ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (IGNOU) പരീക്ഷ മൂല്യ നിർണയത്തിൽ വ്യാപക ക്രമക്കേട് ; പരാതിയുമായി വിദ്യാർഥികൾ
text_fieldsRepresentational Image
കോഴിക്കോട്: ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പരീക്ഷ മൂല്യ നിർണയത്തിൽ വ്യാപക ക്രമക്കേടെന്ന് പരാതി. യൂണിവേഴ്സിറ്റിയുടെ മൂല്യ നിർണയത്തിൽ കൂട്ടത്തോൽവിയെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. കൃത്യമായ ഉത്തരങ്ങൾ നൽകിയ വിദ്യാർഥികൾ പോലും കൂട്ടത്തോൽവിക്ക് ഇരയാവുന്നു. പുനർ മൂല്യനിർണയം നടത്തിയതിലൂടെ തോറ്റ വിഷയങ്ങളിൽ വിദ്യാർഥികൾ വിജയിച്ചതും ഉയർന്ന മാർക്ക് ലഭിച്ചതുമാണ് യൂണിവേഴ്സിറ്റിയുടെ കുത്തഴിഞ്ഞ മൂല്യ നിർണയം പുറത്ത് കൊണ്ടുവന്നത്.
പരീക്ഷയിൽ തോറ്റ വിദ്യാർഥികൾ നടത്തിയ അന്വേഷണത്തിലാണ് പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും ഒരേ പാറ്റേണിൽ പരാജയപ്പെടുന്നതായി കണ്ടെത്തിയത്. കൂടാതെ അധ്യാപകർ മൂല്യനിർണയ ക്യാമ്പുകളിൽ എത്താതെ ഉത്തരകടലാസുകൾ വീടുകളിൽ മൂല്യനിർണയം നടത്തുന്നത് ക്രമക്കേടിന് കാരണമായെന്നും ചൂണ്ടിക്കാണിക്കുന്നു. ഉത്തര കടലാസുകൾ പരിശോധിക്കുന്നതിന് അധ്യാപകരുടെ മേൽ അമിത ഭാരം ചുമത്തുന്നതും ഒരു അധ്യാപകന് 200ഉം 300ഉം ഉത്തര കടലാസുകൾ നൽകുന്നതും മൂല്യനിർണയത്തിന്റെ വിശ്വാസ്യതയെ തകർത്തു.
2022ൽ ഇഗ്നോ നടത്തിയ എം.ബി.എ (പി.ജി), യു.ജി പരീക്ഷകൾക്കു പോലും മതിയായ മാർക്ക് നൽകാതെയും കൂട്ടത്തോൽവി പ്രഖ്യാപിച്ചും വിദ്യാർഥികളെ യൂണിവേഴ്സിറ്റി അധികൃതർ കബിളിപ്പിച്ചു. എന്നാൽ, ഈ വർഷവും യൂണിവേഴ്സിറ്റി അതേ രീതി തുടർന്നു. മികച്ച രീതിയിൽ പരീക്ഷയെഴുതിയവരെ പോലും നിരാശരാക്കി. പുനർ മൂല്യനിർണയത്തിന് 750 രൂപയും ഉത്തരക്കടലാസിന്റെ പകർപ്പിനായി 100 രൂപയും ഈടാക്കുന്ന യൂണിവേഴ്സിറ്റി ഇപ്പോൾ വിദ്യാഭ്യാസം കച്ചവടമാക്കാനാണ് ശ്രമിക്കുന്നത്.
ശരിയായ ഉത്തരങ്ങൾക്കു മതിയായ മാർക്ക് നൽകാതെയും അലക്ഷ്യമായി മാർക്ക് നൽകിയുമെല്ലാം വിദ്യാർഥികളെ യൂണിവേഴ്സിറ്റി വഞ്ചിച്ചു. 25 പേപ്പർ അടങ്ങുന്ന ബുക്ക് ലെറ്റിൽ ഉൾപേജുകളിൽ മാർക്കുകൾ മിക്കവരിലും രേഖപ്പെടുത്തിയില്ല എന്നും വിദ്യാർഥികൾ പറയുന്നു. ഇത് മൂല്യനിർണയത്തെ സംശയനിഴലിലാക്കുന്നെന്നും വിദ്യാർഥികൾ പറഞ്ഞു. നിലവിൽ റീജിയണൽ സെന്ററോ യൂണിവേഴ്സിറ്റി അധികാരികളോ ഈ വിഷയത്തിൽ പരിശോധന നടത്തുകയോ വിദ്യാർഥികൾക്ക് പരാതി നൽകാനോ ഉള്ള വേദി ഒരുക്കുന്നില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. മുൻപും ധാരാളം പരാതികൾ പുറത്തു വന്നിരുന്നെങ്കിലും കോവിഡിന് ശേഷം സ്ഥിതി കൂടുതൽ വഷളായി. യൂണിവേഴ്സിറ്റി അധികാരികൾ ഇപ്പോഴും ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല. പല തവണ പരാതി നൽകിയിരുന്നെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മൗനം തുടരുകയാണ്.
പുനർ മൂല്യ നിർണയത്തിലൂടെ പരീക്ഷ എഴുതുന്നതിന്റെ നാലിരട്ടി ഫീസാണ് നിലവിൽ യൂണിവേഴ്സിറ്റി വിദ്യാർഥികളിൽ നിന്നും ഈടാക്കുന്നത്. ഒന്നിൽ കൂടുതൽ വിഷയത്തിൽ കൂടുതൽ പുനർ മൂല്യനിർണയം നടത്തുകയാണെങ്കിൽ ഫീസ് ഭീമമായ തുകയാകും. യൂണിവേഴ്സിറ്റി അധികൃതരുടെ നിരുത്തരപരമായ മൂല്യനിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 160 വിദ്യാർഥികൾ ഇഗ്നോയുടെ വൈസ് ചാൻസലർക്ക് കൂട്ടപരാതി ഇതിനോടകം നൽകിയിട്ടുണ്ട്.
കൂടാതെ, പരാതിയുടെ പകർപ്പ് യു.ജി.സി, ഡിസ്റ്റന്റ് എഡ്യൂക്കേഷൻ ബ്യുറോ, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഇഗ്നോയുടെ ഇവാലുവേഷൻ ക്യാമ്പുകൾ എന്നിവർക്കും അയച്ചിട്ടുണ്ട്. കൂടാതെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും വിദ്യാർഥികൾ പരാതികൾ നൽകിയിട്ടുണ്ട്. തൊഴിലിനിടയിലും, സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഒരു ഡിഗ്രി സ്വന്തമാക്കുക എന്ന ഒരു വിദ്യാർത്ഥിയുടെ സ്വപ്നവും, ലക്ഷ്യവുമാണ് നിരുത്തരപരമായ നടപടിയിൽ പൊലിഞ്ഞു പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

