നെറ്റ്​, നീറ്റ്​, ജെ.ഇ.ഇ പരീക്ഷകൾ ഇനി പുതിയ ഏജൻസിയുടെ മേൽനോട്ടത്തിൽ

15:17 PM
07/07/2018
neet-2018

ന്യൂഡൽഹി: സി.ബി.എസ്​.ഇ നിലവിൽ നടത്തി വരുന്ന നീറ്റ്​, ജെ.ഇ.ഇ (മെയ്ൻ) പരീക്ഷകളും നെറ്റ്​ എൻട്രൻസ്​ പരീക്ഷയും ഇനി മുതൽ ദേശീയ ടെസ്റ്റിങ്​ ഏജൻസി (എൻ.എ.ടി) നടത്തുമെന്ന്​ കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ്​ ജാവദേക്കർ. ഇനി മുതൽ എല്ലാ പരീക്ഷകളും കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ യോഗ്യതാ പരീക്ഷകൾ പുതിയ ഏജൻസിയുടെ കീഴിൽ നടത്താനുള്ള തീരുമാനം ജാവദേക്കർ അറിയിച്ചത്​.

നെറ്റ് പരീക്ഷ (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്​)​ ഡിസംബർ മാസവും ജെ.ഇ.ഇ പരീക്ഷ (ജോയിൻറ്​ എ​ൻട്രൻസ്​ എക്​സാം) ജനുവരി, ഏപ്രിൽ മാസങ്ങളിലും നീറ്റ് പരീക്ഷ​ (നാഷണൽ എലിജിബിലിറ്റി എൻട്രൻസ്​ ടെസ്റ്റ്​) ഫെബ്രുവരി, മെയ്​ മാസങ്ങളിലായിരിക്കും ഇനി നടത്തുക. വർഷം രണ്ടുതവണ വിദ്യാർഥികൾക്ക്​ നീറ്റ്​ പരീക്ഷയെഴുതാം. ഇതിൽ മികച്ച മാർക്കുകൾ നേടുന്നവർക്കായിരിക്കും അഡ്​മിഷൻ. ജെ.ഇ.ഇ പരീക്ഷയും സമാന രീതിയിൽ ആയിരിക്കും. ഒരു തവണ മാത്രം പരീക്ഷ എഴുതിയവരെ അയോഗ്യരാക്കില്ല.

കമ്പ്യൂട്ടർ ​അടിസ്ഥാനമാക്കിയുള്ള പരീക്ഷയായതിനാൽ വിദ്യാർഥികൾക്ക്​ വീട്ടിൽ നിന്നോ അംഗീകൃത കമ്പ്യൂട്ടർ സെന്‍ററുകളിൽ നിന്നോ സൗജന്യമായി പരീക്ഷകൾക്കു വേണ്ട ​തയ്യാറെടുപ്പുകൾ നടത്താം. സിലബസ്​, ചോദ്യങ്ങളുടെ മാതൃക, ഭാഷാ, ഫീസ്​ എന്നിവയിൽ മാറ്റമുണ്ടാകില്ല. നാല്​ മുതൽ അഞ്ച്​ ദിവസങ്ങളിലായായിരിക്കും പരീക്ഷകൾ നടത്തുകയെന്നും മന്ത്രി അറിയിച്ചു.

ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് പരീക്ഷാ പരിശീലനത്തിനായി പ്രത്യേക പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ ദേശീയ ടെസ്റ്റിങ്​ ഏജൻസി സ്ഥാപിക്കും. സ്കൂളുകളിലെയും എൻജിനീയറിങ് കോളജുകളിലെയും കമ്പ്യൂട്ടർ സെന്‍ററുകളെയും പരിശീല കേന്ദ്രങ്ങളായി കണ്ടെത്തും. ഇവിടെ ആഗസ്റ്റ് മൂന്നാം വാരം മുതൽ ശനി, ഞായർ ദിവസങ്ങളിൽ സൗജന്യമായി കുട്ടികൾക്ക് പരിശീലനം നേടാവുന്നതാണ്. 

അന്താരാഷ്ട്ര നിലവാരത്തിലേക്ക് പരീക്ഷകളെ ഉയർത്തുവാനാണ് പുതിയ ഏജൻസിയെ ഏൽപ്പിച്ചത്. പരീക്ഷാ നടത്തിപ്പിൽ ഉണ്ടാകുന്ന ക്രമക്കേടുകളും കുംഭകോണവും തട്ടിപ്പുകളും പുതിയ സംവിധാനത്തിലൂടെ തടയാൻ സാധിക്കുമെന്ന് ജാവദേക്കർ വ്യക്തമാക്കി. 

Loading...
COMMENTS