മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശ പരീക്ഷകള്‍ക്ക് അപേക്ഷ ഞായറാഴ്ച മുതല്‍
text_fieldsതിരുവനന്തപുരം: 2016 ഏപ്രില്‍ 25 മുതല്‍ 28 വരെ നടക്കുന്ന സംസ്ഥാന മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശപരീക്ഷകള്‍ക്ക് ജനുവരി മൂന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനുവരി 29ന് വൈകീട്ട് അഞ്ചുമണിയാണ് അവസാന സമയം. പരീക്ഷ പ്രോസ്പെക്ടസ് മന്ത്രി പി.കെ. അബ്ദുറബ്ബ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി. ശ്രീനിവാസിന് നല്‍കി പ്രകാശനം ചെയ്തു.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്‍റൗട്ട് അനുബന്ധ രേഖകള്‍ സഹിതം ജനുവരി 30നകം തിരുവനന്തപുരത്തെ പ്രവേശപരീക്ഷാ കമീഷണറേറ്റില്‍ ലഭിക്കണം. പരീക്ഷ അഡ്മിറ്റ് കാര്‍ഡുകള്‍ മാര്‍ച്ച് 28 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. എല്ലാദിവസവും രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷ. 25ന് എന്‍ജിനീയറിങ് പ്രവേശപരീക്ഷ പേപ്പര്‍ ഒന്ന് ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവ നടക്കും. 26ന് പേപ്പര്‍ രണ്ട് കണക്ക് പരീക്ഷ. 27ന് മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സ് പ്രവേശപരീക്ഷയുടെ പേപ്പര്‍ ഒന്ന് രസതന്ത്രം, ഭൗതികശാസ്ത്രം പരീക്ഷകളും 28ന് പേപ്പര്‍ രണ്ട് ജീവശാസ്ത്ര പരീക്ഷയും നടക്കും.
മേയ് 25നകം ഫലം പ്രസിദ്ധീകരിക്കും. യോഗ്യതാപരീക്ഷയിലെയും പ്രവേശപരീക്ഷയിലെയും മാര്‍ക്കുകള്‍ തുല്യമായി ചേര്‍ത്തുള്ള സമീകരണപ്രക്രിയക്ക് ശേഷം എന്‍ജിനീയറിങ് റാങ്ക് പട്ടിക ജൂണ്‍ 25നകം പ്രസിദ്ധീകരിക്കും. പ്രവേശപരീക്ഷാകമീഷണറുടെ ഒൗദ്യോഗികവെബ്സൈറ്റായ www.cee.kerala.gov.in വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷക്ക് ആവശ്യമായ സെക്യൂരിറ്റി കാര്‍ഡുകളും പ്രോസ്പെക്ടസും കേരളത്തിനകത്തും പുറത്തുമുള്ള തെരഞ്ഞെടുക്കപ്പെട്ട 168 പോസ്റ്റ് ഓഫിസുകള്‍ വഴി ജനുവരി രണ്ട് മുതല്‍ വിതരണം ചെയ്യും. അപേക്ഷാഫീസ് ജനറല്‍ 1000 രൂപയും എസ്.സി 500 രൂപയുമാണ്. എസ്.ടി വിദ്യാര്‍ഥികളെ ഫീസില്‍ നിന്ന് ഒഴിവാക്കി. എസ്.ടി വിഭാഗത്തിനുള്ള പ്രോസ്പെക്ടസ്, സെക്യൂരിറ്റി കാര്‍ഡ് എന്നിവ ജില്ലകളിലെ ട്രൈബല്‍ വെല്‍ഫെയര്‍ ഓഫിസുകളില്‍ നിന്ന് സൗജന്യമായി നല്‍കും.
സംസ്ഥാനത്തെ 350ഓളം കേന്ദ്രങ്ങളിലും മുംബൈ, ഡല്‍ഹി, ദുബൈ എന്നിവിടങ്ങളിലും പരീക്ഷ നടക്കും. മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശപരീക്ഷകളില്‍ യോഗ്യതക്ക് പരീക്ഷാര്‍ഥി അതത് പരീക്ഷകളുടെ രണ്ട് പേപ്പറുകളിലും കുറഞ്ഞത് പത്ത് മാര്‍ക്ക് നേടണം. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് ഈ നിബന്ധനയില്ല. എന്നാല്‍, ഇവര്‍ യോഗ്യത നേടുന്നതിന് രണ്ട് പേപ്പറുകളിലും കുറഞ്ഞത് ഒരു ചോദ്യത്തിനെങ്കിലും ഉത്തരം രേഖപ്പെടുത്തണം. മെഡിക്കല്‍ പ്രവേശപരീക്ഷയുടെ രണ്ട് പേപ്പറുകളിലുമായി കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് (എസ്.ഇ.ബി.സി/ എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 40 ശതമാനം) നേടിയവരെ മാത്രമേ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളില്‍ പരിഗണിക്കൂ.
ഭിന്നശേഷി വിഭാഗത്തില്‍പെടുന്നവര്‍ എം.ബി.ബി.എസ് കോഴ്സിലേക്ക് പരിഗണിക്കപ്പെടാന്‍ കുറഞ്ഞത് 45 ശതമാനം മാര്‍ക്കും ബി.ഡി.എസ് കോഴ്സിലേക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്കും നേടണം. എന്‍ജിനീയറിങിന് പ്ളസ് ടു അഥവാ തത്തുല്യപരീക്ഷയില്‍ കണക്കിന് മാത്രം 50 ശതമാനം മാര്‍ക്കും കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും നേടണം. എസ്.ഇ.ബി.സി, പി.ഡി വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും. എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ യോഗ്യതാപരീക്ഷ ജയിച്ചാല്‍ മതി. എന്നാല്‍, സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെയും സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെയും മാനേജ്മെന്‍റ് സീറ്റുകളിലേക്ക് പ്രവേശത്തിന് കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 45 ശതമാനം മാര്‍ക്കും മതി. മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലെ പ്രവേശയോഗ്യതയില്‍ മാറ്റമില്ല. പ്രവേശപരീക്ഷാകമീഷണര്‍ ബി.എസ്. മാവോജി, ജോയന്‍റ് കമീഷണര്‍മാരായ ഡോ. സന്തോഷ്, അന്‍വര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
