Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightദിവസവും ആറുമണിക്കൂർ...

ദിവസവും ആറുമണിക്കൂർ മാത്രം പഠനം, സംശയങ്ങൾ പഠന അവസരങ്ങളാക്കി... ജെ.ഇ.ഇ അഡ്വാൻസ്ഡ് ഉന്നത റാങ്കുകാരുടെ വിജയ രഹസ്യം

text_fields
bookmark_border
Shubham Kumar, Kabeer Chhillar, Jatin Chahar and Arohi Deshpande
cancel

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ്. ജെ.ഇ.ഇ അഡ്വാൻസ്ഡിന്റെ ഫലം കഴിഞ്ഞദിവസം ഐ.ഐ.ടി കാൺപൂർ പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്ത 1,87,389 വിദ്യാർഥികളിൽ 1,79,694 പേർ പരീക്ഷയെഴുതി. ഇതിൽ 10,107 പെൺകുട്ടികൾ ഉൾപ്പെടെ 56,880 ​വിദ്യാർഥികളാണ് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.

അഖിലേന്ത്യ തലത്തിൽ 360ൽ 330 മാർക്ക് നേടി ബിഹാർ സ്വദേശിയായ ശുഭം കുമാർ ഒന്നാം റാങ്ക് സ്വന്തമാക്കി. 329 മാർക്ക് ​നേടി കബീർ ചില്ലർ രണ്ടാം സ്ഥാനത്തും 319 മാർക്ക് നേടി ജതിൻ ചാഹർ മൂന്നാം സ്ഥാനത്തുമെത്തി. ഐ.ഐ.ടി ഡൽഹി സോണിലെ വിദ്യാർഥികൾക്കാണ് ആദ്യ മൂന്ന് റാങ്കുകളും. 280 മാർക്ക് നേടി 77ാം റാങ്കോടെ പെൺകുട്ടികളിൽ ഒന്നാം റാങ്കുകാരിയായ ആരോഹി ദേശ്പാണ്ഡെയും ഐ.ഐ.ടി ഡൽഹി സോണിലെ വിദ്യാർഥിയാണ്.

പഠിക്കാൻ പഠിച്ചത് ചേച്ചിയിൽനിന്ന് - ശുഭം കുമാർ

അച്ചടക്കം, സ്ഥിരത, സമ്മർദ്ദത്തിന് വഴങ്ങാതിരിക്കൽ തുടങ്ങിയവയിലൂടെയാണ് ശുഭം കുമാറിന്റെ റാങ്ക് ജേതാവിലേക്കുള്ള യാത്ര. ബിഹാറിലെ ഗയയിൽനിന്നുള്ള ശുഭം കുമാർ ജെ.ഇ.ഇ മെയിനിൽ 100 ശതമാനം മാർക്ക് നേടിയിരുന്നു. തന്റെ വിജയത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് കുടുംബത്തിന്റെയും അധ്യാപകരുടെയും പിന്തുണയാണെന്ന് ശുഭം പറയുന്നു. ഐ.​ഐ.ടി പട്ണയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കുന്ന സഹോദരിയും സ്വാധീനം ചെലുത്തി. പഠിക്കാനും കുറിപ്പുകൾ സൂക്ഷിക്കാനും മൊഡ്യൂളുകൾ പരിഹരിക്കാനും പഠിച്ചത് അവരിൽ നിന്നായിരുന്നു.

ഒരു ദിവസം 18 മണിക്കൂറോളം പഠിച്ച് റാങ്ക് വാങ്ങാൻ കഴിയില്ലെന്നാണ് ശുഭം കുമാറിന്റെ അഭിപ്രായം. കോച്ചിങ് ക്ലാസുകൾക്ക് പുറമെ എല്ലാ ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് ശുഭം കുമാറിന്റെ പഠനം. ക്ലാസ് മുറിയിലെ വിഷയങ്ങള്‍ അതേദിവസം തന്നെ പഠിക്കുകയും പതിവായി ചോദ്യങ്ങള്‍ പരിശീലിക്കുകയും ചെയ്തു. സംശയങ്ങൾ പോലും പഠന അവസരങ്ങളായി മാറ്റി. സമപ്രായക്കാരുമായി സംശയങ്ങൾ ചർച്ച ചെയ്യുന്നത് പഠനം മെച്ചപ്പെടുത്താൻ സഹായിച്ചുവെന്നും ശുഭം കുമാർ പറയുന്നു.

പഠന നിലവാരമാണ് പ്രധാനം -കബീർ ചില്ലർ

ഗുരുഗ്രാമിലെ വിദ്യാർഥിയാണ് കബീർ ചില്ലർ. ജെ.ഇ.ഇ മെയിനിൽ 300ൽ 300 മാർക്ക് നേടി അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക് നേടിയിരുന്നു. പഠിക്കുന്ന കാര്യങ്ങൾ വ്യക്തമായി മനസിലാക്കണം, പഠനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് പ്രധാനമെന്നും കബീർ പറയുന്നു. ദിവസവും 15 മണിക്കൂർ പഠിക്കുകയും മറ്റൊന്നും ചെയ്യാതിരിക്കുകയും ചെയ്യണമെന്ന് കരുതുന്നത് ​ശരിയല്ല. അങ്ങനെയൊരിക്കലും ചെയ്തിട്ടില്ല. ആശയ വ്യക്തത, പതിവ് പുനരവലോകനം, നിരന്തരമായ ആത്മവിശകലനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പതിവായി മോക്ക് ടെസ്റ്റുകൾ എടുക്കുന്നതിനൊപ്പം, ഓരോ പേപ്പറും ആഴത്തിൽ വിശകലനം ചെയ്തു. മനഃപാഠമാക്കുന്നതിനുപകരം മനസ്സിലാക്കുന്നതായിരുന്നു തന്റെ സമീപനമെന്നും കബീർ പറയുന്നു.

അവസാന നിമിഷത്തെ ഓട്ടപ്പാച്ചിൽ വേണ്ട -ജതിൻ ചാഹർ

അവസാന നിമിഷ​ത്തെ ഓട്ടപ്പാച്ചിലിന് പകരം സ്ഥിര​തയോടെയുള്ള മുന്നൊരുക്കമായിരുന്നു ജതിൻ ചാഹറിന്റെ വിജയമ​ന്ത്രം. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ഗോത്ത് ഗ്രാമത്തിൽനിന്നുള്ള വിദ്യാർഥിയാണ് ജതിൻ. ഒരു ദിവസത്തെ കഠിനാധ്വാനം കൊണ്ട് വിജയം കൈവരിക്കാനാകില്ലെന്നും ദിവസേനയുള്ള ചെറിയ ശ്രമങ്ങളാണ് മികച്ച ഫലങ്ങളിലേക്ക് നയിക്കുന്നതെന്നും ചാഹർ കരുതുന്നു. വിഷയത്തെ ആഴത്തിൽ മനസിലാക്കണം. രാവിലെ മുതൽ ഉച്ചവരെ കോച്ചിങ് ക്ലാസുകളിൽ പ​ങ്കെടുത്തു. ദിവസവും പാഠങ്ങൾ പഠിച്ചു. പ്രാക്ടീസ് ഷീറ്റുകൾ കൈകാര്യം ചെയ്തു. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ സ്വയം പഠനത്തിനായി നീക്കിവെച്ചുവെന്നും ചാഹർ പറയുന്നു.

മാനസികാരോഗ്യമാണ് പ്രധാനം -ആരോഹി ദേഷ്പാണ്ഡെ

നല്ലതുപോലെ ഉറങ്ങാൻ സമയം കണ്ടെത്തിയെന്നും ദീർഘനേരത്തെ പഠനം ഉയർന്ന മാർക്ക് നേടാൻ സഹായിക്കുമെന്ന് കരുതുന്നില്ലെന്നും ആരോഹി പറയുന്നു. കുറിപ്പുകളിലൂടെയും കളർ കോഡിങ്ങുകളിലൂടെയും മനസിലാക്കിയായിരുന്നു ആരോഹിയുടെ പഠനം. ഉയർന്ന മാർക്ക് നേടാൻ മാനസികാരോഗ്യം നിലനിർത്തേണ്ടത് ആവശ്യമാണെന്നും അവർ പറയുന്നു.

ഫലം പ്രഖ്യാപിച്ച​തോടെ ഐ.ഐ.ടി, എൻ.ഐ.ടി, ഐ.ഐ.ഐ.ടി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായുള്ള ജോസ കൗൺസിലിങ് നടപടികൾ ഉടൻ ആരംഭിക്കും. പ്ലസ് ടു മാർക്ക് എത്രയാണെങ്കിലും യോഗ്യത നേടിയ എല്ലാ വിദ്യാർഥികളോടും കൗൺസിലിങ്ങിൽ പങ്കെടുക്കാൻ അധികൃതർ നിർദേശം നൽകി. എങ്കിലും ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026 നിർദേശങ്ങളിൽ പരാമർശിച്ചിരിക്കുന്ന യോഗ്യതാ വ്യവസ്ഥകൾക്ക് വിധേയമായായിരിക്കും അന്തിമ പ്രവേശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examsjee mainJEE Advanced
News Summary - JEE Advanced AIR 1 studied just 6 hours a day Toppers reveal what really worked
Next Story