You are here
പഠിക്കാൻ സമയമില്ല; പി.ജി പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാർഥികൾ
തേഞ്ഞിപ്പലം: തുടർച്ചയായുള്ള പരീക്ഷകൾ മൂലം പഠിക്കാൻ സമയം തികയുന്നില്ലെന്നും പരീക്ഷ മാറ്റിവെക്കണമെന്നും വിദ്യാർഥികളുടെ പരാതി. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ അഫിലിയേറ്റഡ് കോളജുകളിൽ ഈ മാസം 18ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.എസി പരീക്ഷകൾക്കെതിരെയാണ് വിദ്യാർഥികൾ രംഗത്തെത്തിയത്.
കഴിഞ്ഞ സെപ്തംബറിൽ മാത്രമാണ് ഇതേ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ പൂർത്തിയായത്. എന്നാൽ ഫിസിക്സ്, കെമിസ്ട്രി വിദ്യാർഥികളുടെ പ്രാക്ടിക്കൽ വൈവ ഉൾപ്പെടെയുള്ള പരീക്ഷകൾ തീർന്നത് ഒക്ടോബർ അവസാനം മാത്രമാണ്. ഇത് കഴിഞ്ഞ് ഒരു മാസം തികയുന്നതിനുമുേമ്പ മറ്റൊരു യൂണിവേഴ്സിറ്റി പരീക്ഷ കൂടി അഭിമുഖീകരിക്കേണ്ടത് താങ്ങാവുന്നതിലപ്പുറമാണെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
രണ്ടാം സെമസ്റ്റർ പരീക്ഷകൾ യഥാസമയത്ത് നടത്താതെ മാറ്റിവെച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിദ്യാർഥികൾ പറയുന്നത്. ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ പേരുപറഞ്ഞ് ഒക്ടോബർ അവസാനം വരെ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. എന്നാൽ, ഏതാനും ആഴ്ചകൾക്കുള്ളിൽ മറ്റൊരു യൂണിവേഴ്സിറ്റി പരീക്ഷ കൂടി വരുന്നത് ഏറെ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്നും വിദ്യാർഥികൾ പറയുന്നു.
മൂന്നാം സെമസ്റ്ററിലെ പാഠഭാഗങ്ങൾ പൂർത്തിയാക്കാനുള്ള സമയം പോലും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് അധ്യാപകർ വ്യക്തമാക്കി. വൈസ് ചാൻസലറും പരീക്ഷ കൺട്രോളറെയും നേരിട്ട് പ്രശ്നം അവതരിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും രണ്ടാം സെമസ്റ്റർ പരീക്ഷകൾ സമയത്ത് നടത്താൻ സാധിക്കാത്തതിലെ വീഴ്ചക്ക് വിദ്യാർഥികളെ ഇരയാക്കുകയാണെന്നാണ് പരാതി.