നീറ്റ് പരീക്ഷ റദ്ദാക്കൽ ദൗർഭാഗ്യകരം... വിദ്യാർഥികൾ ആത്മവിശ്വാസം കൈവിടാതെ പുതിയ അവസരമായി കാണണം -ഡോ. അനന്തു എസ്
text_fieldsനീറ്റ് 2026 പരീക്ഷ റദ്ദാക്കിയ സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയും നിരാശയും ഉയർന്നിരിക്കുകയാണ്. ലക്ഷക്കണക്കിന് വിദ്യാർഥികൾ വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത്, മാനസിക സമ്മർദ്ദവും സഹിച്ച് തയാറെടുത്ത് എഴുതിയ ഒരു പരീക്ഷ ഇത്തരത്തിൽ അനിശ്ചിതത്വത്തിലാകുന്നത് അത്യന്തം ദൗർഭാഗ്യകരമാണെന്ന് സൈലം ലേണിങ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. അനന്തു എസ്.
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട എൻട്രൻസ് പരീക്ഷയായ നീറ്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഒരിക്കലും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഉണ്ടാക്കരുതായിരുന്നു. വിദ്യാർഥികളുടെ ഭാവിയുമായി നേരിട്ട് ബന്ധപ്പെട്ട ഇത്തരം പരീക്ഷകളിൽ പരമാവധി സുതാര്യതയും സുരക്ഷയും ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തമാണ്. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും ക്രമക്കേടുകളും വിദ്യാർഥികളെയാണ് മാനസികമായും അക്കാദമികമായും ബാധിക്കുന്നത് എന്നത് അതീവ ആശങ്കാജനകമാണ്. പരീക്ഷാ സംവിധാനങ്ങളിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുമായി ശക്തമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു.
അതേസമയം, എല്ലാ വിദ്യാർഥികളോടും രക്ഷിതാക്കളോടും പറയാനുള്ളത് ആത്മവിശ്വാസം കൈവിടരുത് എന്നതാണ്. ഈ സാഹചര്യത്തെ ഒരു പുതിയ അവസരമായി കാണണം. ലഭിച്ചിരിക്കുന്ന അധിക സമയം കൂടുതൽ മികച്ച രീതിയിൽ തയ്യാറെടുക്കാനും മുൻപത്തേക്കാൾ നല്ല സ്കോർ നേടാനും ഉപയോഗപ്പെടുത്തുക. രക്ഷിതാക്കൾ ഈ സമയത്ത് കുട്ടികൾക്ക് കൂടുതൽ മാനസിക പിന്തുണ നൽകേണ്ടത് അത്യാവശ്യമാണ്. യാതൊരു തരത്തിലുമുള്ള സമ്മർദ്ദവും നൽകാതെ പൂർണമായും നിങ്ങൾ കുട്ടികളോടൊപ്പം നിൽക്കണം.
ഫ്രീ ക്ലാസ്സുകൾ, സ്റ്റഡി മെറ്റീരിയലുകൾ, മോഡൽ പരീക്ഷൾ തുടങ്ങി റി-നീറ്റ് എക്സാമിന് ആവശ്യമായ എല്ലാവിധ പിന്തുണകളുമായി സൈലം വിദ്യാർഥികളോടൊപ്പം ഉണ്ടാകുമെന്നും സൈലം ലേണിങ് സ്ഥാപകനും സി.ഇ.ഒയുമായ ഡോ. അനന്തു എസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

