നീറ്റ് യോഗ്യത നേടിയ എല്ലാവരും ഡോക്ടർമാരാകുമോ?
text_fields2025ലെ നീറ്റ് യു.ജി പരീക്ഷ അൽപം കടുപ്പമായിരുന്നു. ഒന്നാംറാങ്ക് നേടിയ വിദ്യാർഥിക്ക് കിട്ടിയത് 686 മാർക്കാണ്. മുൻ വർഷങ്ങളിൽ ഒന്നാംറാങ്കുകാർക്ക് മുഴുവൻ മാർക്കും ലഭിച്ചിരുന്ന സാഹചര്യത്തിലാണിത്.
22.09 ലക്ഷം വിദ്യാർഥികളാണ് ഈ വർഷം നീറ്റ് പരീക്ഷ എഴുതിയത്. അതിൽ 12. 36 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടി. കഴിഞ്ഞവർഷം 13.15 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടിയിരുന്നു.
യോഗ്യത നേടിയ എല്ലാവർക്കും എം.ബി.ബി.എസ് സീറ്റ് ലഭിക്കുമോ എന്നതാണ് അടുത്ത കടമ്പ.
2025-26ലെ നാഷനൽ മെഡിക്കൽ കമ്മീഷന്റെ കണക്കനുസരിച്ച് രാജ്യത്തെ 780 മെഡിക്കൽ കോളജുകളിലായി 1,18,190 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്. എയിംസ്, ജിപ്മെർ, സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയാണ് ഈ കണക്ക്.
അതിനർഥം നീറ്റ് യോഗ്യത നേടിയ എല്ലാവർക്കും എം.ബി.ബി.എസിന് പഠിക്കാനാവില്ല എന്നു തന്നെ.
സീറ്റ് കിട്ടാത്തവരിൽ കുറെ പേർ വിദേശത്ത് എം.ബി.ബി.എസ് പഠിക്കാൻ പോകും. മറ്റുള്ളവർ എം.ബി.ബി.എസ് അല്ലാത്ത മറ്റ് മെഡിക്കൽ കോഴ്സുകൾ സ്വീകരിക്കും. എം.ബി.ബി.എസിനു തന്നെ പഠിക്കണമെന്ന് വാശിയുള്ളവർ വീണ്ടും നീറ്റ് പരീക്ഷയെഴുതാൻ തയാറാകും.
ഏറ്റവും കൂടുതൽ എം.ബി.ബി.എസ് സീറ്റുകളുള്ള അഞ്ച് സംസ്ഥാനങ്ങൾ
ഇന്ത്യയിൽ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ എം.ബി.ബി.എസ് സീറ്റുകളുള്ളത്. തമിഴ്നാട്ടിൽ 11,725 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്. സർക്കാർ-സ്വകാര്യ മെഡിക്കൽ കോളജുകളിലെ ആകെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണമാണിത്. 11,225 സീറ്റുകളുമായി ഉത്തർ പ്രദേശ് ആണ് രണ്ടാംസ്ഥാനത്ത്. കർണാടകയും(11,045) മഹാരാഷ്ട്രയും(10,595) തെലങ്കാനയുമാണ്(8540) തൊട്ടുപിന്നിലുള്ളത്.
ഈ അഞ്ച് സംസ്ഥാനങ്ങളിലുമായി 53,000 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്. അതായത് രാജ്യത്ത് ആകെയുള്ള എം.ബി.ബി.എസ് സീറ്റുകളുടെ 45 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.
ഇനി ഏറ്റവും കുറവ് എം.ബി.ബി.എസ് സീറ്റുകളുള്ള സംസ്ഥാനങ്ങളുടെ പട്ടിക നോക്കാം.
അരുണാചൽ പ്രദേശ് -50 സീറ്റ്
മേഘാലയ -50 സീറ്റ്
ആൻഡമാൻ നിക്കോബാർ ദീപുകൾ -114 സീറ്റ്
ദാദ്ര ആൻഡ് നഗർ ഹാവേലി -117 സീറ്റ്
സിക്കിം -150 സീറ്റ്
ഈ സംസ്ഥാനങ്ങളിൽ ചിലതിൽ സർക്കാർ മെഡിക്കൽ സീറ്റുകളുടെ എണ്ണം വളരെ കുറവാണ്.
മെഡിക്കൽ സീറ്റുകളുടെ എണ്ണം പോലെ പ്രധാനമാണ് സർക്കാർ, സ്വകാര്യ കോളജുകളിലെ ഫീസ് അന്തരവും. എന്നാൽ സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റുകളുടെ എണ്ണം കുറവായതിനാൽ സ്വകാര്യ മെഡിക്കൽ കോളജുകളെ ആശ്രയിക്കുകയാണ് പലരുടെയും മുന്നിലെ ഏക വഴി.
അഞ്ചര വർഷത്തെ എം.ബി.ബി.എസ് കോഴ്സിന് സർക്കാർ മെഡിക്കൽ കോളജുകളിൽ 20,000 മുതൽ ഒന്നര ലക്ഷം വരെയാണ് വാർഷിക ട്യൂഷൻ ഫീസ്.
ഒരു ലക്ഷം മുതൽ 7 ലക്ഷം വരെയാണ് ആകെ ചെലവ്.
എന്നാൽ സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഫീസ് ഇതിന്റെ എത്രയോ ഇരട്ടി വരും. ഏകദേശ കണക്കെടുത്താൽ വാർഷിക ഫീസ് 10 ലക്ഷം മുതൽ 25 ലക്ഷം വരെ വരും. സ്വകാര്യ മേഖലയിൽ അഞ്ചര വർഷത്തെ കോഴ്സ് പൂർത്തിയാക്കാൻ 50 ലക്ഷം മുതൽ ഒന്നര കോടി വരെ ചെലവു വരും.
ഇതിലും കൂടുതലാണ് ഡീംഡ് മെഡിക്കൽ യൂനിവേഴ്സിറ്റികളിലെ ഫീസ്.
എയിംസിലും ജിപ്മെറിലും സീറ്റ് കിട്ടുന്നവർക്ക് പ്രതിവർഷം 10,000 രൂപ മാത്രമേ ചെലവാകുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

