സിബിഎസ്ഇ ബോർഡ് പരീക്ഷ; 2027 ലെ പ്രീ എക്സാം നടപടികൾക്ക് തുടക്കം
text_fieldsന്യൂഡൽഹി: 2027ൽ നടക്കാനിരിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ്, പ്ലസ് ടു ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പരീക്ഷകൾക്കായി വിദ്യാർഥികളുടെ വിവരങ്ങൾ അന്തിമമാക്കുന്നതടക്കമുള്ള പ്രീ-എക്സാം നടപടികളാണ് ബോർഡ് ആരംഭിച്ചത്. പരീക്ഷാർഥികളുടെ വിവരങ്ങൾ ഉൾപ്പെടുന്ന ഫ്ലയിങ് സ്ലിപ്പുകൾ ഡിജിറ്റലായി സ്കാൻ ചെയ്ത് ഡാറ്റ പരിശോധിച്ച് അന്തിമമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനായി ഒരു ഏജൻസിയെ നിയമിക്കാൻ ടെൻഡറും ക്ഷണിച്ചിട്ടുണ്ട്. രാജ്യത്താകെ ലക്ഷക്കണക്കിന് വിദ്യാർഥികൾ പങ്കെടുക്കുന്ന പരീക്ഷയുടെ മുന്നൊരുക്കങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ.
വിദ്യാർഥികളുടെ പേര്, തിരിച്ചറിയൽ നമ്പർ, റോൾ നമ്പർ തുടങ്ങിയ വിവരങ്ങളാണ് ഫ്ലയിങ് സ്ലിപ്പുകളിൽ ഉൾപ്പെടുന്നത്. ഐ.സി.ആർ (ഇന്റലിജന്റ് ക്യാരക്ടർ റെക്കഗ്നിഷൻ), ഒ.സി.ആർ (ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ), ഒ.എം.ആർ (ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ) സ്കാനറുകൾ ഉപയോഗിച്ച് ഫ്ലയിങ് സ്ലിപ്പുകൾ സ്കാൻ ചെയ്ത് റോ ഡാറ്റ ഫയലുകൾ തയ്യാറാക്കും. തുടർന്ന് ഈ വിവരങ്ങൾ ബന്ധപ്പെട്ട ഡാറ്റയുമായി ഒത്തുനോക്കിയാണ് ക്രമീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു.
മൂന്ന് ഘട്ടമായാണ് പരീക്ഷാ നടപടികൾ നടക്കുന്നത്. പ്രീ-എക്സാമിനേഷൻ, പരീക്ഷാ കാലയളവ്, പോസ്റ്റ്-എക്സാമിനേഷൻ എന്നിങ്ങനെയാണ് ഘട്ടങ്ങൾ. ഫ്ലയിങ് സ്ലിപ്പുകൾ സ്കാൻ ചെയ്യുന്ന നടപടി ആദ്യ ഘട്ടമായ പ്രീ-എക്സാമിനേഷനിൽ നടക്കും. ഇതിന്റെ ഭാഗമായി പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ വിവരങ്ങൾ അന്തിമമാക്കുകയും വിശദാംശങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ സ്കൂളുകളോട് ആവശ്യപ്പെടുകയും ചെയ്യും. നേരത്തെ സ്കൂളുകൾ ഈ നടപടികൾ മാനുവലായി ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇതെല്ലാം ഓൺലൈനായാണ് നടത്തുന്നത്.
നടപടികൾ പൂർത്തിയാക്കിയ ശേഷം സ്കൂളുകൾ വിവരങ്ങളുടെ ഒരു പകർപ്പ് എടുത്ത് രക്ഷിതാക്കളെയും വിദ്യാർഥികളെയും വിളിച്ച് മുഴുവൻ വിവരങ്ങളും പരിശോധിക്കും. വിവരങ്ങൾ പരിശോധിച്ചശേഷം അവ വീണ്ടും ഓൺലൈനായി സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത വർഷം പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ മുഴുവൻ വിവരങ്ങളും നിലവിൽ അന്തിമമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ബോർഡ് അധികൃതർ വ്യക്തമാക്കി. ഇതിനായി ഫ്ലയിങ് സ്ലിപ്പുകൾ വെൻഡർ വഴി ശേഖരിച്ച് അവയിലെ മുഴുവൻ വിവരങ്ങളും സിസ്റ്റത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും നടക്കുന്നു.
മുഴുവൻ വിദ്യാർഥികളുടെയും വിവരങ്ങൾ മാനുവലായി കൈകാര്യം ചെയ്യുന്നത് പ്രായോഗികമല്ലെന്നും അതിനാൽ പ്രീ-എക്സാമിനേഷൻ നടപടികൾ പൂർണമായും ഡിജിറ്റൈസ് ചെയ്യേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. നിലവിൽ ഏകദേശം 18 ലക്ഷം വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷയെഴുതുന്നത്. പത്താം ക്ലാസ് പരീക്ഷയെഴുതുന്നവരുടെ എണ്ണമാകട്ടെ 25 മുതൽ 26 ലക്ഷം വരെയും. ഇത്രയധികം വിദ്യാർഥികളുടെ വിവരങ്ങൾ മാനുവലായി കൈകാര്യം ചെയ്യുന്നത് അസാധ്യമാണെന്നും പിഴവുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തോളമായി പ്രീ-എക്സാമിനേഷൻ നടപടികൾ പൂർണമായും ഡിജിറ്റലായാണ് കൈകാര്യം ചെയ്യുന്നത്. അതേ സമയം അജ്മീർ, പ്രയാഗ്‌രാജ്, അഹമ്മദാബാദ്, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചെന്നൈ, ലുധിയാന, ഡെറാഡൂൺ, ഡൽഹി ഈസ്റ്റ്, ഡൽഹി വെസ്റ്റ്, ഗുരുഗ്രാം, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നോ, നോയിഡ, പഞ്ച്കുല, പട്‌ന, പൂനെ, റായ്പൂർ, റാഞ്ചി, തിരുവനന്തപുരം, വിജയവാഡ എന്നിവിടങ്ങളിലെ ബന്ധപ്പെട്ട റീജിയണൽ ഓഫീസുകളിലാണ് ഫ്ലയിങ് സ്ലിപ്പുകളുടെ സ്കാനിങ്ങും വിവരങ്ങൾ അന്തിമമാക്കുന്ന നടപടികളും നടക്കുക.
സാധാരണയായി വർഷത്തിൽ രണ്ട് മുതൽ മൂന്ന് തവണ വരെയാണ് ഇത്തരത്തിൽ സ്കാനിങ് നടപടികൾ നടത്തുന്നത്. ഇതിന് പുറമെ ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ നടക്കുന്ന കമ്പാർട്ട്മെന്റ് പരീക്ഷകളുടെ സമയത്തും സ്കാനിങ് നടപടികൾ നടത്തും. 2027–28 അധ്യയന വർഷത്തിൽ പത്താം ക്ലാസിലും പ്ലസ് ടുവിലും ഏകദേശം 29.89 ലക്ഷം വിദ്യാർഥികൾ രാജ്യത്തെ 24 മേഖലകളിലായി ബോർഡ് പരീക്ഷയെഴുതുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

