ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026 മേയ് 17ന്; പരീക്ഷാ തീയതി പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: ഐ.ഐ.ടികളിൽ ബിരുദ പ്രോഗ്രാമുകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026 മേയ് 17ന് നടക്കും. പരീക്ഷാനടത്തിപ്പ് ചുമതലയുള്ള റൂർക്കീ ഐ.ഐ.ടിയാണ് ടൈംടേബിൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
ജെ.ഇ.ഇ മെയിൽ പേപ്പർ 1ൽ ബി.ഇ/ബി.ടെക് വിവിധ കാറ്റഗറികളിൽ നിന്ന് മുന്നിലെത്തുന്ന രണ്ടരലക്ഷം വിദ്യാർഥികൾക്കാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ കഴിയുക.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ ജെ.ഇ.ഇ മെയിൻ ജനുവരി, ഏപ്രിൽ മാസങ്ങളിൽ രണ്ട് സെഷനുകളായാണ് നടത്തുക. 2026 ജനുവരി 21-30 വരെയാണ് ആദ്യ സെഷൻ. ഫലം 2026 ഫെബ്രുവരി 12ന് പ്രഖ്യാപിക്കും. രണ്ടാം സെഷൻ 2026 ഏപ്രിൽ 1-10 വരെയും നടത്തും. ഫലം 2026 ഏപ്രിൽ 20ന് പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക് https://jeeadv.ac.in/ കാണുക.
എൻ.ഐ.ടികൾ, ഐ.ഐ.ടികൾ, കേന്ദ്ര ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സാങ്കേതിക സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാറുകള്‍ ധനസഹായം നല്‍കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ സ്ഥാപനങ്ങൾ/സർവകലാശാലകൾ എന്നിവിടങ്ങളിലെ ബിരുദ എൻജിനീയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശത്തിനാണ് ജെ.ഇ.ഇ മെയിൻ പേപ്പർ 1 നടത്തുന്നത്.
രാജ്യത്തുടനീളമുള്ള ബി.ആർക്ക്, പ്ലാനിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് പേപ്പർ 2. ജെ.ഇ.ഇ അഡ്വാൻസ്ഡിലേക്കുള്ള യോഗ്യത പരീക്ഷ കൂടിയാണ് ജെ.ഇ.ഇ മെയിൻ.
വിവിധ ഐ.ഐ.ടികൾ ഓരോ വർഷവും മാറിമാറിയാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ നടത്തുന്നത്. ജെ.ഇ.ഇ മെയിനെ അപേക്ഷിച്ച് കടുകട്ടിയാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ്. ആഴത്തിലുള്ള അവഗാഹവും കണക്കുകൾ പെട്ടെന്ന് ചെയ്യാനുള്ള കഴിവും അഡ്വാൻസ്ഡിന് അനിവാര്യമാണ്.
വിദ്യാർഥികൾക്ക് തുടർച്ചയായി മൂന്ന് വർഷം ജെ.ഇ.ഇ മെയിനിന് അപേക്ഷിക്കാം. ഓരോ വർഷവും രണ്ട് തവണ പരീക്ഷ എഴുതാം. എന്നാൽ ജെ.ഇ.ഇ അഡ്വാൻസ്ഡ് തുടർച്ചയായി രണ്ട് വർഷങ്ങളിൽ രണ്ടുതവണ മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

