ആൾമാറാട്ടം തടയാൻ CAT 2026ൽ എഐ പരിശോധന; സാങ്കേതിക തകരാർ വന്നാലും പരീക്ഷ നഷ്ടമാകില്ല
text_fieldsപ്രതീകാത്മക ചിത്രം
ഇൻഡോർ: രാജ്യത്തെ ഏറ്റവും വലിയ മാനേജ്മെന്റ് പ്രവേശന പരീക്ഷയായ കോമൺ അഡ്മിഷൻ ടെസ്റ്റിൽ(CAT) ഇത്തവണ ഒരു പ്രധാന മാറ്റം വരികയാണ്. CAT 2026 എഴുതുന്ന എല്ലാ ഉദ്യോഗാർഥികളും പരീക്ഷാ കേന്ദ്രത്തിൽ എഐ അധിഷ്ഠിത മുഖം തിരിച്ചറിയൽ പരിശോധനയിലൂടെ കടന്നുപോകണം. നവംബർ 29ന് നടക്കുന്ന പരീക്ഷക്കായി രാജ്യത്തെ എല്ലാ കേന്ദ്രങ്ങളിലും ഈ സംവിധാനം നടപ്പാക്കുമെന്ന് ഐഐഎം ഇൻഡോർ അറിയിച്ചു.
പുതിയ സംവിധാനം വന്നാലും പഴയ രീതി പൂർണമായി ഒഴിവാക്കുന്നില്ല എന്നതാണ് ഉദ്യോഗാർഥികൾക്ക് ആശ്വാസമേകുന്നത്. ഫിസിക്കൽ അഡ്മിറ്റ് കാർഡ് പരിശോധന ഇത്തവണയും ഉണ്ടാകും. ഇതോടെ സാങ്കേതിക തകരാർ മൂലം ആർക്കും പരീക്ഷ നഷ്ടമാകില്ലെന്ന് ഉറപ്പാക്കാനാകും.
അപേക്ഷ നൽകുമ്പോൾ അപ്‌ലോഡ് ചെയ്ത ഫോട്ടോയുമായി പരീക്ഷാ കേന്ദ്രത്തിൽ എത്തുന്ന ആളുടെ മുഖം എഐ സംവിധാനം ഉപയോഗിച്ച് ഒത്തുനോക്കും. ആൾമാറാട്ടം തടയുകയും തിരിച്ചറിയൽ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ സംവിധാനം ആദ്യമായാണ് CAT ൽ കൊണ്ടുവരുന്നതെന്ന് ഐഐഎം ഇൻഡോർ ഡയറക്ടർ ഹിമാൻഷു റായ് വ്യക്തമാക്കി.
എഐ സംവിധാനത്തിൽ എന്തെങ്കിലും തകരാർ വന്നാലോ മുഖം കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലോ ഉദ്യോഗാർഥികളെ തിരിച്ചയക്കില്ല. അത്തരം സാഹചര്യത്തിൽ ഫിസിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിലാകും പ്രവേശനം നൽകുക. അതായത് എഐ പരിശോധന ഒരു അധിക സുരക്ഷാ നടപടി മാത്രമാണെന്നും പ്രവേശനത്തിനുള്ള ഏക മാനദണ്ഡമല്ലെന്നും അധികൃതർ വ്യക്തമാക്കി.
അതിനിടെ സ്വകാര്യത സംബന്ധിച്ച ആശങ്കകൾ ഡയറക്ടർ തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ ഉദ്യോഗാർഥികളുടെ മുഖത്തിന്റെ ഡാറ്റാബേസ് സൂക്ഷിക്കില്ല. മറിച്ച് ഫോട്ടോയുമായി ഒത്തുനോക്കുക എന്ന ഒരൊറ്റ ആവശ്യത്തിന് മാത്രമാണ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. നിലവിൽ സംവിധാനത്തിന്റെ കൃത്യത പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുകയാണ് ഐഐഎം ഇൻഡോർ. പരീക്ഷാ കേന്ദ്രങ്ങളിൽ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ പരീക്ഷണം.
ഈ തീരുമാനം ഐഐഎം ഇൻഡോർ മാത്രം എടുത്തതല്ലെന്നും CAT ന്‍റെ ഔദ്യോഗിക കമ്മിറ്റി കൂട്ടായി എടുത്തതാണെന്നും ഹിമാൻഷു റായ് പറഞ്ഞു. ഈ വർഷത്തെ പരീക്ഷയുടെ സംഘാടക സ്ഥാപനമാണ് ഐഐഎം ഇൻഡോർ. ഇത്തവണ 2.9 ലക്ഷത്തോളം പേരാണ് CATന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐഐഎമ്മുകളിലേക്കും മറ്റ് പ്രമുഖ മാനേജ്മെന്റ് സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിനാണ് ഈ പരീക്ഷ നടത്തുന്നത്.

