തിരുപ്പതിയിലെ ലോറി ഡ്രൈവറുടെ മകൾക്ക് ഇന്ത്യൻ എൻജിനീയറിങ് സർവീസ് പരീക്ഷയിൽ മികച്ച റാങ്ക്
text_fieldsതിരുപ്പതി: ഇന്ത്യൻ എൻജിനീയറിങ് സർവീസ് (ഐ.ഇ.എസ്)പരീക്ഷയിൽ മികച്ച റാങ്ക് നേടി നാടിന്റെ അഭിമാനമായിരിക്കുകയാണ് ദസരി ഇന്ദുമതി എന്ന മിടുക്കി. ആദ്യ ശ്രമത്തിൽ അഖിലേന്ത്യ തലത്തിൽ 75ാം റാങ്കാണ് ഇന്ദുമതി സ്വന്തമാക്കിയത്. തിരുപ്പതിയിലെ ലോറി ഡ്രൈവറുടെ മകളാണ് ഇന്ദുമതി.
ഇക്കണ്ട കാലമത്രയും കുടുംബത്തെ പോറ്റാനായി കഷ്ടപ്പെടുകയാണ് തനെന്നും ആ കഷ്ടപ്പാടുകൾക്ക് ഫലം കണ്ടുവെന്നതിന്റെ തെളിവാണ് മകളുടെ വിജയമെന്നും ഇന്ദുമതിയുടെ അച്ഛൻ പറഞ്ഞു. ''വിശ്വാസവും പഠിക്കാനുള്ള സ്വാതന്ത്ര്യവും അല്ലാതെ മറ്റൊന്നും ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ല. അവളുടെ വിജയത്തിലൂടെ ദൈവം എല്ലാം തിരികെ നൽകി''-ഇന്ദുമതിയുടെ അമ്മ പറയുന്നു.
മുമ്പ് പഠിച്ച സ്കൂളിലെ അധ്യാപകൻ കെ. കൃഷ്ണമൂർത്തിയായിരുന്നു ഇന്ദുമതിയുടെ മെന്ററും വഴികാട്ടിയും. ചെറിയ തരത്തിലുള്ള ഉപദേശങ്ങൾ പോലും ഒരു വിദ്യാർഥിയുടെ ഭാവിയെ വലുതായി സ്വാധീനിക്കുന്നു എന്ന് കാണുന്നതിൽ അഭിമാനം തോന്നുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. സ്കൂൾ കാലം തൊട്ടേ ഇന്ദുമതിയിലെ അച്ചടക്കവും ലക്ഷ്യബോധവം തന്നെ ആശ്ചര്യപ്പെടുത്തി. താൻ പകർന്നുകൊടുത്ത പാഠങ്ങൾ വളരെ ചെറിയ രീതിയിൽ മാത്രമേ ഇന്ദുമതിയുടെ വിജയത്തിനെ സ്വാധീനിച്ചിട്ടുളളൂ. എന്നാലും അതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലസ്ടു നല്ല മാർക്കോടെ പാസായശേഷം പല സ്വകാര്യ കോളജുകളും ഫീസില്ലാതെ ഇന്ദുമതിയെ പഠിപ്പിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ബിരുദ കോഴ്സിനു പകരം തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സ് ചെയ്യുന്നതാണ് നല്ലതെന്ന് കൃഷ്ണമൂർത്തി ഇന്ദുമതിയോട് സൂചിപ്പിച്ചു. അതനുസരിച്ച് ആ പെൺകുട്ടി തിരുപ്പതി ഗവ. പോളിടെക്നിക്ക് കോളജിൽ ചേർന്നു. അതിനു ശേഷം ഗുണ്ടൂരിലെ എൻ.ആർ.ഐ കോളജിൽ നിന്ന് സ്വർണ മെഡലോടെ ബി.ടെക് ബിരുദവും നേടി. പഠനം കഴിഞ്ഞയുടൻ കാംപസ് പ്ലേസ്മെന്റ് വഴി ബോസ്റ്റണിലെ ഒരു കമ്പനിയിൽ 10 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ജോലി ഓഫർ ലഭിച്ചു. എന്നാൽ ആ ജോലി ഇന്ദുമതി സ്വീകരിച്ചില്ല. പകരം സർക്കാർ ജോലികൾക്കായി മത്സര പരീക്ഷകളിൽ ശ്രദ്ധിച്ചു. കുടുംബവും പൂർണ പിന്തുണ നൽകി.
സിവിൽ സർവീസും ഇന്ദുമതിയുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഒരിക്കലും തന്റെ തീരുമാനങ്ങളെ മാതാപിതാക്കൾ ചോദ്യം ചെയ്തിരുന്നില്ലെന്ന് ഇന്ദുമതി പറയുന്നു. പകരം ആത്മാർഥതയോടെ പഠിക്കാൻ പറഞ്ഞു. എന്തുവന്നാലും കൂടെ ഉണ്ടാകുമെന്ന് ഉറപ്പുനൽകി.
ഡൽഹിയിലേക്ക് പരിശീലനത്തിന് പോകാൻ തീരുമാനിച്ചപ്പോൾ മെന്റർ എല്ലാ പിന്തുണയും നൽകി. ബന്ധുക്കളും ഉദാരമനസ്കരുമാണ് ഒന്നരലക്ഷത്തോളമുള്ള ഫീസ് തുക അടക്കാനുള്ള പണം സ്വരൂപിച്ചു നൽകിയത്. മാതാപിതാക്കൾക്ക് ഇന്ദുമതിയുടെ പഠനച്ചെലവ് ബുദ്ധിമുട്ടാകരുത് എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇന്ദുമതിയുടെ സ്കൂളിലെ പൂർവ വിദ്യാർഥികളിൽ പലരും ആത്മവിശ്വാസം പകർന്നു. ഇക്കഴിഞ്ഞ ഡിസംബർ 17നായിരുന്നു ഐ.ഇ.എസ് ഫലമറിഞ്ഞത്. ശ്രദ്ധാപൂർവം പഠിക്കുകയും കഠിനാധ്വാനം ചെയ്യാൻ തയാറാവുകയും ചെയ്യുന്ന ആർക്കും ഇത്തരത്തിലുള്ള വിജയങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന് കൃഷ്ണമൂർത്തി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

