സി.യു.ഇ.ടി-യു.ജി ഫലം ഇന്ന് രാത്രി 10 മണിയോടെ അറിയാം
text_fieldsകേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി) യു.ജി ഫലം ഇന്ന് രാത്രി 10 മണിയോടെ പ്രഖ്യാപിക്കുമെന്ന് യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷൻ (യു.ജി.സി)അറിയിച്ചു. cuet.samarth.ac.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലമറിയാൻ സാധിക്കും.
സെപ്റ്റംബർ 15ന് ഫലം പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞാഴ്ച യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷൻ ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചിരുന്നു.
ഫലം ഇങ്ങനെ അറിയാം
cuet.samarth.ac.in വെബ്സൈറ്റിൽ കയറി സി.യു.ഇ.ടി യു.ജി അപേക്ഷ നമ്പറും ജനനതീയതിയും നൽകി വിദ്യാർഥികൾക്ക് എന്റർചെയ്താൽ ഫലമറിയാൻ സാധിക്കും. കേന്ദ്ര സർവകലാശാലകളടക്കമുള്ള 46 യൂനിവേഴ്സിറ്റികളിലെ ബിരുദ പ്രവേശനത്തിനായാണ് സി.യു.ഇ.ടി യു.ജി പരീക്ഷ നടത്തിയത്.
ആറു ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്. ജൂലൈ 15ന് തുടങ്ങിയ പരീക്ഷ ആഗസ്റ്റ് 30നാണ് അവസാനിച്ചത്. അവസാന നിമിഷം പരീക്ഷകേന്ദ്രങ്ങൾ മാറ്റൽ, വിദ്യാർഥികളെ അറിയിക്കാതെ പരീക്ഷ തീയതി മാറ്റൽ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പരീക്ഷയായ സി.യു.ഇ.ടിക്ക് 14.9 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 60 ശതമാനം പേരാണ് പരീക്ഷയെഴുതിയത്. ഫലം പ്രഖ്യാപിച്ചാൽ സർവകലാശാലകളിലെ പ്രവേശന നടപടികൾ ഉടൻ പൂർത്തീകരിക്കുമെന്നും പോർട്ടലുകൾ പ്രവേശന നടപടിക്ക് സജ്ജമാക്കണമെന്നും ജഗദീഷ് കുമാർ സർവകലാശാലകളോട് ആവശ്യപ്പെട്ടു.

