കൈത്തണ്ട മുറിച്ച് രക്തം കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ഗുരു റഹ്മാൻ; ബി.പി.എസ്.സി പുന:പരീക്ഷ നടത്തണമെന്ന് ആവശ്യം
text_fieldsപാട്ന: ബിഹാർ പബ്ലിക് സർവിസ് കമീഷൻ നടത്തിയ 70ാമത് പരീക്ഷ വിവാദമായ പശ്ചാത്തലത്തിൽ പുന:പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് രക്തം കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി പ്രമുഖ പരീക്ഷാ പരിശീലകൻ ഗുരു റഹ്മാൻ എന്നറിയപ്പെടുന്ന മോതിയൂർ റഹ്മാൻ ഖാൻ. പ്രധാനമന്ത്രിക്ക് പുറമേ രാഷ്ട്രപതി ദ്രൗപതി മുർമു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർക്കും ഇയാൾ രക്തംകൊണ്ട് കത്തെഴുതിയിട്ടുണ്ട്.
ചോദ്യപ്പേപ്പർ ചോർന്നെന്ന വിവരത്തെ തുടർന്നാണ് ബി.പി.എസ്.സി പരീക്ഷ വിവാദമായത്. എന്നാൽ, പരീക്ഷ റദ്ദാക്കാൻ ബി.പി.എസ്.സി തയാറായിട്ടില്ല. ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്നാണ് ബോർഡ് അധ്യക്ഷൻ രവി പാർമർ അവകാശപ്പെട്ടത്.
ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ കേസും നിലവിലുണ്ട്. ജനുവരി 31നാണ് കേസ് പരിഗണിക്കുക. ചോദ്യപ്പേപ്പർ ചോർച്ചയിൽ വ്യാപക പ്രതിഷേധവുമായി വിദ്യാർഥികൾ സമരത്തിനിറങ്ങിയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ തുടങ്ങിയ പ്രമുഖർ സമരം ചെയ്യുന്ന വിദ്യാർഥികളെ കണ്ടതോടെ സംഭവത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരുന്നു. ചോദ്യപ്പേപ്പർ ചോർച്ചയുടെ തലസ്ഥാനമായി ബിഹാർ മാറിയെന്നാണ് രാഹുൽ ഗാന്ധി വിമർശിച്ചത്.
ചോദ്യപ്പേപ്പർ ചോർച്ചയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയായിരുന്ന പ്രശാന്ത് കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചികിത്സക്ക് വിധേയനാകാതെ മരണം വരെ സമരം തുടരുമെന്ന് നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാണ് പ്രശാന്ത് കിഷോറിനെ അറസ്റ്റ് ചെയ്ത് നീക്കിയത്.
നേരത്തെ, പ്രതിഷേധവുമായി തെരുവിലിറങ്ങിയ വിദ്യാർഥികൾക്ക് നേരെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിക്കുകയും തുടർന്ന് പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്തിരുന്നു. ചോദ്യപ്പേപ്പറിൽ അട്ടിമറി നടന്നെന്നും പുനപരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് ആയിരത്തിലധികം ഉദ്യോഗാർഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചോദ്യപ്പേപ്പർ ചോർച്ച ബിഹാറിൽ വലിയ രാഷ്ട്രീയ വിവാദമായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

