പി.എസ്.സി പരീക്ഷ സെന്‍റർ മാറ്റാനുള്ള അപേക്ഷകളില്‍ നടപടിയില്ല; ഉദ്യോഗാർഥികൾ വിഷമത്തിൽ
text_fieldsകോഴിക്കോട്: ഈ മാസം 25ന് നടക്കാനിരിക്കുന്ന യു.പി.എസ്.സി പരീക്ഷക്ക് തൊട്ടുമുന്നെയായി പി.എസ്.സി ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പരീക്ഷ നടത്തുന്നത് ഉദ്യോഗാർഥികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. 24നാണ് പി.എസ്.സിയുടെ ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പരീക്ഷ നടക്കുന്നത്. 25ന് യു.പി.എസ്.സി പരീക്ഷയും. ഒരു വർഷം മുന്നേ പ്രഖ്യാപിച്ചതാണ് യു.പി.എസ്.സിയുടെ തീയതി. ഇതിനു ശേഷമാണ് തൊട്ടു മുന്‍പത്തെ തീയതിയിൽ പി.എസ്.സിയുടെ ഒന്നാം ഘട്ട പരീക്ഷ നടത്താൻ പ്രഖ്യാപനം വന്നത്. തീയതി മാറ്റണെന്ന ആവശ്യം ഉദ്യോഗാർഥികൾ ഉന്നയിച്ചിരുന്നെങ്കിലും ഇത് പുനപരിശോധിക്കപ്പെട്ടില്ല. ഇരു പരീക്ഷകളുടെയും സിലബസിൽ വ്യത്യാസമുള്ളതും പഠിക്കാൻ ഏറെയുള്ളതും ഉദ്യോഗാർഥികളുടെ തയാറെടുപ്പിനെ ബാധിക്കുന്നുണ്ട്.
ഉദ്യോഗാർഥികളിൽ പഠനത്തിനായി തിരുവനന്തപുരം അടക്കം സ്ഥലത്ത് നിൽക്കുന്നവരിൽ പലരും യു.പി.എസ്.സി പരീക്ഷയ്ക്കായി തിരഞ്ഞടുത്തിരിക്കുന്നത് അവർ പഠിക്കാൻ നിൽക്കുന്ന സ്ഥലം തന്നെയാണ്. എന്നാൽ, പി.എസ്.സിക്കാകട്ടെ, വിലാസമായി നൽകിയ അതേ ജില്ലയിൽ മാത്രമേ സെന്‍റർ അനുവദിക്കുകയുള്ളു. അതിനാൽ രണ്ടു പരീക്ഷകളും എഴുതാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ പ്രതിസന്ധിയിലാണ്. പി.എസ്.സി പരീക്ഷ ഉച്ചയ്ക്കു ശേഷമാണുള്ളത്. ഇതിനു ശേഷം, ദൂരെയുള്ള യു.പി.എസ്.സി സെന്‍ററിലേക്ക് ദീർഘദൂര യാത്ര നടത്തി എത്തുക എന്നത് ഉദ്യോഗാർത്ഥികൾക്ക് പ്രയാസകരമാണ്. എഴുതുന്ന രണ്ടു പരീക്ഷകളെയും ഇത് ബാധിക്കും.
ഏതെങ്കിലും ഒരു പരീക്ഷയെ എഴുതാൻ സാധിക്കുകയുള്ളൂ എന്ന അവസ്ഥയിലാണ് ഉദ്യോഗാർഥികൾ. പി.എസ്.സി ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പരീക്ഷയുടെ സെന്‍റർ മാറ്റിക്കിട്ടാനുള്ള അപേക്ഷകൾ പലരും നൽകിയിട്ടുണ്ടെങ്കിലും നടപടിയോ പരിഹാരമോ ആയിട്ടില്ല. ഒന്നാം ഘട്ട ഡിഗ്രി പ്രിലിംസിന് തീയതി ലഭിച്ചതും യു.പി.എസ്.സി. പരീക്ഷ എഴുതേണ്ടതുമുള്ള ഉദ്യോഗാർഥികൾക്ക് രണ്ടാം ഘട്ട ഡിഗ്രി പ്രിലിംസ് എഴുതാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. മുൻപും പല പരീക്ഷകൾക്കും, സമാനമായ നടപടി പി.എസ്.സി. സ്വീകരിച്ചിട്ടുണ്ട്. ഇനി ഏതാനും ദിവസങ്ങൾ മാത്രമേ പരീക്ഷകൾക്കുള്ളു എന്നതിലും ഇതുവരെ ഇതു സംബന്ധിച്ച് തീരുമാനമാകാത്തതിലും ഉദ്യോഗാർഥികൾ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

