പരീക്ഷാപ്പേടി മാറ്റാം, മികച്ച വിജയം നേടാം
text_fieldsഅരുൺ കുമാർ ശർമ (പ്രിൻസിപ്പൽ, ന്യൂ മിലേനിയം സ്കൂൾ)
വരാനിരിക്കുന്ന പരീക്ഷകൾക്കായി തയാറെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രാർഥനകളും ആശംസകളും നേരുന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ സഹായിക്കുന്ന ചില നിർദേശങ്ങളാണ് താഴെ ചേർക്കുന്നത്
പരീക്ഷക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്
പഠനമുറി ഒരുക്കുക എന്നതാണ് ആദ്യ ഭാഗം. പഠനമേശയിൽനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ ഒഴിവാക്കുക. ആവശ്യമായ പുസ്തകങ്ങളും സ്റ്റേഷനറികളും മാത്രം അടുക്കിവെക്കുക. നന്നായി പ്രാർഥിക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക. അവസാന നിമിഷം പുതിയ പാഠഭാഗങ്ങൾ പഠിക്കാൻ ശ്രമിക്കരുത്. പഠിച്ച കാര്യങ്ങൾ ആവർത്തിച്ച് പഠിക്കാൻ സമയം കണ്ടെത്തുക. പ്രധാന ആശയങ്ങൾ ഓർത്തെടുക്കാൻ ‘മൈൻഡ് മാപ്പിങ്’ രീതി ഉപയോഗിക്കുക. വായിച്ച കാര്യങ്ങൾ കണ്ണടച്ച് ഓർത്തുനോക്കിയ ശേഷം എഴുതിനോക്കുന്നത് ഫലപ്രദമാണ്. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ സമയപരിധിക്കുള്ളിൽ ചെയ്തു ശീലിക്കുക. ഒരു മാർക്കിന് ഏകദേശം രണ്ടു മിനിറ്റ് എന്ന കണക്കിൽ സമയം ചെലവഴിക്കുക (ഉദാഹരണത്തിന്, 2 മാർക്കിന്റെ ചോദ്യത്തിന് 4 മിനിറ്റ്).
പരീക്ഷയുടെ തലേദിവസം
പരീക്ഷയുടെ തലേദിവസം വിശ്രമം ആവശ്യമാണ്. കഠിനമായി പഠിക്കുന്നതിന് പകരം പ്രധാന പോയന്റുകൾ മാത്രം ഓർത്തെടുക്കുക. ഹാൾ ടിക്കറ്റും പരീക്ഷക്ക് ആവശ്യമായ പേനയും മറ്റു സാധനങ്ങളും തലേന്നുതന്നെ ഒരു സ്ഥലത്ത് എടുത്തുവെക്കുക. നന്നായി ഉറങ്ങുക.
പരീക്ഷാ ദിവസം
പരീക്ഷാ ദിവസം നേരത്തേ എഴുന്നേറ്റ് പ്രധാന ഫോർമുലകളും ആശയങ്ങളും ഒരിക്കൽകൂടി നോക്കുക. ലഘുവായ പ്രഭാതഭക്ഷണം കഴിഞ്ഞ് കൃത്യസമയത്തിന് മുമ്പേ പരീക്ഷാ കേന്ദ്രത്തിൽ എത്തുക. ഹാൾ ടിക്കറ്റ് കൈയിലുണ്ടെന്ന് ഉറപ്പുവരുത്തുക. അനാവശ്യമായ പേപ്പറുകളോ പുസ്തകങ്ങളോ കൈവശം വെക്കരുത്. മറ്റുള്ളവരുമായുള്ള അനാവശ്യ സംസാരങ്ങൾ ഒഴിവാക്കി മനസ്സ് ശാന്തമായി വെക്കുക.
പരീക്ഷാ ഹാളിൽ
ഉത്തരക്കടലാസ് ലഭിക്കുമ്പോൾ കവർ പേജിലെ വിവരങ്ങൾ (റോൾ നമ്പർ, വിഷയം തുടങ്ങിയവ) കൃത്യമാണോ എന്ന് പരിശോധിക്കുക. കറുപ്പ് അല്ലെങ്കിൽ നീല ബോൾ പോയന്റ് പേന മാത്രം ഉപയോഗിക്കുക. 15 മിനിറ്റ് സമയം ചോദ്യങ്ങൾ വായിക്കാനായി മാറ്റിവെക്കുക. ചോദ്യങ്ങൾ മനസ്സിലാക്കി ഉത്തരങ്ങൾ പ്ലാൻ ചെയ്യുക. അറിയില്ലാത്ത ചോദ്യങ്ങൾ കണ്ട് പരിഭ്രമിക്കരുത്, അറിയുന്നവക്ക് ആദ്യം ഉത്തരം നൽകുക. ഉത്തരങ്ങൾ എഴുതുമ്പോൾ ക്രമം പാലിക്കാൻ ശ്രമിക്കണം. സെക്ഷനുകൾ മാറ്റിക്കൊടുക്കാതെ എഴുതാൻ ശ്രദ്ധിക്കുക. (ഉദാഹരണത്തിന്, സെക്ഷൻ ‘എ’യിലെ എല്ലാ ചോദ്യങ്ങളും പൂർത്തിയാക്കിയ ശേഷം മാത്രം അടുത്ത സെക്ഷനിലേക്ക് കടക്കുക). ഓരോ ഉത്തരം കഴിയുമ്പോഴും ഓരോ വരി വിടുക. പ്രധാന വാക്കുകൾ അടിവരയിടുന്നത് മൂല്യനിർണയം നടത്തുന്നവർക്ക് എളുപ്പമാകും. ഡയഗ്രമുകൾ വ്യക്തമായി വരക്കുകയും ഭാഗങ്ങൾ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യുക. ഒരു ചോദ്യത്തിൽതന്നെ കൂടുതൽ സമയം ചെലവഴിക്കരുത്. കൂടുതൽ വിവരങ്ങൾ എഴുതി സമയം കളയാതെ ചോദിച്ച കാര്യത്തിന് മാത്രം വ്യക്തമായ ഉത്തരം നൽകുക. അഡീഷനൽ ഷീറ്റുകൾ വാങ്ങുകയാണെങ്കിൽ അവക്ക് കൃത്യമായി നമ്പറുകൾ നൽകുകയും അവസാനം നന്നായി കെട്ടുകയും ചെയ്യുക.
പരീക്ഷക്ക് ശേഷം
ഉത്തരങ്ങൾ സുഹൃത്തുക്കളുമായി ചർച്ചചെയ്യുന്നത് ഒഴിവാക്കുക. അടുത്ത പരീക്ഷക്ക് തയാറെടുക്കാൻ ഇത് നിങ്ങളെ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

