വാട്ടർ അതോറിറ്റി അസി. എൻജിനീയർ പരീക്ഷ; സിവിൽ വിഭാഗത്തിനുള്ള അധിക പരിഗണന തിരുത്തി പി.എസ്.സി
text_fieldsകോഴിക്കോട്: കേരള വാട്ടർ അതോറിറ്റി അസി. എൻജിനീയർ തസ്തികയിലേക്കുള്ള പരീക്ഷയുടെ സിലബസിൽ സിവിൽ വിഭാഗത്തിന് കൂടുതൽ പരിഗണനയെന്ന ആക്ഷേപം തിരുത്തി പി.എസ്.സി. സിവിൽ, മെക്കാനിക്കൽ, കെമിക്കൽ എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന തരത്തിൽ 137/2022 കാറ്റഗറി നമ്പറായി മേയ് അഞ്ചിന് അപേക്ഷ ക്ഷണിച്ച പരീക്ഷയുടെ സിലബസിലാണ് സിവിൽ എൻജിനീയറിങ് വിഭാഗത്തിന് അധിക പരിഗണന നൽകിയിരുന്നത്.
വിവിധ കോണുകളിൽനിന്ന് ഇക്കാര്യത്തിൽ ആക്ഷേപം ഉയർന്നതോടെ ജൂലൈ 24ന് ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു.
വിഷയം പി.എസ്.സി ഉദ്യോഗാർഥികളിൽ ചിലർ ചെയർമാന്റെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. തുടർന്നാണ് സിലബസ് പരിഷ്കരിച്ച് ഉത്തരവിറക്കിയത്.
നേരത്തെ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽനിന്ന് 60 മാർക്കിനും മെക്കാനിക്കൽ-25, കെമിക്കൽ-15 എന്ന നിലയിലുമാവും ചോദ്യങ്ങളുണ്ടാവുകയെന്നാണ് അറിയിച്ചതെങ്കിൽ ഇപ്പോൾ സിവിൽ, മെക്കാനിക്കൽ, കെമിക്കൽ വിഭാഗങ്ങൾക്ക് 25 ശതമാനം വീതം പരിഗണനയാണ് നൽകിയത്. ബാക്കി 25 ശതമാനം ജോബ് റിലേറ്റഡുമാക്കി മാറ്റുകയും ചെയ്തു. മുമ്പുകാലങ്ങളിൽ മൂന്ന് വിഭാഗങ്ങൾക്കും അപേക്ഷിക്കാവുന്ന പരീക്ഷക്ക് മൂന്നു വിഭാഗത്തിൽ നിന്നും തുല്യമായാണ് ചോദ്യങ്ങളുണ്ടായിരുന്നത്. അവസാന അപേക്ഷയിലാണിപ്പോഴിതിന് മാറ്റം വന്നത്.
വിവിധ ജില്ലകളിലായി നിലവിൽ 64 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. അരലക്ഷത്തിലധികം പേരാണ് പരീക്ഷയെഴുതാൻ അപേക്ഷിച്ചത്. ഒക്ടോബർ 15നാണ് നേരത്തെ പരീക്ഷ നിശ്ചയിച്ചതെങ്കിൽ ഇത് നവംബറിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.