‘ക്ലാറ്റ് 2027’ന് അപേക്ഷിക്കാം
text_fieldsരാജ്യത്തെ 27 ദേശീയ നിയമ സർവകലാശാലകളിൽ അടുത്ത വർഷത്തെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ.ബി, ഏകവർഷ എൽ.എം ഫുൾടൈം പ്രോഗ്രാമുകളിലേക്കുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ് 2027) ഡിസംബർ 6 ഞായറാഴ്ച ഉച്ചക്ക് ശേഷം 2 മുതൽ 4 മണിവരെ നടത്തും. ഓഫ് ലൈൻ രീതിയിലാണ് പരീക്ഷ. അവസാന തീയതി ഒക്ടോബർ 31.
യോഗ്യത: അണ്ടർ ഗ്രാജ്വേറ്റ് (പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ.ബി) പ്രോഗ്രാമിന് ഹയർ സെക്കൻഡറി/ പ്ലസ് ടു/ തത്തുല്യ ബോർഡ് പരീക്ഷ 45 ശതമാനം മാർക്കോടെ പാസായിരിക്കണം (എസ്.സി/ എസ്.ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക്/ തത്തുല്യ ഗ്രേഡ് മതി. 2027 മാർച്ച്/ ഏപ്രിലിൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
ദേശീയ നിയമ സർവകലാശാലകൾ: ബംഗളൂരു, ഹൈദരാബാദ്, ഭോപാൽ, കൊൽക്കത്ത, ജോദ്പുർ, റായ്പുർ, ഗാന്ധിനഗർ, സിൽവാസ, ലഖ്നോ പഞ്ചാബ്, പട്ന, കൊച്ചി, ഒഡിഷ, റാഞ്ചി, അസം, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഛത്രപതി സാമ്പാജിനഗർ, ഷിംല, ജബൽപുർ, ഹരിയാന, അഗർത്തല, പ്രയാഗ് രാജ്, ഗോവ, ഷിലോങ്. ഓരോ സർവകലാശാലയിലും ലഭ്യമായ കോഴ്സുകളും സീറ്റുകളും ഫീസും പ്രവേശന നടപടിക്രമങ്ങളും അടങ്ങിയ ബ്രോഷർ അതത് സർവകലാശാലയുടെ വെബ്സൈറ്റിലുണ്ട്.
ന്യൂവാൽസ്, കൊച്ചി: ദ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് കൊച്ചിയിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽഎൽ.ബി (ഓണേഴ്സ്) കോഴ്സിൽ 60 സീറ്റുകളുണ്ട്. (ഓൾ ഇന്ത്യ കാറ്റഗറി 31, സ്റ്റേറ്റ് മെറിറ്റ് സീറ്റുകൾ 29) ഇതിന് പുറമെ ഇ.ഡബ്ല്യു.എസ് അടക്കമുള്ള വിഭാഗങ്ങൾക്ക് സൂപ്പർ ന്യൂമെററി സീറ്റുകളുമുണ്ടാവും. നിലവിൽ വാർഷിക ട്യൂഷൻ ഫീസ് 1,65,600 രൂപ.
ഏകവർഷ എൽഎൽ.എം പ്രോഗ്രാമിൽ കോൺസ്റ്റിറ്റ്യൂഷനൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് ലോ, ഇന്റർനാഷനൽ ട്രേഡ് ലോ ആൻഡ് പബ്ലിക് ഹെൽത്ത് ലോ) 60 സീറ്റുകളുണ്ട്. (ഓൾ ഇന്ത്യ കാറ്റഗറി 31, സ്റ്റേറ്റ് മെറിറ്റ് 29). നിലവിൽ വാർഷിക ട്യൂഷൻ ഫീസ് 1,29,000 രൂപ.
തൊഴിൽ സാധ്യത: നിയമ ബിരുദമെടുക്കുന്നവർക്ക് ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്ത് അഭിഭാഷകരാകാം. ന്യായാധിപർ, ലോ ഓഫിസർ, ലീഗൽ അസിസ്റ്റന്റ്, ഗവ. പ്ലീഡർ, അസി. ലേബർ ഓഫിസർ തുടങ്ങിയ ജോലികളിലേക്ക് പ്രവേശിക്കാനുള്ള അടിസ്ഥാന യോഗ്യത അംഗീകൃത നിയമ ബിരുദമാണ്. എൽഎൽ.എം, പിഎച്ച്.ഡി യോഗ്യതകൾ നേടുന്നവർക്ക് അസിസ്റ്റന്റ് പ്രഫസറുമാകാം.
പോസ്റ്റ് ഗ്രാജ്വേറ്റ് (ഏകവർഷ എൽഎൽ.എം) പ്രോഗ്രാമിന് 50 ശതമാനം മാർക്കോടെ എൽഎൽ.ബി/ തത്തുല്യ ബിരുദമെടുത്തിരിക്കണം. (എസ്.സി/ എസ്.ടി /പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക്/ തത്തുല്യ ഗ്രേഡ് മതി). 2027 ഏപ്രിൽ/ മേയിൽ യോഗ്യതാ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും.
അപേക്ഷാ ഫീസ്: ജനറൽ/ ഒ.ബി.സി/ ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 4000 രൂപ. എസ്.സി/ എസ്.ടി /പി.ഡബ്ല്യു.ഡി/ ബി.പി.എൽ വിഭാഗങ്ങൾക്ക് 3500 രൂപ. ഓൺലൈനായി ഫീസ് അടക്കാം.
വിശദ വിവരങ്ങൾക്ക്: www.nuals.ac.in, www.consortiumofnlus.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

