‘അക്ഷരത്തെറ്റുകൾ പരീക്ഷകളിൽ അസാധാരണമല്ല’; യു.ജി.സി നെറ്റ് വിവാദത്തിൽ എൻ.ടി.എ
text_fieldsന്യൂഡൽഹി: ജൂൺ 30ന് നടന്ന യു.ജി.സി നെറ്റ് സോഷ്യോളജി പരീക്ഷാ ചോദ്യപേപ്പറിലെ അക്ഷരത്തെറ്റുകൾ, തെറ്റായ വിവർത്തനങ്ങൾ, സാമൂഹ്യശാസ്ത്രജ്ഞരുടെ പേരുകളിലെ പിഴവുകൾ, സിലബസിന് പുറത്തുള്ള ചോദ്യങ്ങൾ തുടങ്ങിയ പരാതികൾ പരിശോധിച്ചു വരികയാണെന്ന് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ). വിദ്യാർഥികളിൽ നിന്ന് ലഭിച്ച പരാതികൾ വിഷയ വിദഗ്ധർ പരിശോധിക്കുമെന്നും പിഴവുകൾ കണ്ടെത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എൻ.ടി.എ വ്യക്തമാക്കി.
പരീക്ഷ കഴിഞ്ഞതിന് പിന്നാലെ നിരവധി പരീക്ഷാർഥികൾ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യപേപ്പറിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നു. പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞരുടെ പേരുകൾ തെറ്റായി അച്ചടിച്ചതായും, നിരവധി അക്ഷര, വ്യാകരണ പിഴവുകൾ ഉണ്ടായിരുന്നുവെന്നും, ഹിന്ദി വിവർത്തനങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിലായിരുന്നുവെന്നും അവർ ആരോപിച്ചു. ചില ചോദ്യങ്ങൾ സിലബസിന് പുറത്തുള്ളതാണെന്നും ചോദ്യങ്ങൾ മനസ്സിലാക്കാൻ തന്നെ കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നതായും പരീക്ഷാർഥികൾ പറഞ്ഞു. ഇംഗ്ലീഷ് വിഷയത്തിലെ ചോദ്യങ്ങളിൽ ചിലത് മുൻവർഷ പരീക്ഷയിൽ നിന്ന് ആവർത്തിച്ചുവെന്ന ആരോപണവും ഉന്നയിച്ചിരുന്നു. സൈക്കോളജി ചോദ്യപേപ്പറിലും സമാന പരാതികൾ ഉയർന്നിരുന്നു.
അക്ഷരത്തെറ്റുകൾ പരീക്ഷകളിൽ അസാധാരണമല്ലെന്ന നിലപാടാണ് എൻ.ടി.എ സ്വീകരിച്ചത്. ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നത് വിഷയ വിദഗ്ധരാണെന്നും, വിദ്യാർഥികൾ ഔദ്യോഗിക ഗ്രീവൻസ് പോർട്ടൽ വഴി പരാതികൾ സമർപ്പിക്കണമെന്നും എൻ.ടി.എ ആവശ്യപ്പെട്ടു. പരാതികൾ ലഭിച്ച ശേഷം വിദഗ്ധ സമിതി വിശദമായി പരിശോധിച്ച്, തെറ്റുകൾ സ്ഥിരീകരിക്കപ്പെട്ടാൽ ചോദ്യങ്ങൾ പിൻവലിക്കുന്നതടക്കമുള്ള ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
പരീക്ഷാർഥിയായ അന്തര ചക്രബർത്തി സമൂഹമാധ്യമമായ എക്‌സിലൂടെ ഉന്നയിച്ച ആരോപണമാണ് വിവാദത്തിന് തുടക്കം. ‘അകാദമിക് ഉത്തരവാദിത്തത്തിന്റെ എല്ലാ പരിധികളും പരീക്ഷ മറികടന്നു’ എന്നായിരുന്നു അവരുടെ വിമർശനം. ചോദ്യപേപ്പറിന്റെ ഏകദേശം 50 ശതമാനത്തോളം ഭാഗങ്ങളിൽ അക്ഷരത്തെറ്റുകളും വ്യാകരണ പിഴവുകളും ഉണ്ടായിരുന്നുവെന്നും, പല ചോദ്യങ്ങളും മനസ്സിലാക്കാൻ പോലും ബുദ്ധിമുട്ടായിരുന്നുവെന്നും അവർ ആരോപിച്ചു. പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞനായ George Ritzerന്റെ പേര് ‘Putzer’ എന്നായിരുന്നു അച്ചടിച്ചിരുന്നത്. Talcott Parsons എന്നത് Parsow, G.S. Ghurye എന്നത് Ghunye, A.R. Desai എന്നത് A.K. Desai, Martha Nussbaum എന്നത് ‘Nusbaut’ എന്നിങ്ങനെ തെറ്റായാണ് നൽകിയതെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ ‘സോഷ്യൽ’ എന്ന വാക്ക് പോലും ചില ഭാഗങ്ങളിൽ തെറ്റായി അച്ചടിച്ചിരുന്നുവെന്നും അവർ ആരോപിച്ചു. ഹിന്ദി വിവർത്തനങ്ങൾ വളരെ മോശമായിരുന്നുവെന്നും പരീക്ഷാർഥികൾ പറയുന്നു. ചില ചോദ്യങ്ങൾ എ.ഐ ഉപയോഗിച്ച് തയാറാക്കിയതുപോലെയാണെന്നും, സിലബസുമായി ബന്ധമില്ലാത്ത ചിന്തകരെയും പുസ്തകങ്ങളെയും പരാമർശിച്ചതായും ആരോപണമുണ്ട്. ചോദ്യപേപ്പറുകൾ തയാറാക്കുന്നതിൽ എൻ.ടി.എക്ക് വീണ്ടും പിഴവ് സംഭവിച്ചതായി പരീക്ഷാർഥികൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

