നീറ്റ് യു.ജി പുനഃപരീക്ഷാഫലം ഉടൻ; ഫലം കാത്തിരിക്കുന്നത് 20 ലക്ഷത്തിലധികം വിദ്യാർഥികൾ
text_fieldsന്യൂഡൽഹി: നീറ്റ് യു.ജി 2026 പുനഃപരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ജൂലൈ 20നകം ഫലം പ്രഖ്യാപിക്കാനാണ് ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻ.ടി.എ) നീക്കമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളിലൊന്നായ നീറ്റ് 20 ലക്ഷത്തിലേറെ വിദ്യാർഥികളാണ് എഴുതിയത്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയ് മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന് എൻ.ടി.എ ജൂൺ 21ന് പുനഃപരീക്ഷ നടത്തുകയായിരുന്നു.
പുനഃപരീക്ഷക്ക് ശേഷം താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിക്കുകയും വിദ്യാർഥികൾക്ക് പരാതികൾ രേഖപ്പെടുത്താൻ അവസരം നൽകുകയും ചെയ്തിരുന്നു. ലഭിച്ച പരാതികൾ പരിശോധിച്ച് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ച ശേഷമാകും ഫലം പ്രഖ്യാപിക്കുക. മൂല്യനിർണയ നടപടികൾ അവസാനഘട്ടത്തിലാണെന്നാണ് അധികൃതർ അറിയിച്ചു.
അതേസമയം, നീറ്റ് പുനഃപരീക്ഷയിലെ ഫിസിക്സ് വിഭാഗത്തിലെ ഒരു ചോദ്യത്തിന് ശരിയായ ഓപ്ഷനുകൾ ഇല്ലാത്തതിനെ തുടർന്ന് ആ ചോദ്യം തന്നെ ഒഴിവാക്കേണ്ടി വന്നു. മറ്റൊരു ചോദ്യത്തിന് ശരിയായ രണ്ട് ഉത്തരങ്ങളാണ് നൽകിയിരുന്നത്, ഇതിൽ ഏത് ഓപ്ഷൻ എഴുതിയവർക്കും മാർക്ക് നൽകാനാണ് നിലവിലെ തീരുമാനം. പരീക്ഷയിലെ ചോദ്യം തെറ്റാണെന്ന് കണ്ട് ഒഴിവാക്കിയ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ബോണസ് മാർക്ക് ലഭിക്കും.
ഫലം പ്രസിദ്ധീകരിച്ചാൽ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in വഴി അപേക്ഷാ നമ്പർ, ജനനത്തീയതി തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം. പുനഃപരീക്ഷ ഫലപ്രഖ്യാപനത്തിന് പിന്നാലെ മെഡിക്കൽ കൗൺസലിങ് നടപടികളും ആരംഭിക്കും. അക്കാദമിക് കലണ്ടറിൽ കാലതാമസം ഉണ്ടാകാതിരിക്കാനാണ് ഫലപ്രഖ്യാപനം വേഗത്തിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വലിയ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് നീറ്റ് പുനഃപരീക്ഷ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

