കോളജിൽനിന്ന് എ.ഐകൂടി പഠിച്ചിട്ടേ ഇറങ്ങാവൂ; ‘എൻട്രി ലെവൽ ജോലികൾ ഉടൻ ഇല്ലാതാകും’
text_fieldsഏതു കോഴ്സാണ് പഠിക്കുന്നതെങ്കിലും എന്തു ജോലിയാണ് ചെയ്യുന്നതെങ്കിലും അതിൽ എ.ഐ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്ന് ഓരോരുത്തരും ചിന്തിച്ച് പ്രവർത്തിക്കണമെന്നാണ് കാലം ആവശ്യപ്പെടുന്നത്
ഒരു ഡിപ്ലോമയോ ബിരുദമോകൊണ്ട് വൈറ്റ് കോളർ തൊഴിൽ മാർക്കറ്റിലേക്ക് ഇറങ്ങുന്ന ചെറുപ്പക്കാരുടെ ശ്രദ്ധക്ക്... മിക്ക തൊഴിൽ മേഖലകളിലും എൻട്രി ലെവൽ ജോലികൾ എ.ഐ കവർന്നുകൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പ് നൽകുന്നത് മറ്റാരുമല്ല, വൻകിട നിർമിതബുദ്ധി കമ്പനികളുടെ മേധാവികൾ തന്നെ. എ.ഐ ബോട്ടുകളും മറ്റു സമാന സാങ്കേതികവിദ്യകളും എൻട്രി ലെവൽ ജോലികളുടെ പകുതിയോളവും കവരുമെന്നാണ്, അേന്ത്രാപിക് എ.ഐ സി.ഇ.ഒ ദാരിയോ അമോഡെയ് മുന്നറിയിപ്പ് നൽകുന്നത്.
വിവിധോദ്ദേശ്യ എ.ഐ മേഡലായ ക്ലോദി (Claude) ന്റെ നിർമാതാക്കളാണ് അന്ത്രോപിക്. തങ്ങളുടെ എ.ഐ മോഡൽ അത്രമേൽ കഴിവുറ്റതാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് അന്ത്രോപിക് മേധാവിയുടെ ഈ അസാധാരണ മുന്നറിയിപ്പ് പിന്നിലെന്ന് ചിലർ വാദിക്കുന്നുണ്ട്. കമ്പനി ഈയിടെ പുറത്തിറക്കിയ, ക്ലോദിന്റെ പുതിയ വേർഷൻ മോഡലിന് ആരുടെയും സഹായമില്ലാതെ മണിക്കൂറുകളോളം സ്വയം പ്രവർത്തിക്കാൻ കഴിയുമത്രെ. ഓട്ടോമേറ്റ് ചെയ്യപ്പെട്ട, അഥവാ എ.ഐ കവർന്ന ജോലികൾ 2028 ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്നായിരിക്കുമെന്നാണ്, ട്രംപ് ഭരണകൂടത്തിന്റെ പ്രചാരണ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
രണ്ടു വർഷം കൊണ്ട് യു.എസിലെ നാലിലൊന്നിലധികം പ്രോഗ്രാമിങ് ജോലികൾ ഇല്ലാതായെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലിങ്ക്ഡ്ഇൻ ചീഫ് എക്കണോമിക് ഓഫിസർ അനീഷ് രാമൻ പറയുന്നതിങ്ങനെ: ‘‘യുവ ജോലിക്കാർക്ക് ലഭിക്കാറുണ്ടായിരുന്ന ജോലികളിൽ ഭൂരിഭാഗത്തെയും എ.ഐ ബാധിക്കുന്നുവെന്നതിന്റെ ലക്ഷണങ്ങൾ വന്നുകഴിഞ്ഞു.’’ മൈക്രോസോഫ്റ്റിന്റെ 30 ശതമാനം കോഡുകളും ഇപ്പോൾ എ.ഐ ആണ് എഴുതുന്നതെന്ന് സി.ഇ.ഒ സത്യ നദെല്ല ഈയിടെ പറഞ്ഞിരുന്നു. 2025 അവസാനത്തോടെ മെറ്റക്ക് മിഡ് ലെവൽ കോഡർമാരെ വേണ്ടതില്ലെന്ന് മേധാവി മാർക്ക് സക്കർബർഗും ഭയപ്പെടുത്തുന്നുണ്ട്.
ചുരുക്കത്തിൽ, ഏത് കോഴ്സാണ് പഠിക്കുന്നതെങ്കിലും എന്തു ജോലിയാണ് ചെയ്യുന്നതെങ്കിലും അതിൽ എ.ഐ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഓരോരുത്തരും ചിന്തിച്ച് പ്രവർത്തിക്കണമെന്നാണ് കാലം ആവശ്യപ്പെടുന്നത്. എ.ഐയുടെ ഗുണം തൊഴിൽദാതാക്കളും പൂർണമായി മനസ്സിലാക്കിയിട്ടില്ലാത്തതിനാൽ തൊഴിലാളിക്ക് തന്നെ പല സാധ്യതകളും കാണിച്ചുകൊടുക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

