ഇനി അവസാന ലാപ്പിലേക്ക്... ഹാൾടിക്കറ്റ്, പേന, പെൻസിൽ ഒന്നും മറക്കല്ലേ
text_fieldsപഠിച്ചതെല്ലാം ഒരാവർത്തി കൂടി ഉറപ്പിച്ച് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളെഴുതാൻ നാളെ എല്ലാവരും പരീക്ഷാഹാളിലേക്ക് പോവുകയാണ്. മാതാപിതാക്കളും ഏറെ ശ്രദ്ധിക്കേണ്ട കാലമാണിത്. കുട്ടികളേക്കാൾ ടെൻഷനാണ് ഇപ്പോഴത്തെ മാതാപിതാക്കൾക്ക്. ഒരിക്കലും എ പ്ലസുകളെ കുറിച്ച് പറിഞ്ഞ് അവരെ ആധി കയറ്റരുത്. പ്രൈമറി ക്ലാസുകൾ മുതൽ എത്രയോ പരീക്ഷകൾ എഴുതുന്നവരാണ് ബോർഡ് പരീക്ഷക്ക് തയാറെടുക്കുന്നത്. അതിനാൽ പരീക്ഷയെ കുറിച്ചുള്ള പേടി മാറ്റിവെക്കാൻ പറയണം.
താരതമ്യം അരുത്
പരീക്ഷാസമയത്തെ അമിതഫോൺ ഉപയോഗം കുറക്കാൻ രക്ഷിതാക്കൾക്ക് മുൻകൈ എടുക്കാം. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിനാണ് ഒരുങ്ങുന്നതെന്ന് അവരെ ബോധ്യപ്പെടുത്തണം. അതുപോലെ മറ്റ് കുട്ടികളുമായുള്ള താരതമ്യം ഒരിക്കലും വേണ്ട. അവൻ നന്നായി പഠിക്കുന്നുണ്ടല്ലോ...നീയിങ്ങനെ നടന്നോ എന്ന രീതിയിലുള്ള കുറ്റപ്പെടുത്തലുകളും താരതമ്യം ചെയ്യലും ഒരിക്കലും പാടില്ല. പകരം അവർക്ക് മോട്ടിവേഷൻ നൽകുകയാണ് വേണ്ടത്. നല്ല ഭക്ഷണം നൽകുക. ഇടക്കിടെ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കുക. ഇന്നത്തെ ദിവസം രാത്രി അവർ നന്നായി ഉറങ്ങട്ടെ...അതിനുള്ള അവസരം ഒരുക്കുക.
പരീക്ഷക്ക് പോകുംമുമ്പേ കൊണ്ടുപോകേണ്ട സാധനങ്ങളെ കുറിച്ച് കൃത്യമായി ഓർത്തുവെക്കാൻ അവരോട് പറയണം. ഹാൾടിക്കറ്റ്, പേന, പെൻസിൽ എന്നിവയൊക്കെ മറക്കാതെ എടുത്തുവെക്കണം.
സമ്മർദം വേണ്ടേ വേണ്ട
പരീക്ഷാഹാളിലെത്തിയാൽ സമ്മർദം കുറക്കാൻ ശ്രദ്ധിക്കണം. ടൈം മാനേജ്മെന്റ് ആണ് അവിടെ പ്രധാനം. ചോദ്യപേപ്പറിലെ നിർദേശങ്ങൾ നന്നായി വായിച്ചുനോക്കണം. ചെറിയ മാർക്കുള്ള ചോദ്യങ്ങൾക്ക് കുറച്ചു പോയന്റുകൾ മതി ഉത്തരങ്ങളിൽ. എന്തൊക്കെ എഴുതാമെന്ന് കൂൾ ഓഫ് ടൈമിൽ തന്നെ ആലോചിക്കുക. വിവരിക്കേണ്ട ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ കുറച്ചു കൂടി സമയം മാറ്റിവെക്കണം. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാം പ്രത്യേകം സമയക്രമം പാലിക്കണം. ഉത്തരക്കടലാസിൽ രജിസ്റ്റർ നമ്പർ തെറ്റാതെ എഴുതണം. ആദ്യത്തെ മുക്കാൽ മണിക്കൂർ നിർണായകമാണ്. അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ, സമയം മതിയാകില്ല എന്ന് കണ്ടാൽ ഏറ്റവും നന്നായി അറിയാവുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ശ്രദ്ധിക്കണം. എസ്.എസ്.എൽ.സി എന്നത് ഒരു ചവിട്ടുപടിയാണ്. അതു കഴിഞ്ഞ് എത്രയോ പരീക്ഷകൾ ബാക്കി കിടക്കുന്നുണ്ട്.
എല്ലാവർക്കും പഠിച്ചതൊക്കെ ഓർമയിൽ വരട്ടെ...നന്നായി എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.