വീണ്ടും നാണക്കേടായി ഗുജറാത്ത്: 10ാം ക്ലാസിൽ ഒരുകുട്ടി പോലും ജയിക്കാത്ത 157 സ്‌കൂളുകൾ
text_fieldsഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായി പട്ടേൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം (ഫയൽചിത്രം)
അഹ്മദാബാദ്: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന് തന്നെ നാണക്കേടായി പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത്. ഈ വർഷത്തെ 10ാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്തെ 157 സ്‌കൂളുകളിൽ ഒരുവിദ്യാർഥി പോലും ജയിച്ചില്ല. 1084 സ്‌കൂളുകളിലാകട്ടെ, 30 ശതമാനത്തിൽ താഴെ മാത്രമാണ് വിജയശതമാനം. 2022ൽ നടന്ന പരീക്ഷയിൽ 121 സ്കൂളുകളായിരുന്നു ‘വട്ടപ്പൂജ്യം’ നേടിയത്. ഇക്കുറി 36 സ്കൂളുകൾ കൂടി സംപൂജ്യരുടെ പട്ടികയിൽ ഇടംപിടിച്ചു.
ഗുജറാത്ത് സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് (ജി.എസ്.ഇ.ബി) നടത്തിയ പത്താം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നലെയാണ് പുറത്തുവിട്ടത്. ആകെ 7.34 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 4.74 ലക്ഷം വിദ്യാർത്ഥികൾ മാത്രമാണ് വിജയിച്ചത്. 64.62 ആണ് വിജയശതമാനം.
2022ൽ 65.18 ആയിരുന്ന വിജയശതമാനം ഇത്തവണ കുറഞ്ഞു. കഴിഞ്ഞവർഷം 71.66 ശതമാനം പെൺകുട്ടികൾ പരീക്ഷ പാസായപ്പോൾ 59.92 ആയിരുന്നു ആൺകുട്ടികളുടെ വിജയ ശതമാനം.
ജില്ലാതലത്തിൽ 76 ശതമാനം വിദ്യാർഥികൾ വിജയിച്ച സൂറത്ത് ഒന്നാമതെത്തി. ആദിവാസി ഗോത്ര വിഭാഗങ്ങൾ ഭൂരിപക്ഷമായ ദാഹോദ് ജില്ലയാണ് ഏറ്റവും പിന്നിൽ. 40.75 ശതമാനം വിദ്യാർഥികൾ മാത്രമാണ് ഇവിടെ വിജയിച്ചത്.
സംസ്ഥാനത്ത് 272 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. 6111 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ1 ഗ്രേഡും 44480 പേർ എ2 ഗ്രേഡും 1,27,652 വിദ്യാർഥികൾ ബി2 ഗ്രേഡോടെയും വിജയിച്ചു. മുൻവർഷങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇത്തവണ വീണ്ടും പരീക്ഷയെഴുതിയ 1,65,690 കുട്ടികളിൽ 27,446 പേർ മാത്രമാണ് വിജയിച്ചത്. ഫലം www.gseb.org എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
2019ൽ പരീക്ഷയെഴുതിയ 63 സ്കൂളുകളിൽ ഒറ്റക്കുട്ടി പോലും വിജയിച്ചിരുന്നില്ല. 66.97 ശതമാനമായിരുന്നു വിജയശതമാനം. 8,22,823 വിദ്യാർഥികളിൽ 5,51,023 പേർ മാത്രമാണ് വിജയിച്ചത്. 63 സ്‌കൂളുകളിൽ ഒരു വിദ്യാർഥി പോലും പരീക്ഷയിൽ വിജയിച്ചില്ലെന്നും 366 സ്‌കൂളുകൾ 100 ശതമാനം വിജയം നേടിയെന്നും ബോർഡ് ചെയർമാൻ എ.ജെ. ഷാ അറിയിച്ചിരുന്നു.
ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാണ് ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയത്. 88.11 ശതമാനം. ഹിന്ദി മീഡിയം വിദ്യാർഥികളിൽ 72.66 ശതമാനം വിദ്യാർഥികളും വിജയിച്ചപ്പോൾ, ഗുജറാത്തി മീഡിയത്തിലാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ വിജയിച്ചത്. സംസ്ഥാനത്തിന്റെ മാതൃഭാഷയിൽ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ വെറും 64.58 ശതമാനം മാത്രമാണ് വിജയംവരിച്ചത്.