നാലു വർഷ സംയോജിത ബി.എഡ്: പൊതുപ്രവേശന പരീക്ഷ ഏപ്രിൽ 29ന്
text_fieldsപ്ലസ് ടുകാർക്ക് നാലുവർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം പ്രവേശനത്തിനായി നാഷനൽ ടെസ്റ്റിങ് ഏജൻസി ഏപ്രിൽ 29ന് നടത്തുന്ന ദേശീയ പൊതുപ്രവേശന പരീക്ഷക്ക് (എൻ.സി.ഇ.ടി-2025) ഓൺലൈനായി മാർച്ച് 16 വരെ അപേക്ഷിക്കാം. വിജ്ഞാപനം, വിവരണപത്രിക https://exams.nta.ac.in/NCETൽനിന്ന് ഡൗൺലോഡ് ചെയ്യാം.
അപേക്ഷഫീസ് ജനറൽ- 1200 രൂപ, ഒ.ബി.സി, എൻ.സി.എൽ/ഇ.ഡബ്ല്യു.എസ്- 1000 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/തേർഡ് ജൻഡർ- 650 രൂപ. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിവരണ പത്രികയിലുണ്ട്. തെറ്റുകൾ തിരുത്തുന്നതിന് മാർച്ച് 18, 19 തീയതികളിൽ സൗകര്യം ലഭിക്കും.
യോഗ്യത: എൻ.സി.ഇ.ടി 2025 അഭിമുഖീകരിക്കുന്നതിന് പ്രായപരിധിയില്ല. ഹയർസെക്കൻഡറി പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായവർക്കും 2025ൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. എന്നാൽ, അതത് സർവകലാശാലാ സ്ഥാപനങ്ങൾ നടത്തുന്ന നാലുവർഷ സംയോജിത ടീച്ചർ എജുക്കേഷൻ (ഇന്റഗ്രേറ്റഡ് ബി.എഡ്) പ്രോഗ്രാമുകൾക്ക് നിഷ്കർഷിച്ച യോഗ്യതയുള്ളവർക്കാണ് പ്രവേശനത്തിന് അർഹത.
പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഉർദു, ഇംഗ്ലീഷ്, ഹിന്ദി അടക്കം 13 ഭാഷകളിൽ ചോദ്യപേപ്പറുകളുണ്ടാവും. കേരളം, ലക്ഷദ്വീപ് പരീക്ഷ കേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ ചോദ്യപേപ്പറുകൾ ലഭ്യമാകും.
മൾട്ടിപ്ൾ ചോയ്സ് മാതൃകയിലുള്ള പരീക്ഷയിൽ നാലു സെക്ഷനുകളിലാണ് ചോദ്യങ്ങൾ. സെക്ഷൻ ഒന്നിൽ 38 വ്യത്യസ്ത ഭാഷകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഭാഷകളിൽ ഓരോ ഭാഷ പേപ്പറിലും 23 ചോദ്യങ്ങളിൽ 20 എണ്ണത്തിന് ഉത്തരം കണ്ടെത്തണം. സെക്ഷൻ രണ്ടിൽ തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പ്രത്യേക വിഷയങ്ങളെ അധിഷ്ഠിതമാക്കിയുള്ള ചോദ്യങ്ങളാണുണ്ടാവുക. ലഭ്യമായിട്ടുള്ള 26 ഡൊമെയിൻ പ്രത്യേക വിഷയത്തിൽ തെരഞ്ഞെടുക്കുന്ന മൂന്ന് വിഷയങ്ങൾ പ്രവേശനമാഗ്രഹിക്കുന്ന വാഴ്സിറ്റി/സ്ഥാപനങ്ങൾക്കും കോഴ്സുകൾക്കും അനുയോജ്യമായിരിക്കണം. സെക്ഷൻ രണ്ടിലെ 28 ചോദ്യങ്ങളിൽ 25 എണ്ണത്തിൽ ഉത്തരം കണ്ടെത്തിയാൽ മതി. നിർബന്ധമായും അഭിമുഖീകരിക്കേണ്ട സെക്ഷൻ മൂന്ന് ജനറൽ ടെസ്റ്റിൽ 28ൽ 25 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.സെക്ഷൻ നാല് ടീച്ചിങ് അഭിരുചി നിർബന്ധമാണ്. ഇതിൽ 23ൽ 20 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം.
തെരഞ്ഞെടുക്കപ്പെടേണ്ട ഭാഷാവിഷയങ്ങൾ, ഡൊമെയിൻ പ്രത്യേക വിഷയങ്ങൾ, പരീക്ഷാഘടന, സിലബസ്, സമയക്രമം അടക്കമുള്ള വിവരങ്ങൾ വിവരണ പത്രികയിലുണ്ട്. ഏപ്രിൽ 29ന് രാവിലെ 9 മുതൽ 12 വരെയും ഉച്ചക്കുശേഷം 3 മുതൽ 6 വരെയും രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്.
കേരളത്തിൽ എറണാകുളം, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട് നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷകേന്ദ്രങ്ങളുണ്ടാവും.പരീക്ഷഫലം പ്രസിദ്ധീകരിച്ചതിനുശേഷം വെബ്സൈറ്റിൽനിന്ന് എൻ.സി.ഇ.ടി 2025 സ്കോർ കാർഡുകൾ ഡൗൺലോഡ് ചെയ്ത് എടുക്കാം. 2025-26 അധ്യയനവർഷത്തേക്കാണ് പ്രാബല്യം.
സ്ഥാപനങ്ങൾ, കോഴ്സുകൾ
എൻ.സി.ഇ.ടി 2025 സ്കോർ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 64 കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ, ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, ആർ.ഐ.ഇകൾ (റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ) 2025-26 വർഷം നടത്തുന്ന നാലുവർഷ ബി.എ ബി.എഡ്, ബി.എസ്സി ബി.എഡ്, ബി.കോം ബി.എഡ് കോഴ്സുകളിൽ പ്രവേശനംതേടാം. ആകെ 6100 സീറ്റുകൾ ലഭ്യമാണ്.
കേരളത്തിൽ കാസർകോട് (പെരിയ) കേന്ദ്രസർവകലാശാലയിൽ ബി.എസ്സി ബി.എഡ്, ബി.എ.ബി.എഡ്, ബി.കോം ബി.എഡ് കോഴ്സുകളിൽ ഓരോന്നിലും 50 സീറ്റുകൾ വീതമുണ്ട്. കോഴിക്കോട് എൻ.ഐ.ടിയിൽ ബി.എസ്സി ബി.എഡ് കോഴ്സിൽ 50 സീറ്റുകളാണുള്ളത്. കേന്ദ്ര സംസ്കൃത സർവകലാശാാല, ഗുരുവായൂർ കാമ്പസിൽ ബി.എ ബി.എഡ് കോഴ്സിൽ 100 സീറ്റുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ള സ്ഥാപനങ്ങളും കോഴ്സുകളും സീറ്റുകളും അടങ്ങിയ പട്ടിക വിവരണപത്രികയിലുണ്ട്.
അതത് സ്ഥാപനങ്ങളുടെ കൗൺസലിങ് പ്രവേശന ഷെഡ്യൂളുകൾ യഥാസമയം പ്രസിദ്ധപ്പെടുത്തും. യോഗ്യതയുള്ള വിദ്യാർഥികളിൽനിന്ന് പ്രത്യേകം അപേക്ഷകൾ ക്ഷണിച്ച് എൻ.സി.ഇ.ടി സ്കോർ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കി പ്രവേശനം നൽകുന്നതായിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.