വി.ടി.യുവിൽ എ.ഐ അധിഷ്ഠിത ചോദ്യപേപ്പർ വരുന്നു
text_fieldsബംഗളൂരു: വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയിൽ(വി.ടി.യു) ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) അധിഷ്ഠിത ചോദ്യപേപ്പറുകൾ തയാറാക്കാൻ പദ്ധതി. എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള ചോദ്യ പേപ്പറുകളാണ് തയാറാക്കുന്നത്. ചോദ്യപേപ്പറിന്റെ കാര്യത്തിലും ഉത്തരപേപ്പറുകൾ മൂല്യനിർണയം ചെയ്യുന്ന കാര്യത്തിലും സംസ്ഥാനത്തുടനീളം ഒരേ രീതി കൈക്കൊള്ളണമെന്നതിനാലാണ് തീരുമാനമെന്ന് വി.ടി.യു വൈസ് ചാൻസലർ എസ്. വിദ്യാശങ്കർ പറഞ്ഞു. ഏതാനും കമ്പനികളും ഗവേഷകരും സഹായവുമായി മുന്നോട്ടുവരുകയും മാതൃകകൾ നൽകുകയും ചെയ്തുവെന്നും ഇവ പരിശോധിച്ച ശേഷം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർവകലാശാലയിൽ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്താൽ ഉത്തരപേപ്പറുകൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കമ്പ്യൂട്ടറുകൾ സ്കാൻ ചെയ്ത് മൂല്യനിർണയം നടത്തുന്നു. ഇതുവഴി പരീക്ഷഫലം പെട്ടെന്ന് പ്രസിദ്ധീകരിക്കാൻ സാധിക്കുന്നു. ചോദ്യപേപ്പറുകൾ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് സർവകലാശാല നിരവധി മാർഗ നിർദേശങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഒരേ ഉത്തരപേപ്പറുകൾ രണ്ടു വ്യക്തികൾ മൂല്യനിർണയം നടത്തുമ്പോൾ ഒരേ ഉത്തരത്തിന് തന്നെ വ്യത്യസ്ത മാർക്കുകളായിരിക്കും ലഭിക്കുക.
രണ്ട് പേരും നൽകിയ മാർക്കുകൾ തമ്മിൽ 15 മാർക്കിന്റെ വ്യത്യാസമുണ്ടെങ്കിൽ മാത്രമേ മൂല്യനിർണയം നടത്തിയ വ്യക്തിയെ ശിക്ഷിക്കാൻ സാധിക്കുകയുള്ളൂ. ചില സ്വകാര്യ സർവകലാശാലകൾ എ.ഐ സാങ്കേതികവിദ്യ എം.ബി.എ കോഴ്സിന് ഉപയോഗിച്ചിരുന്നുവെങ്കിലും പൂർണ തോതിൽ വിജയം കണ്ടില്ല.
ചോദ്യപേപ്പറുകൾ തയാറാക്കാൻ എളുപ്പമാണെങ്കിലും മൂല്യനിർണയ പ്രക്രിയ എളുപ്പമല്ല. സിലബസും നിബന്ധനകളും നൽകിയാൽ എ.ഐക്ക് ചോദ്യപേപ്പറുകൾ തയാറാക്കാൻ സാധിക്കും. എങ്കിലും മൂല്യനിർണയം നടത്തുകയെന്നത് വെല്ലുവിളി തന്നെയാണ്. വി.ടി.യു സപ്ലിമെന്ററി പരീക്ഷകളിൽ എ.ഐ സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്നും 100 ശതമാനം വിജയം കണ്ടാൽ മാത്രമേ ഈ രീതി അവലംബിക്കുകയുള്ളൂവെന്നും ഇത് സംബന്ധിച്ച് വ്യക്തമായ തീരുമാനത്തിലെത്താൻ ഒരു വർഷം കൂടി വേണമെന്നും വൈസ് ചാൻസലർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

