Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചോദ്യപേപ്പർ ചോർച്ച: പരീക്ഷാ സംവിധാനം അടിമുടി മാറ്റാൻ പാർലമെന്ററി സമിതി

text_fields
bookmark_border
ചോദ്യപേപ്പർ ചോർച്ച: പരീക്ഷാ സംവിധാനം അടിമുടി മാറ്റാൻ പാർലമെന്ററി സമിതി
cancel

ന്യൂഡൽഹി: തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചകളിൽ കളങ്കപ്പെട്ട ദേശീയ പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ പാർലമെന്ററി സമിതിയെ രൂപീകരിച്ച് കേന്ദ്ര സർക്കാർ. നീറ്റ് യുജി ഉൾപ്പടെയുള്ള പ്രധാന പരീക്ഷകളിലെ ക്രമക്കേടും കോച്ചിങ് സെന്ററുകളുടെ നിയന്ത്രണാതീതമായ പ്രവർത്തനവുമാണ് സമിതി പ്രധാനമായും പരിശോധിക്കുക.

ഈ വർഷം ആദ്യം മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് ചോദ്യപേപ്പർ ചോർന്നതും തുടർന്ന് ഉയർന്ന പ്രതിഷേധവുമാണ് കേന്ദ്രത്തെ വീണ്ടും പരിഷ്കരണ ചർച്ചകളിലേക്ക് എത്തിച്ചത്. ശക്തമായ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചിട്ടും നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കേണ്ടി വന്ന സാഹചര്യം നിലവിലെ സംവിധാനത്തിലെ ഗുരുതരമായ പാളിച്ചയാണ് തുറന്നുകാട്ടുന്നതെന്ന് മുൻ പാർലമെന്ററി സമിതി തന്നെ നിരീക്ഷിച്ചിരുന്നു.

നടപടിക്രമങ്ങളിലും സ്ഥാപനപരമായും അടിമുടി മാറ്റം വേണമെന്നായിരുന്നു ആ സമിതിയുടെ വിലയിരുത്തൽ. വിദ്യാഭ്യാസം, വനിത-ശിശു, യുവജന, കായികകാര്യം എന്നിവക്കായുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് വിഷയങ്ങൾ വിശദമായി പരിശോധിക്കുക. സെപ്റ്റംബറിൽ ഒരു വർഷത്തേക്ക് പുനഃസംഘടിപ്പിച്ച സമിതി 2026-27 വർഷത്തേക്കുള്ള അജണ്ടക്ക് അന്തിമരൂപം നൽകിയതായി ലോക്സഭാ ബുള്ളറ്റിൻ അറിയിച്ചു.

പരീക്ഷാ പരിഷ്കരണം മാത്രമല്ല സമിതിയുടെ പരിഗണനയിലുള്ളത്. ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കിയതിന്റെ പുരോഗതിയും യഥാർഥ നിലവാരവും സമിതി വിലയിരുത്തും. എൻ.സി.ഇ.ആർ.ടി, സി.ബി.എസ്.ഇ എന്നിവയുടെ പ്രവർത്തനവും പ്രകടനവും, സ്കൂളുകൾക്ക് അഫിലിയേഷൻ നൽകുന്ന രീതി, നിയന്ത്രണ സംവിധാനങ്ങൾ, പരീക്ഷാ നടത്തിപ്പിലെ കാര്യക്ഷമത, വിദേശത്തുള്ള സ്കൂളുകളുടെ പ്രവർത്തനം, കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോർഡിന്റെ പങ്ക് എന്നിവയും വിശദമായ പരിശോധനക്ക് വിധേയമാക്കും.

ഇതോടൊപ്പം സ്കൂൾ വിദ്യാഭ്യാസത്തിലെ വിദ്യാർഥികളുടെ ക്ഷേമവും പിന്തുണാ സംവിധാനങ്ങളും സമിതി പരിശോധിക്കും. ഇതിൽ വിദ്യാർഥികളുടെ ആരോഗ്യം, സുരക്ഷ, മാനസികാരോഗ്യം, സമഗ്ര വിദ്യാഭ്യാസം ഉറപ്പാക്കൽ, പരാതി പരിഹാര സംവിധാനങ്ങളുടെ ഫലപ്രാപ്തി എന്നിവ ഉൾപ്പെടുന്നു. വിദ്യാഭ്യാസ മേഖലയിലും വിദ്യാർഥികളുടെ തൊഴിലവസരങ്ങളിലും നിർമിതബുദ്ധിയും പുതിയ സാങ്കേതികവിദ്യകളും ഉണ്ടാക്കുന്ന സ്വാധീനവും അന്താരാഷ്ട്രവത്കരണവുമായി ബന്ധപ്പെട്ട യുജിസി ചട്ടങ്ങളും മാർഗനിർദേശങ്ങളും നടപ്പാക്കുന്നതിന്റെ പുരോഗതിയും സമിതിയുടെ പരിഗണനയിലുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Parliament Panel Exam Reforms
Next Story