ശ്രദ്ധിച്ചുകൊണ്ടിരിക്കണം. നീറ്റ് നല്ല സ്കോർ കിട്ടിയാൽ മെഡിക്കൽ ബിരുദം മാത്രമല്ല,ആരോഗ്യ മേഖലയിലെ നിരവധി കോഴ്സുകളിലേക്കും അതുവഴി ഉയർന്ന കരിയർ അവസരങ്ങളും തുറന്നുകിട്ടും.
കൗൺസലിങ് പ്രക്രിയ
അഖിലേന്ത്യ തലത്തിൽ പ്രവേശനത്തിനായി വിവിധ കൗൺസലിങ് പ്രക്രിയയിൽ പങ്കെടുത്ത് തങ്ങൾക്ക് അനുയോജ്യമായ കോഴ്സുകൾക്ക് ചേരാം. എം.ബി.ബി.എസ്, ബി.ഡി.എസ്, നഴ്സിങ് കോഴ്സ് പ്രവേശനത്തിന് www.mcc.nic.in. വെബ്സൈറ്റിലൂടെ അഖിലേന്ത്യ പ്രവേശനത്തിന് കൗൺസലിങ് പ്രക്രിയയിൽ പങ്കെടുക്കാം.ആംഡ് ഫോഴ്സ് മെഡിക്കൽ കോളജിൽ ചേരാൻ ആഗ്രഹിക്കുന്നവർ എം.സി.സി പ്രവേശന പ്രക്രിയയിലൂടെ താൽപര്യം അറിയിക്കണം.
ആയുഷ് കോഴ്സുകളുടെ അഖിലേന്ത്യാ പ്രവേശനത്തിനുള്ള ആയുഷ് കൗൺസലിങ് www.aaccc.gov.in, വെറ്ററിനറി അഖിലേന്ത്യാ േക്വാട്ടാ പ്രവേശനത്തിനുള്ള വി.സി.ഐ കൗൺസലിങ് www.vci.admission.nic.in സൈറ്റിലും നടക്കും. മിലിറ്ററി നഴ്സിങ് പ്രവേശനത്തിന് സന്ദർശിക്കുക: www.joinindianarmy.nic.in.
കേരളത്തിലെ പ്രവേശനം കേരള എൻട്രൻസ് കമീഷണർ നടത്തുന്ന കൗൺസലിങ് പ്രക്രിയ www.cee.kerala.gov.inഎന്ന വെബ്സൈറ്റിലൂടെ നടക്കും. കേരളത്തിൽ മെഡിക്കൽ, ഡെന്റൽ കോഴ്സുകൾ കൂടാതെ 11 കോഴ്സുകളിലേക്കുള്ള പ്രവേശന പ്രക്രിയയും ഈ സൈറ്റിലൂടെയാണ് നടക്കുന്നത്.1)ആയുർവേദം,2)ഹോമിയോ,3)സിദ്ധ,4)യുനാനി,5)വെറ്ററിനറി സയൻസ്6),അഗ്രികൾചർ,7)ഫോറസ്ട്രി,8)ഫിഷറീസ്, 9)ബി.എസ് സി ബാങ്കിങ് ആൻഡ് കോഓപറേഷൻ,10)ക്ലൈമറ്റ് ചേഞ്ചിങ് ആൻഡ് എൻവിറോൺമെന്റൽ സയൻസ് 11)കാർഷിക സർവകലാശാലയിലെ ബി.ടെക് ബയോടെക്നോളജി.
‘നീറ്റ്’ ഒരു സാധാരണ പരീക്ഷയല്ല, നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള ആദ്യ പടിയാണ്. ഭയപ്പെടാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

