പഴുതടച്ച സുരക്ഷയിൽ സംസ്ഥാനത്ത് 362 കേന്ദ്രങ്ങളിൽ ‘നീറ്റ്’ പരീക്ഷ; പരീക്ഷ എഴുതുന്നത് 1.28 ലക്ഷം പേർ
text_fieldsതിരുവനന്തപുരം: മേയ് നാലിന് നടക്കുന്ന മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി നടത്തിപ്പിന് പഴുതടച്ച ക്രമീകരണങ്ങളൊരുക്കി കേരളവും. പതിവിൽ നിന്ന് വ്യത്യസ്തമായി കേന്ദ്രനിർദേശ പ്രകാരം സംസ്ഥാന, ജില്ല തലങ്ങളിൽ പ്രത്യേക സമിതികൾ രൂപവത്കരിച്ചാണ് ക്രമീകരണങ്ങളൊരുക്കിയത്.
മുൻവർഷങ്ങളിൽ സ്വകാര്യ സി.ബി.എസ്.ഇ സ്കൂളുകളിലായിരുന്നു പരീക്ഷ കേന്ദ്രങ്ങളെങ്കിൽ ഇത്തവണ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും കോളജുകൾക്കും മുൻഗണന നൽകിയാണ് കേന്ദ്രങ്ങൾ നിശ്ചയിച്ചത്. സംസ്ഥാനത്താകെ 16 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിലായി 362 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്.
1.28 ലക്ഷം വിദ്യാർഥികളാണ് കേരളത്തിൽ നീറ്റ് പരീക്ഷക്കായി രജിസ്റ്റർ ചെയ്തത്. ഉച്ചക്കുശേഷം രണ്ടു മുതൽ അഞ്ചു മണിവരെയാണ് പരീക്ഷ. ജൂൺ 14നകം ഫലം പ്രസിദ്ധീകരിക്കും. കോളജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ ചെയർമാനും ഡി.ജി.പി മനോജ് എബ്രഹാം, നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അസി. ഡയറക്ടർ മൊഹിത് ഭരദ്വാജ്, എൻ.ഐ.സി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. സുചിത്ര പ്യാരേലാൽ, സംസ്ഥാന പ്രവേശനപരീക്ഷ കമീഷണർ ഡോ. അരുൺ എസ്. നായർ എന്നിവർ അംഗങ്ങളുമായ സമിതിക്കാണ് സംസ്ഥാനത്തെ പരീക്ഷ നടത്തിപ്പിന്റെ മേൽനോട്ട ചുമതല.
കഴിഞ്ഞ വർഷത്തെ ചോദ്യചോർച്ചയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഭ്യർഥന പ്രകാരം സംസ്ഥാന, ജില്ലതലങ്ങളിൽ സമിതി രൂപവത്കരിച്ചത്. ദേശസാൽകൃത ബാങ്കുകളിലെ ലോക്കറുകളിൽ ഉൾപ്പെടെയായിരിക്കും ചോദ്യപേപ്പർ സൂക്ഷിക്കുക. പൊലീസ് സുരക്ഷയിലായിരിക്കും ചോദ്യപേപ്പർ പരീക്ഷ കേന്ദ്രങ്ങളിലെത്തിക്കുക. പരീക്ഷ കേന്ദ്രങ്ങളിലും ആവശ്യമായ സുരക്ഷാ സംവിധാനമുറപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

